You are Here : Home / അഭിമുഖം

എഴുത്തിന്റെ കരുത്തുമായി ഏഴാം കടലിനക്കരെ

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, September 28, 2017 11:22 hrs UTC

രാജന്‍ ചീരന്‍ അമേരിക്കയിലെ സാഹിത്യകാരന്മാരുടെ സംഘടനയായ ലാനയുടെ പത്താം ദ്വൈ വാർഷിക സമ്മേളനവുമായി ബന്ധപ്പെട്ട് ലാനയുടെ ജനറൽ സെക്രട്ടറിയും ഫൊക്കാനയുടെ മുൻ പ്രസിഡന്റുമായ ജെ മാത്യൂസ് സംസാരിക്കുന്നു അമേരിക്കയിലേക്കുള്ള മലയാള സാഹിത്യത്തിന്റെ കടന്നു വരവ് ഇവിടേക്കുള്ള മലയാളികളുടെ കുടിയേറ്റത്തിനും വളരെ വർഷങ്ങൾക്ക് ശേഷമാണ്. അമേരിക്കയിലേക്ക് മലയാളികൾ കുടിയേറിപ്പാർക്കാൻ തുടങ്ങിയ എഴുപതുകളിൽ വാസ്തവത്തിൽ സാഹിത്യത്തിന്റെ യാതൊരു പ്രവർത്തനവും ഉണ്ടായിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം. ചെറിയ തോതിലുള്ള കഥകളും കവിതകളും എഴുതി അന്നത്തെ മലയാള മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന രീതിയുണ്ടായിരുന്നു. അതിൽനിന്നും വ്യത്യസ്തമായി ജോർജ് മണ്ണിക്കരോട്ടിലിന്റെ നോവലും അദ്ദേഹത്തിന്റെ ലേഖന പരമ്പരയും പുസ്തകരൂപത്തിൽ ഇറങ്ങുകയും അതിന്റെ സ്വാധീനം അമേരിക്കൻ മലയാളികളിൽ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഒരു 25 വർഷം മുൻപ് ഇവിടെ പല നഗരങ്ങളിലും സാഹിത്യവാസനയുള്ളവർ ഒരുമിച്ചു കൂടുകയും സാഹിത്യ വിഷയങ്ങളും കഥകളും മറ്റും ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

 

 

അതിൽ പ്രധാനപ്പെട്ട നഗരങ്ങളാണ് ചിക്കാഗോ, ഡാലസ്, ഹൂസ്റ്റൺ, ന്യൂയോർക്ക്, ഡിട്രോയിറ്റ് തുടങ്ങിയവ. അവിടങ്ങളിലൊക്കെ ചെറിയ ചെറിയ ചാപ്റ്ററുകളിൽ അവർ ഒന്നിച്ചു കൂടുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഒരു കേന്ദ്ര സംഘടന എന്ന നിലയിലാണ് 1997 ൽ ലാന ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക സ്ഥാപിതമാകുന്നത്. അതിന്റെ പ്രവർത്തനവും സാധാരണ ചാപ്റ്ററുകളുടെ പ്രവർത്തനം പോലെ യോഗങ്ങൾ കൂടുകയും സാഹിത്യ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യലായിരുന്നു. സാധാരണഗതിയിൽ രണ്ടുവർഷത്തിലൊരിക്കലാണ് ലാനയുടെ വാർഷിക സമ്മേളനം കൂടുന്നത്. ഈ വർഷം ന്യൂയോർക്കിൽ വച്ചാണ് സമ്മേളനം നടക്കുന്നത്. ഇരുപതാമത്തെ വാർഷികമാണ്. സമ്മേളനം എന്ന രീതിയിൽ പത്താമത്തെ ദ്വൈവാർഷിക സമ്മേളനവുമാണ്. ഇതിനു മുൻപും പല നഗരങ്ങളിലും സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. കേരളത്തിലെ വളരെ പ്രഗൽഭരായ സാഹിത്യകാരന്മാർ പലരും പങ്കെടുത്തിട്ടുമുണ്ട്. കൂട്ടത്തിൽ പ്രൊഫസർ കെ എം തരകൻ, സി രാധാകൃഷ്ണൻ, പുതുശ്ശേരി രാമചന്ദ്രൻ, മണ്‍ര്‍കാട് മാത്യു, ഡോക്ടർ ബി എം സുഹറ, പോൾ സക്കറിയ, ശശി തരൂർ, കെ.എൽ മോഹനവർമ, ജോർജ് ഓണക്കൂർ, എം.എൻ കാരശ്ശേരി, പെരുമ്പടവം ശ്രീധരൻ, ബെന്യാമിൻ, സേതു, പി കെ പാറക്കടവ് ഇവരൊക്കെ ലാനാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രത്യേക ക്ഷണിതാക്കളായി വന്നിട്ടുള്ളവരാണ്.

 

 

ഈ വർഷത്തെ സമ്മേളനത്തിൽ ന്യൂയോർക്കിൽ വരുന്നത് നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ വളരെ പ്രശസ്തി നേടിയിട്ടുള്ള പി എഫ് മാത്യൂസ് ആണ്. ചാവു നിലം എന്ന നോവൽ അദ്ദേഹത്തിന്റേതാണ്. കുട്ടിസ്രാങ്ക് എന്ന സിനിമയുടെ സ്ക്രിപ്റ്റ് റൈറ്റർ എന്ന നിലയിൽ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. ഈ സമ്മേളനത്തിന്റെ പൊതുസ്വഭാവം സാഹിത്യകാരന്മാർ കൂടുകയും പരിചയപ്പെടുകയും ചർച്ചകൾ നടത്തുകയും ചെയ്യുക എന്നതു മാത്രമാണ്. ഇതിനു മറ്റൊരു രാഷ്ട്രീയ, സാമുദായിക സ്വഭാവങ്ങളുമില്ല. ഒരു ഒത്തു കൂടൽ മാത്രമാണ് ഇവിടെയുള്ളത്. ദേശീയ സംഘടനകൾ പോലെ വളരെ വാശിയേറിയ മത്സരങ്ങളും വിപുലമായ ആൾക്കൂട്ടങ്ങളും ഇതിനില്ല. പ്രതീക്ഷിക്കുന്നുമില്ല. ഫൊക്കാനയുടെ ആരംഭത്തിൽ 1977- 1983 കാലഘട്ടത്തിൽ കൂടുതലായും ഭാഷാസാഹിത്യ വിഷയങ്ങൾക്ക് പ്രാധാന്യം കൊടുത്തിരുന്നു. സാഹിത്യകാരന്മാരെയും അതുപോലുള്ള ഭാഷാ പ്രവർത്തകരെയും ആദരിച്ചിരുന്നു. പക്ഷെ കാലം കടന്നു പോയതോടുകൂടി അമേരിക്കയിലെ മലയാളികളുടെ പൊതു സംഘടനകളായ ഫൊക്കാനക്കും വേൾഡ് മലയാളി കൗൺസിലിനുമൊക്കെ അതിന്റേതായ മാറ്റം വന്നിട്ടുണ്ട്. സാഹിത്യത്തിനും ഭാഷയ്ക്കും കൊടുത്തിരുന്ന പ്രാധാന്യം അല്പം കുറഞ്ഞു പോയിട്ടുണ്ട് എന്നത് വാസ്തവമാണ്.

 

 

 

 

അതിന് അവഗണന എന്ന് പറയുന്നതിൽ കാര്യമില്ല. മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കേണ്ടി വന്നതു കൊണ്ട് ഇതിനുള്ള പ്രാധാന്യം കുറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തകരെയും അതുപോലെ തന്നെ സാമൂഹിക പ്രവർത്തകരെയും സാഹിത്യകാരന്മാരെക്കാൾ കൂടുതൽ ക്ഷണിച്ച് അവരുടെ ഉപദേശങ്ങൾ സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. അതുപോലെ ഫൊക്കാന, ഫോമ എന്ന് പറയുന്ന സാമൂഹ്യ സംഘടനകൾ സാഹിത്യ സംഘടനകൾ അല്ല. അവർക്ക് സാഹിത്യ സംഘടനകളെപ്പോലെ തന്നെ പ്രാധാന്യമുള്ള മറ്റു പല വിഷയങ്ങളും കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്. അതുകൊണ്ടുതന്നെ സാഹിത്യത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല എന്ന ഒരു പരാതി സാഹിത്യകാരന്മാർക്ക് ഉണ്ടായിട്ടുണ്ട്. അത് ശരിയാണ്. പക്ഷേ അതൊരു കുറ്റം എന്നു പറയാനോ കുറവ് എന്ന് പറയാനോ സാധ്യമല്ല. മലയാള സാഹിത്യത്തെ സംബന്ധിച്ച് ഏറ്റവും കൂടുതൽ ശ്രദ്ധയിൽ വരുന്നത് വാഷിങ്ടണിൽ വച്ചുനടന്ന ഫൊക്കാന കോൺഫറൻസാണ്. അതിൽ നാട്ടിൽ നിന്ന് ഒട്ടേറെ സാഹിത്യകാരന്മാർ വരികയും ചർച്ചകൾ നടക്കുകയും വളരെ വിജയകരമായ രീതിയിൽ നടപ്പിലാക്കുകയും ചെയ്തിരുന്നു.

 

 

 

 

 

പിന്നീട് വന്ന ഫൊക്കാന കൺവൻഷനിലൊക്കെ സാഹിത്യ പ്രവർത്തകർക്കും ഭാഷാ പ്രവർത്തകർക്കും അല്പാല്പം സ്വാധീനം കുറഞ്ഞ പോവുകയും ഒരു പരിധിവരെയെങ്കിലും അവഗണിക്കപ്പെട്ടു എന്ന തോന്നൽ ഉണ്ടാകുകയും ചെയ്തു. ഒരു പരിധിവരെ അതിൽനിന്നാണ് എന്തുകൊണ്ട് സാഹിത്യകാരന്മാർക്ക് അവരുടേതായ അവരുടേതായ ഒരു സംഘടന ഉണ്ടായിക്കൂടാ എന്നൊരു തോന്നൽ ഉണ്ടായത്. തത്ഫലമായി 1995, 96 കാലങ്ങളിൽ പലയിടങ്ങളിലും ഒത്തുകൂടുകയും ചർച്ച നടക്കുകയും അവസാനം 1997ൽ ലാന എന്ന സംഘടന രൂപമെടുക്കുകയും ചെയ്തത്. നോർത്ത് അമേരിക്കയിലെ മലയാളികളുടെ കൃതികൾക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്. അതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം ഇവിടെയുണ്ടാകുന്ന സാഹിത്യ കൃതികൾ പ്രചോദന കുറവുകൊണ്ടോ പരസ്യ കുറവുകൊണ്ടോ കുറവുകൊണ്ടോ മുഖ്യധാരാ സാഹിത്യ കൃതികൾ പോലെ എടുത്തിട്ടില്ല എന്നതാണ്. അതുപോലെ മലയാളം വായനക്കാർ ഇവിടെ വളരെ കുറവാണ്. ഏതാണ്ട് 5 ലക്ഷം എന്നു പറയുന്ന മലയാളികളിൽ ഒരായിരം പേരുപോലും വായനക്കാർ അല്ല എന്നുള്ളതാണ് സത്യം. പല സ്ഥലത്തും തുടങ്ങിയിട്ടുള്ള ഗ്രന്ഥശാലകൾ പ്രവർത്തനരഹിതമായ അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇവിടത്തെ ആളുകൾക്ക് സ്വാഭാവികമായും സാഹിത്യകൃതികളോടുള്ള ഒരു താൽപര്യക്കുറവ് എന്നത് ഒരു മുഖ്യ ഘടകമാണ്.

 

 

 

 

 

 

അതുപോലെ ഉള്ള സാഹിത്യകാരന്മാരുടെ തന്നെ സർഗ സിദ്ധിയിലുള്ള കുറവ് അംഗീകരിക്കാതെ വയ്യ. കാരണം ഒരു കഥ എഴുതാനും സന്ധിയും സമാസവും ഇല്ലാത്ത നിലയിൽ ഒരു കവിത എഴുതാനും ആർക്കും കഴിയും. സ്വന്തം കയ്യിൽ കാശുണ്ടെങ്കിൽ പ്രസിദ്ധീകരിക്കാനും ഒരു പുസ്തകം ആക്കാനും കഴിയും. വായനക്കാരിൽ ഒരു നല്ല വിഭാഗത്തിന് ഇത് അറിയാം. മറ്റൊരു രീതിയിൽ പറഞ്ഞാൽ കൈയിൽ കാശുണ്ടെങ്കിൽ കഥയില്ലെങ്കിലും കഥ എഴുതി പ്രസിദ്ധീകരിക്കാൻ കഴിവുള്ളവന് ഇന്നു അമേരിക്കൻ മലയാളികളിലുണ്ട്. ഇത് സാഹിത്യത്തിന്റെ വളർച്ചയോ തളർച്ചയോ എന്ന് ചോദിച്ചാൽ രണ്ടും ശരിയാണെന്നു പറയേണ്ടിയിരിക്കുന്നു ഏറെക്കുറെ രണ്ടര കോടി ആളുകൾ ഉള്ള മലയാളികളിൽ ആണ് കേരളത്തിൽ നിന്നും നല്ല എഴുത്തുകാരൻ ഉണ്ടാകുന്നത്. ആദ്യമേ സൂചിപ്പിച്ചതുപോലെ ഇവിടെയുള്ള മലയാളികളെ എല്ലാം കൂടി കൂട്ടിയാൽ അഞ്ച് ലക്ഷത്തോളം മലയാളികളാണുള്ളത്. സ്വാഭാവികമായും സാഹിത്യകാരന്മാരുടെ എണ്ണം വളരെ കുറയും. അവർക്കുതന്നെ സാഹിത്യം എന്നുള്ള ഒരു ജോലി കൊണ്ട് ജീവിക്കാൻ വയ്യാത്ത സാഹചര്യവുമുണ്ട്. സാമാന്യം ഭേദപ്പെട്ട കഥകളും നോവലുകളും ഇവിടെ ഉണ്ടാകുന്നില്ല എന്ന് പറയുന്നില്ല ഉണ്ടാകുന്നുണ്ട് പക്ഷേ അതിന് വേണ്ടത്ര പിൻബലമോ പ്രചാരമോ കിട്ടുന്നില്ലാത്ത ദയനീയമായ അവസ്ഥയും ഉണ്ട്. ഇവിടത്തെ ചില കഥകൾ കേരളത്തിലെ ചില മുഖ്യധാര മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നവയെക്കാൾ നിലവാരമുള്ള വരെയുണ്ട്.

 

 

 

 

 

 

അമേരിക്കയിൽ ഉണ്ടാകുന്ന സാഹിത്യ രചനകൾക്ക് പ്രവാസ സാഹിത്യമെന്ന ഒരു നനഞ്ഞ ഉടുപ്പിട്ട് അവഹേളിച്ച് മാറ്റി നിർത്തുന്ന ഒരു സാഹചര്യം ഉണ്ട്. ഇവിടെ ഉണ്ടാകുന്ന ചില ലേഖനങ്ങൾ ആദ്യം സൂചിപ്പിച്ചതുപോലെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ വരുന്നതിനേക്കാൾ മികച്ചതാണ്. പക്ഷേ വേണ്ടത്ര അംഗീകാരമോ പ്രചാരമോ ലഭിക്കുന്നില്ല എന്നുള്ളത് അതുകൊണ്ടുകൂടിയാണ്. അതുപോലെ ആർക്കും എന്തും എഴുതി പ്രസിദ്ധീകരിക്കാനാവും എന്നുള്ളതും ഒരു വിഷയം തന്നെയാണ്. എല്ലാം ആയി ഇനി സാഹിത്യകാരൻ എന്ന പേരുകൂടി വേണം. അതിന് ഒരു നോവലെഴുതണം എന്നുള്ള രീതിയിൽ ഒരു പ്രസിദ്ധിക്കുവേണ്ടി കടന്നുവരുന്നവരുണ്ട്. എല്ലായിടത്തും അതുണ്ട്. പക്ഷേ ഇവിടെ അത് കുറച്ച് കൂടുതലുണ്ട് എന്നതാണ് വാസ്തവം...

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.