You are Here : Home / അഭിമുഖം

അതിരുകളും നിയന്ത്രണങ്ങളും ഇല്ലാതെ പ്രവർത്തിക്കാൻ സമയം ഉള്ളവര്‍ നേതൃനിരയിലെത്തണം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Tuesday, October 10, 2017 08:11 hrs EDT

ഫൊക്കാനയുമായി ബന്ധപ്പെട്ട് ഒരുപാട് കാലം പ്രവർത്തിച്ചശേഷം സംഘടനയിലേക്ക് വന്ന നേതാവാണല്ലോ താങ്കൾ. ഫൊക്കാന എന്ന പേര് ഉപേക്ഷിച്ച് ഫോമയിലേക്ക്  പോയപ്പോൾ എന്തെങ്കിലും പ്രയാസം അനുഭവപ്പെട്ടിരുന്നോ?

ഫൊക്കാനയുടെ പേര് ഉപേക്ഷിച്ചുപോയതല്ല.  ഒരു കോടതിവിധിയെ തുടർന്ന് ഭൂരിപക്ഷം വരുന്ന അമേരിക്കയിലുള്ള മലയാളി കുടുംബങ്ങൾ ഒന്നടങ്കം ഒരു പുതിയ സംഘടന തന്നെ രൂപീകരിക്കണം എന്ന അഭിപ്രായവുമായി മുന്നോട്ട് വരികയായിരുന്നു. അതിന്റെ ഭാഗമായാണ് 2008 ൽ ഫോമ ആരംഭിക്കുന്നത്.  ഭൂരിപക്ഷം വരുന്ന അമേരിക്കൻ മലയാളികളുടെ താൽപര്യം അതാണെന്ന് ഞങ്ങൾക്ക് ഉറച്ച ബോധ്യം ഉണ്ടായിരുന്നു.

 

പത്തുവർഷംകൊണ്ട് വളർച്ചയിൽ നിങ്ങളുദ്ദേശിച്ച നിലയിലേക്ക് എത്താൻ ഫോമക്ക് സാധിച്ചിട്ടുണ്ടോ?

 

പത്തുവർഷം എന്നത് ഒരു വലിയ കാലയളവല്ല. കുറഞ്ഞ സമയം കൊണ്ട് തന്നെ പലതും ചെയ്തിട്ടുണ്ട്. ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഇതുവരെ വന്നിട്ടുള്ള ഫോമയുടെ എല്ലാ ഭാരവാഹികളും അതേ ഉദ്ദേശ്യലക്ഷ്യത്തോടു കൂടിയാണ്  പ്രവർത്തിച്ചിട്ടുള്ളത്. വളരെ ഭംഗിയായിത്തന്നെ അവർ കാര്യങ്ങൾ നിർവഹിച്ചു കൊണ്ടിരിക്കുന്നുണ്ട്.

 

ഫോമ പോലുള്ള ഒരു സംഘടനയുടെ  തലപ്പത്തേക്ക് വരുമ്പോൾ ഇതുമായി ബന്ധപ്പെട്ട് മുൻ പരിചയം അത്യാവശ്യമാണ് രാഷ്ട്രീയ പ്രവർത്തന രംഗത്ത് വിവിധ രീതിയിൽ താങ്കൾക്ക് മുൻ പരിചയം ഉള്ളയാളാണ് താങ്കൾ. ആ  ഓർമ്മകൾ കൂടി ഒന്നു പങ്കുവയ്ക്കാമോ?

 

പൊതുപ്രവർത്തന രംഗത്തോട് എനിക്ക് വലിയ താൽപര്യമുണ്ടായിരുന്നു. അങ്ങനെ കേരള സ്റ്റുഡൻസ് കോൺഗ്രസ്  കെ എസ് സി യിലൂടെയാണ്  പൊതുപ്രവർത്തന രംഗത്ത് വരുന്നത്. ക്രിസ്ത്യൻ കോളേജിൽ കെ.എസ്.സിയുടെ യൂണിറ്റ് പ്രസിഡന്റ് തുടങ്ങി നിയോജകമണ്ഡലം ഭാരവാഹിത്വം വരെ വഹിച്ചിരുന്നു.

സംഘടനാ രംഗത്തേക്ക് വരുന്നത് സംഘടനയുടെ താഴെത്തട്ടിൽ പ്രവർത്തിച്ചു പരിചയം ഉള്ളവർ, അല്ലെങ്കിൽ എക്സിക്യൂട്ടീവിൽ മുൻ പരിചയം ഉള്ളവർ ആയിരിക്കണം  എന്നൊരഭിപ്രായമുണ്ടോ?

ശക്തമായ അഭിപ്രായം ഉണ്ട്. എങ്കിൽ മാത്രമേ ഇതു പോലുള്ള സംഘടനയെ ശരിയായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ എന്ന അഭിപ്രായക്കാരനാണ് ഞാൻ. അല്ലെങ്കിൽ ഫോമ പോലൊരു വളർച്ചയെത്തിയ സംഘടനയെ മുന്നോട്ടു നയിക്കാൻ സാധിക്കില്ല. ഇവിടെയിപ്പോൾ 67 സംഘടനകളുണ്ട്. സംഘടനകൾ പിന്നെയും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.  ഇന്ത്യയിലുള്ള മലയാളി സമൂഹത്തിനിടയിൽ ഒന്നാം സ്ഥാനം ഈ സംഘടന വഹിക്കുന്നു എന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ട് തന്നെ അതിന്റെ പാരമ്യത്തിൽ എത്തുന്നവർക്ക് തീർച്ചയായും മുൻപരിചയം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഈ സംഘടനയുടെ ചട്ടക്കൂടിൽനിന്ന് പ്രവർത്തിച്ചിട്ടുള്ളവർ ആയിരിക്കണം. അതിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധമുള്ളവരാണ് ബോധവാൻമാരായിരിക്കണം. സംഘടനയെ എങ്ങനെ നയിക്കണം എന്നതിനെക്കുറിച്ച് ശക്തമായ ദിശാ ബോധം ഉണ്ടാവണം. അതുകൊണ്ടുതന്നെ ശരിയായ പ്രവർത്തന പരിചയം തന്നെ ഉണ്ടായിരിക്കണം എന്നാണ് എന്റെ അഭിപ്രായം.

 

ഇത്രയും കാലത്തിനിടയിൽ ഫോമയിൽ സ്ത്രീകൾ സ്ഥാനാർത്ഥികളായി വന്നിട്ടില്ല. ഇതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?

 

ഇപ്പോൾ വൈസ് പ്രസിഡന്റ് ആയിട്ട് സ്ഥാനാർത്ഥികൾ ഉണ്ട്. അതുപോലെ ശരിയായ പ്രവർത്തന പാരമ്പര്യമുള്ള ആരു വന്നാലും അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കേണ്ട കാര്യമില്ല. ഒരു സ്ത്രീ ഫോമയുടെ പ്രസിഡന്റ് ആകുന്നതിന് യാതൊരു തടസ്സവുമില്ല. അതിന് വ്യക്തിപരമായ എല്ലാ പിന്തുണയും എന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയും ചെയ്യും. സംഘടനയെ വ്യക്തമായി നയിക്കാൻ ശേഷിയുള്ള ആളാണെന്നു തോന്നിയാൽ തീർച്ചയായും എല്ലാവരും അതിന് കലവറയില്ലാത്ത പിന്തുണ നൽകും എന്ന അഭിപ്രായമാണ് എനിക്കുള്ളത്. സാധാരണ തിരഞ്ഞെടുപ്പുകളിൽ കണ്ടുവരുന്ന ഒരു രീതി ഒരു പാനലിനു കീഴിലാണ് എല്ലാവരും മത്സരിക്കുന്നത് എന്നതാണ്.

 

വിജയം ഉറപ്പാക്കാൻ നല്ലൊരു വഴിയും ഏതെങ്കിലും ഒരു പാനലിന് കീഴിൽ മത്സരിക്കുന്നതാണ്. ഇതിനെക്കുറിച്ച് എന്നാണ് അഭിപ്രായം?

 

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ അത്തരത്തിൽ ഏതെങ്കിലും ഒരു പാനലിന്റെ വക്താവായി  മത്സര രംഗത്തേക്ക് വരുക എന്ന് പറയുന്ന സമ്പ്രദായത്തോട് ഞാൻ യോജിക്കുന്നില്ല. പക്ഷേ പ്രസിഡൻറിനോടൊപ്പം സെക്രട്ടറി, ട്രഷറർ എനിങ്ങനെ ഒന്നു രണ്ട് ആളുകൾ എങ്കിലും ഒപ്പം നിന്ന് പ്രവർത്തിക്കാൻ തയ്യാറാവണം.

 

ഇത്തരത്തിൽ പാനൽ അല്ലാതെ തന്നെ സെക്രട്ടറി പ്രസിഡന്റ് തുടങ്ങിയവരെ കൂട്ടുപിടിക്കുമ്പോൾ അത്തരം ആളുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്തായിരിക്കും?

 

അതിരുകളും നിയന്ത്രണങ്ങളും ഇല്ലാതെ പ്രവർത്തിക്കാൻ സമയം ഉള്ള ഒരാളായിരിക്കണം എന്നതു തന്നെയാണ് പ്രധാന മാനദണ്ഡം. കൂടാതെ വളരെയേറെ യാത്ര ചെയ്യേണ്ടിവരും. അതിനുള്ള സമയം ഉണ്ടായിരിക്കണം. സംഘടന നേതൃത്വം പരിചയമുള്ള ആളായിരിക്കണം. എപ്പോഴും ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറാകുന്ന ഒരാളെയായിരിക്കും നമ്മൾ ഈ സ്ഥാനത്തേക്ക് ആഗ്രഹിക്കുക. ന്യൂയോർക്കിൽ നിന്നും വരുന്ന ഒരാളാണല്ലോ ന്യൂയോർക്ക് കൺവൻഷൻ ആഗ്രഹിക്കുക. ന്യൂയോർക്കിൽ ഒരു കൺവെൻഷൻ നടത്തുന്നതിനെ 100% പിന്തുണയ്ക്കുന്ന ഒരാളെയായിരിക്കും സെക്രട്ടറി സ്ഥാനത്തേക്ക് ആഗ്രഹിക്കുക.

 

അങ്ങനെ ആരെങ്കിലും ആരെയെങ്കിലും കണ്ടു വച്ചിട്ടുണ്ടോ?

 

ഇപ്പോൾ ഇതുവരെ അങ്ങനെ ഒരാളും വന്നിട്ടില്ല. വ്യവസ്ഥകളും ഉപാധികളുമില്ലാതെ ഇങ്ങോട്ട് തന്നെ അതിനെ പിന്തുണയ്ക്കുന്ന ഒരാളും സെക്രട്ടറി സ്ഥാനത്തേക്ക് ഇതുവരെ വന്നിട്ടില്ല. ന്യൂയോർക്കിൽ നടത്താൻ ഉദ്ദേശിക്കുന്ന കൺവൻഷനോട്  ഇപ്പോൾ തന്നെ അദ്ദേഹം തന്റെ പിന്തുണ പ്രഖ്യാപിച്ചെങ്കിൽ മാത്രമേ ജനങ്ങൾ അദ്ദേഹത്തിന് വോട്ടുചെയ്യാൻ തയ്യാറാവുകയുള്ളൂ എന്നൊരഭിപ്രായവും എനിക്കുണ്ട്.ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു സെക്രട്ടറി മാത്രമേയുള്ളൂ. പക്ഷേ തീർച്ചയായും ഒരു സെക്രട്ടറി കൂടി ആ സ്ഥാനത്തേക്ക് വരും എന്ന അറിവാണ് എനിക്കുള്ളത്

 

ഇതുവരെയുള്ള പ്രചാരണപ്രവർത്തനങ്ങൾ വച്ചുനോക്കുമ്പോൾ ന്യൂയോർക്ക് കൺവൻഷൻ വരുന്നതിനോട് ഒരു അനുകൂല തരംഗം ഉള്ളതായി താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

 

2016 ൽ നടന്ന ഞങ്ങളുടെ റീജിയനിൽ നടന്ന ചര്‍ച്ചയില്‍ ഇത്തരത്തിൽ ന്യൂയോർക്കിൽ ഒരു കൺവൻഷൻ നടത്തണമെന്ന് തീരുമാനിക്കുകയായിരുന്നു. 1996 ശേഷം ഒരു സംഘടനയും ന്യൂയോർക്കിൽ കൺവെൻഷൻ നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ 2016 ൽ തന്നെ ഇത്തരം ഒരു തീരുമാനം എടുത്തിരുന്നു. അങ്ങനെയാണ് എന്റെ പേര് നിർദ്ദേശിക്കുന്നതും ഞാനീ രംഗത്തേക്ക് വരുന്നതും. അതിനായി ന്യൂയോർക്ക് നഗരത്തിലെ തന്നെ ഏതെങ്കിലും സ്ഥലം ആണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഫൊക്കാന മുതലുള്ള ഒരു രീതിയാണ് നഷ്ടം വന്നാൽ പ്രസിഡണ്ട് കൊടുക്കുക എന്നത്.

 

അങ്ങനെ നഷ്ടം വന്നാൽ പ്രസിഡന്റ് കൊടുക്കുക എന്നത് രീതിയോട് താങ്കൾ യോജിക്കുന്നുണ്ടോ?

 

സംഘടനയുടെ നേതൃസ്ഥാനത്ത് വരുമ്പോൾ പ്രസിഡന്റ് എല്ലാമാണ് എന്നാണ് പറയുന്നത്. പല അവശ്യ രേഖകളിലും ഒപ്പിടുന്നത് പ്രസിഡണ്ട് മാത്രമാണ്. അങ്ങനെ വരുമ്പോൾ ആരെങ്കിലും നഷ്ടം വരാൻ വേണ്ടി ആഗ്രഹിക്കുമോ? ന്യൂയോർക്ക് സിറ്റിയിൽ ഒരു കൺവെൻഷൻ വന്നാൽ നമുക്ക് വലിയ സ്പോൺസേഴ്സിനെ കിട്ടും. അവർക്കും ആഗ്രഹമുള്ള കാര്യമാണത്. കേരളത്തിലും ഇന്ത്യയിൽ തന്നെയുമുള്ള പല വ്യവസായ പ്രമുഖരും കാര്യമായി തന്നെ സ്പോൺസർ ചെയ്യും. അതുകൊണ്ടുതന്നെ വലിയ നഷ്ടങ്ങൾ സംഭവിക്കാതെ പരിപാടി നടത്താൻ സാധിക്കും എന്നാണ് എന്റെ വിശ്വാസം.

 

കൺവൻഷനെ പ്രതിനിധീകരിച്ച് പലരും നാട്ടിൽ പോയി രാഷ്ട്രീയക്കാരുമായി ബന്ധപ്പെടുന്നുണ്ട്. എന്ത് നേട്ടമാണ് നാട്ടിലെ ഉത്തരം വേദികളുമായി ബന്ധപ്പെടുന്നതു വഴി അമേരിക്കയിൽ ഉണ്ടാകുന്നത്?

 

 

മലയാളികളുടെ സംഘടനയായ ഫോമയിലുള്ളവർ നാട്ടിൽനിന്ന് വരുന്നവർ തന്നെയാണല്ലോ. അമേരിക്ക നമ്മുടെ പോറ്റമ്മ ആണെങ്കിലും പെറ്റമ്മ കേരളമാണ്. വന്ന വഴികൾ വിസ്മരിക്കുന്നത് മാനുഷികമല്ല. അതുകൊണ്ടുതന്നെ അങ്ങനെ ചെയ്യുന്നത് കൊണ്ട്  യാതൊരു കുഴപ്പവും ഉണ്ടാകില്ല. ചെയ്യാവുന്ന സഹായങ്ങൾ സ്വന്തം നാടിന് ചെയ്തു കൊടുക്കുന്നത് കൊണ്ടും ഒരു പ്രശ്നവുമില്ല. അത് ചെയ്യണമെന്ന് തന്നെയുള്ള അഭിപ്രായമാണ് എനിക്കുള്ളത്.

 

എന്തുകൊണ്ടാണ് ഫോമയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ യുവജനങ്ങളുടെ പ്രതിനിധികൾ ആരുമില്ലാത്തത്?

 

 

ഡിട്രോയിറ്റിൽ നിന്നും ജോയിന്റ് ട്രഷറർ ആയി ജയിൻ വന്നിട്ടുണ്ട്. അദ്ദേഹം ചെറുപ്പക്കാരനാണ്. കാലിഫോർണിയയിൽ നിന്നും ഒരു സ്ഥാനാർഥി വരുന്നുണ്ട്. അദ്ദേഹവും ചെറുപ്പക്കാരനാണ്. 40 വയസിൽ താഴെയുള്ളവരെയാണ് ഞാൻ ചെറുപ്പക്കാർ എന്ന ഗണത്തിൽ പെടുത്തുന്നത്. അങ്ങനെയുള്ള ഒരു പാട് പേർ ഈ രംഗത്തേക്ക് വരുന്നുണ്ട്. കൂടാതെ മൂന്നു യുവജനങ്ങൾക്ക് ഇതിൽ സംവരണവും ഉണ്ട്. പ്രതിനിധികളായി മൂന്നുപേരെ എടുക്കും. അവർ വിവിധ സംസ്ഥാനങ്ങളിൽ നിന്നായിരിക്കും.

 

ഫോമയിൽ ഹൈക്കമാൻഡ് എന്നൊരു സിസ്റ്റം ഉണ്ടോ?  ഈ ഹൈക്കമാൻഡാണു നേതൃനിരയിൽ ഇരിക്കേണ്ടവരെ തീരുമാനിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്?

 

ഇങ്ങനെയൊരു ഹൈക്കമാന്റിനെ കുറിച്ച് എനിക്കറിവില്ല.

 

ഡെലിഗേറ്റ്സിന്റെ എണ്ണം ഏഴായതിനെക്കുറിച്ച്  അഭിപ്രായമെന്താണ്?

 

തുടങ്ങിയ സമയത്ത് 5 ഡെലിഗേറ്റ്സ് ആയിരുന്നു. അതിൽ ഡെലിഗേറ്റ് ലിസ്റ്റിൽ പ്രസിഡന്റിന്റെ പേര് എഴുതിയില്ലെങ്കിൽ അദ്ദേഹത്തിന്റെ വോട്ട് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ആ സമയത്താണ് പലരും പറയുന്നത് ഡെലിഗേറ്റ്സിന്റെ എണ്ണം വർധിപ്പിക്കുകയാണ് ഇതിനൊരു പോംവഴിയെന്ന്. അങ്ങനെ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതാക്കാനുള്ള ഒരു മാർഗമെന്ന രീതിയിലാണ് 5 എന്നുള്ളത് ഏഴ് ആക്കിയത്.

 

സംഘടനകളുടെ ആഘോഷവേദികളിൽ പലപ്പോഴും പ്രധാനം താര നിശകൾക്കാകും. ലക്ഷങ്ങൾ കൊടുക്കേണ്ടി വരുന്ന താരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുമ്പോഴും എന്തുകൊണ്ട് നോർത്ത് അമേരിക്കയിലെ കലാകാരൻമാർക്ക് പ്രാധാന്യം നൽകുന്നില്ല?

 

ഫോമ ഇവിടെയുള്ള കലാകാരന്മാർക്ക് വലിയ രീതിയിലുള്ള പ്രോത്സാഹനം നൽകുന്നുണ്ട്. 2008 10 കാലഘട്ടത്തിൽ ഞാൻ പ്രസിഡന്റായിരിക്കുന്ന സമയത്ത് ആണ് ഇവിടെയുള്ള കലാകാരൻമാരെ കണ്ടെത്തുന്നതിനായി യുവജനോത്സവം സംഘടിപ്പിച്ചത് ഉഷാ ഉതുപ്പ്, ജി വേണുഗോപാൽ മുതലായ പ്രമുഖരെ ഇവർക്ക് പരിശീലനം നൽകുന്നതിനായി കൊണ്ടു വന്നിരുന്നു. എന്ന് മാത്രമല്ല ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് പെർഫോം ചെയ്യാനുള്ള വേദിയും ഒരുക്കിയിരുന്നു. ഇപ്പോഴും പല റീജിയനുകളിലായി യുവജനോത്സവങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് കൺവെൻഷൻ നടക്കുന്ന സ്റ്റേജിൽ പെർഫോം ചെയ്യാനുള്ള അവസരം ഒരുക്കിക്കൊക്കും. മാത്രമല്ല പഴയതുപോലെയൊന്നും ഇപ്പോൾ നാട്ടിൽ നിന്നും താരങ്ങളെ കൊണ്ടുവരുന്നുമില്ല.

 

ഫൊക്കാന, ഫോമ മുതലായ സംഘടനയുടെ നേതാക്കന്മാർ മതപരമായ സംഘടനയുടെ നേതൃത്വത്തിൽ  പ്രവർത്തിക്കുന്നതിനോട് താങ്കളുടെ അഭിപ്രായമെന്താണ് ?

 

പല ആളുകളും മതപരമായ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ ഫോമയുടെ പ്രസിഡന്റായിരിക്കുന്നയാൾ ഫോമയുടെ മാത്രം പ്രസിഡണ്ട് തന്നെയായിരിക്കും. അല്ലാതെ ഫോമയുടെ പ്രസിഡന്റായയാൾ മതപരമായ മറ്റു സംഘടനകളുടെ പ്രസിഡന്റായിരിക്കുന്നത് ശരിയല്ല.  പ്രസിഡന്റ് 100 ശതമാനവും ഫോമയുടെ മാത്രം പ്രസിഡന്റ് ആയിരിക്കണം.

 

 

ജോൺ ടൈറ്റസ്, സലീമിനേറതാണ് ഫോമയുടെ ആദ്യം കാണുന്ന സംഘടനാ രീതികൾ. പിന്നീടു വരുന്നവരെല്ലാം നിങ്ങൾ ചെയ്തു വച്ചതിന്റെ ആവർത്തനം മാത്രം ചെയ്യുന്നതായാണ് തോന്നിയത്. ചെറിയ ചെറിയ പരിപാടികളിൽ ഉള്ള വ്യത്യാസങ്ങൾ ഒഴിച്ചുനിർത്തിയാൽ അതിന്റെ ആവർത്തനം തന്നെയാണ് ബാക്കിയെല്ലാവരും ചെയ്യുന്നത്. ഇതിൽനിന്നെല്ലാം വ്യത്യസ്തമായി സലിം പ്രസിഡണ്ടായി വരികയാണെങ്കിൽ നടപ്പാക്കാനുദ്ദേശിക്കുന്ന എന്തെങ്കിലും പ്രോജക്റ്റുകളോ, മറ്റെന്തെങ്കിലും പരിപാടികളോ ഉണ്ടോ ?

 

 

ഇതുവരെയുള്ളതിന്റെ തുടർച്ചയായിട്ടായാലും നല്ലകാര്യങ്ങൾ തുടരുന്നതിൽ ഒരു തെറ്റുമില്ല. അന്ന് യുവജനോത്സവം നമ്മൾ ചെയ്യുന്നത് ചെറുപ്പക്കാരുടെ ഇടയിൽ വലിയ സംസാര വിഷയമായിരുന്നു. കുട്ടികളുടെ കലാ പാരമ്പര്യം വെളിപ്പെടുത്താൻ ഒരു വേദി ഒരുക്കുന്നത് കുടുംബാംഗങ്ങൾക്കും വളരെ സന്തോഷമുള്ള കാര്യമായിരുന്നു.   അടുത്ത തലമുറക്ക് ആവശ്യമായ പ്രോത്സാഹനം കൊടുക്കുക,  അതോടൊപ്പം ചെറിയതോതിലെങ്കിലും അമേരിക്കൻ രാഷ്ട്രീയ രംഗത്ത് അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകുക തന്നെയാണ് പ്രധാന ലക്ഷ്യം. അറുപതുകളിൽ മലയാളികളുടെ കുടിയേറ്റം ആരംഭിച്ച കാലത്തെ അവസ്ഥയല്ല ഇന്നുള്ളത്. ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ അമേരിക്കയുടെ ദേശീയ രാഷ്ട്രീയത്തിൽ പല സ്ഥാനമാനങ്ങളും വഹിക്കുന്നുണ്ട്. വളർന്നു വരുന്ന തലമുറക്ക് അതിലേക്കുള്ള ചവിട്ടുപടിയാകണം ഇന്ന് സംഘടനകൾ. മലയാളികളെ അമേരിക്കയുടെ ദേശീയ രാഷ്ട്രീയത്തിൽ കുറച്ചു കൂടി മുന്നിലെത്തിക്കുകയാണ് ലക്ഷ്യം...

JOHN C VARGHESE (SALIM )FOMAA PRESIDENTIAL CANDIDATE

INTERVIEW BY ASWAMEDHAM NEWS TEAM ( RAJAN CHEERAN , DEEPTI NAIR , NIBU VELLUVANTHANAM)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.