You are Here : Home / അഭിമുഖം

ജിമിക്കി കമ്മൽ വന്ന വഴി

Text Size  

Geethu Thambi

Aswamedham News Team

Story Dated: Tuesday, September 19, 2017 08:26 hrs EDT

മലയാളിയുടെ കലാസ്വാദനത്തെയൊട്ടാകെ കട്ടോണ്ടു പോയിരിക്കുകയാണ് ജിമിക്കി കമ്മൽ പ്രളയം. സാമൂഹ്യ മാധ്യമങ്ങളിൽ ജിമിക്കി കമ്മൽ തകർക്കുമ്പോഴും ഈ ഡാൻസിന്റെ പശ്ചാത്തലം ഏതാണെന്നത് അധികമാർക്കും അറിയാത്ത വസ്തുതയാണ്. കൊച്ചിയിലെ നിർമൽ ഇൻഫോപാർക്കിൽ ആണ് ജിമിക്കി കമ്മൽ ചുവടു വെച്ചിട്ടുള്ളത്. ഇതിന്റെ ശിൽപ്പി ആകട്ടെ ഒരു പ്രവാസിയും. കൊച്ചി ഇൻഫോപാർക്കിലെ ഇന്ത്യൻ സ്‌കൂൾ ഓഫ് കൊമേഴ്‌സിലെ അദ്ധ്യാപകരും, വിദ്യാർത്ഥികളും ചേർന്ന തയ്യാറാക്കിയ നൃത്ത വീഡിയോ ചിത്രീകരിച്ചിരിക്കുന്ന കൊച്ചിയിലെ നിർമൽ ഇൻഫോ പാർക്ക് അമേരിക്കൻ മലയാളിയായ ജോൺ ടൈറ്റസിന്റേതാണ്. ഇദ്ദേഹമാണ് കമ്പനിയുടെ ചെയർമാൻ. മറ്റൊരു പ്രവാസിയായ സ്റ്റീഫൻ പുതുമണയാണ് മാനേജിങ് ഡയറക്ടർ.1.30 കോടിയിലധികം പേരാണ് നിർമലിൽ ചുവടു വെച്ച ജിമിക്കി കമ്മൽ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത്. കേരളത്തിന്റെ ഐടി ഹബ്ബായ കാക്കനാട് തന്നെയാണ് നിർമൽ ഇൻഫോപാർക്കും സ്ഥിതിചെയ്യുന്നത്. കിൻഫ്ര വ്യവസായ മേഖലയിൽ ഏഴ് ഏക്കറിലായി പരന്നു കിടക്കുന്ന നിർമൽ ഇൻഫോപാർക്കിനെയാണ് ഷിറിൽ ജി.കടവത്തും അന്ന ജോർജും ജിമിക്കി കമ്മലിനു ചുവടു വയ്ക്കാനായി തിരഞ്ഞെടുത്തത്.വെളിപാടിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിലെ ഗാനത്തെ ആസ്പദമാക്കി ഷിറിൽ.ജി.കടവത്ത്, അന്ന ജോർജ് എന്നിവരാണ് നൃത്തം ചിട്ടപ്പെടുത്തിയത്.

 

 

 

 

 

അതിവിദഗ്ധ നിർമാണ ശൈലിയിൽ അറബിക്കടലിന്റെ തീരത്ത് പരന്നു കിടക്കുകയാണ് ഈ വിവര സാങ്കേതിക കേന്ദ്രം. മൂന്ന് കെട്ടിടങ്ങളിലായാണ് നിർമൽ സ്ഥിതിചെയ്യുന്നത്. പേരു പോലെ തന്നെയാണ് ഇതിന്റെ ഉൾവശവും. അതി വിദഗ്ധരായ ആർക്കിടെക്ടുകളുടെയും പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റുകളുടെയും കയ്യൊപ്പ് മനോഹരമായി പതിപ്പിച്ചിരിക്കുന്നു. ഒപ്പം അത്മാർത്ഥതയുള്ള കോൺട്രാക്ടർമാരുടെ പരിശ്രമം കൂടിയായപ്പോൾ നിർമൽ ഇൻഫോപാർക്കിന് ജിമിക്കി കമ്മലിൽ കാണുന്ന പൂർണത കൈവരികയായിരുന്നു. പൂർണമായും ഫർണിഷ് ചെയ്ത വാസ്തുഭംഗി, ഒപ്പം എയർ കണ്ടീഷനിംഗ്, ലൈറ്റിങ് സിസ്റ്റം തുടങ്ങി എല്ലാവിധ അത്യന്താധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് നിർമൽ ഇൻഫോപാർക്ക് ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദമായി ഒരുക്കിയിരിക്കുന്ന നിർമലിന്റെ അവസാനഘട്ട നിർമാണം പൂർത്തിയാകുന്നത് 2014 ൽ ആണ്. പാർക്കിലേക്ക് ആവശ്യമായ വൈദ്യുതി നൽകുന്നത് കിൻഫ്രയാണ്. പാർക്കിലേക്കാവശ്യമായ ജലവിതരണവും കിൻഫ്രയാണ് നിർവഹിക്കുന്നത്. അതോടൊപ്പം വാർത്താവിനിമയത്തിനുള്ള എല്ലാവിധ അത്യന്താധുനിക സൗകര്യങ്ങളും നിർമ്മൽ ഇൻഫോപാർക്കിൽ സ്ഥാപിച്ചിട്ടുണ്ടന്നതാണ് ഇതിന്റെ പ്രത്യേകത.

 

 

 

 

 

ഇതാണ് വസ്തുതയെങ്കിലും നിർമലിന്റെ പിറവിക്കു പിന്നിൽ അധികമാർക്കുമറിയാത്ത ഒരു സംഭവമുണ്ട്. അമേരിക്കൻ മലയാളിയായ ജോൺ ടൈറ്റസ് നാട്ടിൽ നിന്നും പൈനാപ്പിൾ സംസ്കരിച്ച് വിദേശത്തെത്തിക്കുന്നതിന് തുടങ്ങിയ കമ്പനിയായിരുന്നു നിർമൽ. ആ പരീക്ഷണം പരാജയപ്പെട്ടതോടെ കൊച്ചിയിലെ മികച്ചൊരു വിവര സാങ്കേതിക കേന്ദ്രമായി മാറുകയായിരുന്നു നിർമൽ. ഇതു തന്നെയാണ് പാർക്കിന്റെ ഏറ്റവും വലിയ സവിശേഷതയും.ബോയിങ്ങ് വിമാനങ്ങളുടെ അം ഗീകൃത റിപ്പയര്‍ ഫെസിലിറ്റി തുടങ്ങി എയര്‍ ലൈന്‍ ഇന്‍ ഡസ്റ്റ്രിയില്‍ ശക്തമായ സന്നിദ്ധ്യമായ സിയാറ്റലിലെ എയറോകന്റോള്‍ സിന്റെ ഉടമ കൂടിയാണ്‌ ജോണ്‍ ടൈറ്റസ്. നിർമൽ പാർക്കിന്റെ വിശേഷങ്ങൾ മാത്രമല്ല, ജിമിക്കി കമ്മലിന്റെയും തരംഗം അവസാനിക്കുന്നില്ലെന്നതാണ് വാസ്തവം.

 

 

 

 

അമേരിക്കൻ ടെലിവിഷൻ അവതാരകൻ ജിമ്മി കിമ്മൽ അടക്കമുള്ള പ്രമുഖർ ഈ വീഡിയോയെ അഭിനന്ദിച്ചു രംഗത്തു വന്നതിനു പിന്നാലെ കേരളം വിട്ട് ലോകമെമ്പാടുമുള്ള സാമൂഹ്യ മാധ്യമങ്ങളിലേക്ക് ഇടം പിടിക്കുകയാണ് ഈ നൃത്ത വീഡിയോ. റൂപർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോർപറേഷൻ ലണ്ടൻ കേന്ദ്രമായുള്ള ഇന്റർനാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപറേഷനുമായാണ് ഇതിന് വേണ്ടി കരാർ ഒപ്പിട്ടിരിക്കുന്നത്.ഇന്ത്യൻ സ്‌കൂൾ ഓഫ് കൊമേഴ്‌സിന്റെ പ്രമോട്ടർമാരാണ് ഐഎസ്ഡിസി. കരാർ നിലവിൽ വരുന്നതോടെ ബസ് ഫീഡ്, മാഷബിൾ, എം.എസ് എൻ.എൽ.എൻ, ദ ടുനൈറ്റ് ഷോ, എം.ടി.വി, ദ ന്യൂയോർക്ക് ടൈംസ്, ന്യൂയോർക്ക് പോസ്റ്റ്, സ്കൈ ന്യൂസ്, യൂറോ ന്യൂസ് എന്നി ചാനലുകളിൽ ജിമിക്കി കമ്മൽ നൃത്തച്ചുവടുകളും നിർമൽ ഇൻ ഫോ പാർക്കും കാണാവുന്നതാണ്..... മാത്രമല്ല, സ്ട്രീമിങ്ങിൽ നിന്ന് കിട്ടുന്ന വരുമാനം മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുക എന്നൊരു തീരുമാനം കൂടി ഇതിനു പിന്നിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More