You are Here : Home / പറയാന്‍ മറന്നത്

ജോസ്പ്രകാശും സൈക്കോയും കോമ്പാറമുക്കിലെ എഗ്രിമെന്റും

Text Size  

Story Dated: Saturday, March 24, 2018 09:56 hrs UTC


ഓർമ്മക്കുറിപ്പ്

പി. ടി. പൗലോസ് 

അഭിനയകലയിലെ ചടുലപ്രതിഭ, മലയാള സിനിമയുടെ സുവര്‍ണകാലത്ത് നിറഞ്ഞുനിന്ന പ്രതിനായക വ്യക്തിത്വം, വിഭജന കാലത്ത് സൈന്യത്തിലായിരുന്നപ്പോൾ മഹാത്മാഗാന്ധിയുടെ അംഗരക്ഷകൻ സാക്ഷാൽ ജോസ്പ്രകാശ് എന്ന അനുഗ്രഹീത കലാകാരൻ വിട പറഞ്ഞിട്ട് മാർച്ച് ഇരുപത്തിനാലിന്‌ ആറു വർഷം തികയുകയാണ്. കോട്ടയംകാരൻ കെ. ബേബി ജോസഫ് എന്ന വിമുക്ത ഭടന്റെ ഉള്ളിൽ ഒരു കലാകാരൻ ഒളിച്ചിരിപ്പുണ്ട് എന്ന് തിരിച്ചറിഞ്ഞത് തിക്കുറിശ്ശി സുകുമാരൻ നായർ എന്ന എക്കാലത്തെയും സര്‍വ്വകലാവല്ലഭനാണ്. പല സിനിമകളിലും അഭിനയിച്ചെങ്കിലും നാടകാഭിനയവും ഗാനാലാപനവുമായി കലാരംഗത്തു നിലയുറപ്പിക്കുവാൻ ശ്രമിച്ച ബേബി ജോസഫിന് ജോസ്പ്രകാശ് എന്ന പേര് നൽകി മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കൈ പിടിച്ചുയർത്തിയത് തിക്കുറിശ്ശിയാണ്. അക്കാലത്തു 1963 ല്‍ നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രമണ്യം മുട്ടത്തു വർക്കിയുടെ തിരക്കഥയിൽ സ്നാപകയോഹന്നാൻ സിനിമയാക്കുന്നു. ടൈറ്റിൽ റോളിൽ സ്നാപകയോഹന്നാൻ ആയി സുബ്രമണ്യം സ്വാമിയോട് തിക്കുറിശ്ശി നിർദേശിച്ചത് ജോസ്പ്രകാശിനെയാണ്. സ്വാമി അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ആ സിനിമയിൽ ജോസ്പ്രകാശ് സ്നാപകയോഹന്നാൻ എന്ന നായക കഥാപാത്രമായി തിളങ്ങി. പ്രേംനസീർ, തിക്കുറിശ്ശി, എസ്. പി. പിളള, മിസ്സ്‌കുമാരി , അടൂർ പങ്കജം എല്ലാം സഹനടീനടന്മാർ. സ്നാപകയോഹന്നാൻ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തു പണം വാരിയെങ്കിലും ജോസ്പ്രകാശിന്‌ സാമ്പത്തിക നേട്ടമൊന്നും ഉണ്ടായില്ല. പ്രതിസന്ധികളിൽ തളരാതെ ആത്മധൈര്യവും കലക്ക് വേണ്ടിയുള്ള സ്വയം സമർപ്പണവും കൊണ്ട് മുന്നൂറില്പരം സിനിമകളിലൂടെ ജോസ്പ്രകാശ്  മലയാളികളുടെ അനശ്വരകാലാകാരനായി.

ഒരു നാടക സിനിമ നടനല്ലാത്ത ജോസ്പ്രകാശ് എന്ന പച്ച മനുഷ്യന്റെ ഹ്രദയവിശാലതയാണ് ഈ ഓർമ്മക്കുറിപ്പ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. അറുപതുകളുടെ പകുതിയിൽ നാടകഭ്രാന്തും ജീവിതമാർഗത്തിന്‌ ഒരു ട്യൂട്ടോറിയൽ കോളേജുമായി കൂത്താട്ടുകുളത്തു കഴിഞ്ഞ ഒരു ഭൂതകാലമുണ്ടായിരുന്നു എനിക്ക്. ക്‌ളാസ്സില്ലാത്ത ഒരു ദിവസം ഞാൻ ഓഫീസിലിരിക്കുമ്പോൾ എന്റെ ഒരു സുഹൃത്ത് അയാളുടെ സുഹൃത്തായ ജോസ്പ്രകാശുമായി എന്റെ ഓഫീസിൽ വന്നു. ജോസ്പ്രകാശ് എന്ന സിനിമ നടനെ ഞാൻ ആദ്യമായി പരിചയപ്പെട്ടു. സ്നാപകയോഹന്നാൻ ഞാൻ രണ്ടു പ്രാവശ്യം കണ്ടതുകൊണ്ട് അല്പം ആരാധനയും കൂടി. ഞങ്ങളുടെ ട്യൂട്ടോറിയൽ കോളേജിന്റെ പരിതാപകരമായ അവസ്ഥയും സയൻസ് വിഷയങ്ങൾക്ക് ഒരു ലാബ് ഇല്ലാത്തതിനാൽ കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എല്ലാം പൊതുവായി സംസാരിക്കുന്നതിനിടയിൽ ഒരു ജാഡയുമില്ലാതെ ഞാൻ പറഞ്ഞു. അപ്പോൾ ജോസ്പ്രകാശ് ഒരു നിർദേശം വച്ചു. കോളേജ് ലാബിന്റെ ധനശേഖരണാർത്ഥം ഒരു നാടകം നടത്താം . നാടകഭ്രാന്തനായ ഞാൻ സമ്മതിക്കുകയും ചെയ്തു. ജോസ്പ്രകാശിന്‌ അന്ന് കോട്ടയം നാഷണൽ തീയേറ്റേഴ്സ് എന്ന നാടക ട്രൂപ്പുണ്ട്. ''സൈക്കോ'' എന്ന പോലീസ് കഥയാണ് ആ വർഷത്തെ നാടകം. അദ്ദേഹം കഥ പറഞ്ഞു. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. നാടകാവതരണത്തിന് എഴുന്നൂറ്റന്പത് രൂപ കൊടുക്കണം. ടിക്കറ്റ് വച്ച് നടത്തുമ്പോൾ കുറെ ലാഭമുണ്ടാക്കാം എന്ന് കണക്കുകൂട്ടി. നാടകം ബുക്ക് ചെയ്യാൻ പിറ്റേദിവസം എറണാകുളത്തു വച്ച് കാണാമെന്ന ഉറപ്പോടെ ഞങ്ങൾ പിരിഞ്ഞു.

എറണാകുളത്തെ കോബാറമുക്ക് കള്ളുഷാപ്പ് തെങ്ങിൻകള്ളിനും കരിമീൻകറിക്കും അന്ന് പ്രസിദ്ധമാണ്.  ഞാനും എന്റെ ഒരു സുഹൃത്തും ജോസ്പ്രകാശും അവിടെയാണ് സമ്മേളിച്ചത് .  നുരഞ്ഞു പൊങ്ങുന്ന തെങ്ങിൻകള്ളിന്റെ ലഹരിയിൽ പൊള്ളിച്ച കരിമീനിന്റെ രുചിയിൽ ഞങ്ങൾ കൂടുതൽ അടുക്കുക ആയിരുന്നു. ആകാശത്തിനു കീഴെയുള്ള മിക്ക വിഷയങ്ങളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. രാവിലെ പത്തുമണിക്ക് തുടങ്ങിയ നാടക ബുക്കിങ് വൈകുന്നേരം നാലുമണി വരെ നീണ്ടു. ഷാപ്പിലെ പറ്റ് ഞാൻ തീർത്തതുകൊണ്ടു നാടകത്തിന് അഡ്വാൻസ് കൊടുക്കാൻ പറ്റിയില്ല. എന്നാൽ നാടകത്തുക ഞങ്ങളോടുള്ള പ്രത്യേക പരിഗണനയിൽ അഞ്ഞൂറുരൂപയാക്കി കുറച്ചു തന്നു.

നാടക ദിവസമെത്തി. നല്ല പബ്ലിസിറ്റി കൊടുത്തതുകൊണ്ടും കോളേജ് ലാബിന്റെ ധനശേഖരണാര്ഥമായതുകൊണ്ടും തിയേറ്റർ ഹാൾ ഹൗസ് ഫുള്‍ ആയിരുന്നു. ഞങ്ങൾ തമ്മിലുള്ള അടുത്ത ബന്ധം കൊണ്ടാകണം നാടകത്തിനു മുൻപ് പണമാവശ്യപ്പെട്ടില്ല. നാടകം വൻവിജയം. ജോസ്പ്രകാശും കോട്ടയം നാരായണനും ശ്രീമൂലനഗരം വിജയനും നടി സുജാതയുമെല്ലാം തകർത്തഭിനയിച്ചു . കോളേജിലെ കുട്ടികളെ ആണ് ടിക്കറ്റ് കൗണ്ടറിൽ ഇരുത്തിയത്. നാടകം തുടങ്ങിയപ്പോൾ മുഴുവൻ കളക്ഷനുമായി കുട്ടികൾ മുങ്ങി. ട്രൂപ്പ് മാനേജർ നാടകം കഴിഞ്ഞ് എന്നോട് പണമാവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ ഒന്നുമില്ല. എന്റെ നിസ്സഹായത കണ്ട് ജോസ്പ്രകാശ് നാടക വാനുമായി സ്ഥലം വിട്ടു. കാരണം എന്നെ പരിചയപ്പെട്ടത് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തിൽ കൂടിയാണല്ലോ.

കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിലെ ഉപയോഗ ശൂന്യമായ ടെസ്റ്റ് ട്യൂബുകളും വീട്ടിൽ റബ്ബർ പാൽ പ്രോസസ്സ് ചെയ്‌യാൻ വച്ചിരുന്ന സള്‍ഫൂരിക്ക് ആസിഡും വടകര കത്തോലിക്കാ പള്ളി ശവക്കോട്ടയിലെ അസ്ഥിക്കുഴിയിൽ നിന്നും വികാരിയച്ചനറിയാതെ പാതിരാത്രിയിൽ ഞങ്ങൾ മോഷ്ടിച്ച മനുഷ്യന്റെ തലയോട്ടികളും തുടയെല്ലുകളും കൊണ്ട് രണ്ടു ദിവസത്തിനകം സയൻസ് ലാബ് ഞങ്ങൾ ഉൽഘാടനം ചെയ്തു.

പിന്നീട് ജോസ്പ്രകാശ് സിനിമയിൽ
തെരക്കായപ്പോൾ ഞാൻ ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല. 2005 ല്‍ ഞാൻ എറണാകുളത്തു ജോലി ചെയ്യുമ്പോഴാണ് അറിയുന്നത് അദ്ദേഹം പ്രമേഹ രോഗിയായി വലതു കാൽ മുറിച്ചു മകന്റെ വീട്ടിൽ
ആണെന്ന്. ഞാൻ വളഞ്ഞമ്പലത്തു ചിറ്റൂർ റോഡിലുള്ള പ്രകാശ്‌ ഭവനിൽ എത്തി. നാൽപ്പത് വർഷത്തിന് ശേഷം കണ്ടപ്പോൾ ആദ്യം മനസ്സിലായില്ലെങ്കിലും കൂത്താട്ടുകുളത്തെ സൈക്കോ നാടകാവതരണത്തിന്റെ കാര്യം പറഞ്ഞപ്പോൾ എന്നെ അദ്ദേഹത്തിന്റെ കട്ടിലിൽ പിടിച്ചിരുത്തി. അപ്പോൾ മകന്റെ ഭാര്യ രണ്ടു കപ്പു ചായയുമായി എത്തി. പിന്നീടാണ് ഞാൻ കോബാറമുക്ക് കള്ളുഷാപ്പിലെ എഗ്രിമെന്റിന്റെ കഥ പറയാൻ തുടങ്ങിയത്. കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ അദ്ദേഹം ഗതകാലങ്ങളിലൂടെ മനസ്സുകൊണ്ട് ഒരു മടക്കയാത്ര നടത്തി. അവസാനകാലത്തു ഇതുപോലുള്ള കഥകൾ പറയുവാൻ സുഹൃത്തുക്കൾ എത്തുന്നില്ലല്ലോ എന്ന് പറഞ്ഞ് വിഷാദത്തോടെ എന്നോട് യാത്ര പറയുമ്പോൾ എന്റെ ഉള്ള് നിറഞ്ഞു - ഒരു നല്ല ദിവസം ഈ വലിയ മനുഷ്യന് കൊടുക്കാൻ കഴിഞ്ഞല്ലോ എന്ന ആത്മസംതൃപ്ത്തിയില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.