You are Here : Home / അഭിമുഖം

ഒരു ആർമി മേജർ ആയി അറിയപ്പെടാനാണ് എന്നും താൽപര്യം

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Sunday, November 26, 2017 08:43 hrs EST

 
 
മലയാള സിനിമാ അഭ്രപാളികളിൽ അത്യന്തം സാഹസികമായ സൈനീക നീക്കങ്ങളുടെയും , കമാൻഡോ ഓപ്പറേഷനുകളുടെയും ത്രസിപ്പിക്കുന്ന ദൃശ്യാനുഭവങ്ങൾ  മലയാള പ്രേക്ഷകർക്കു പരിചയപ്പെടുത്തിയ മലയാളത്തിലെ എണ്ണം പറഞ്ഞ ഹിറ്റ് ഡയറക്ടർ ആണ് മേജർ രവി  .  അമേരിക്കൻ മലയാളികൾക്കു വേണ്ടി മേജർ രവിയുമായി   ജിനേഷ് തമ്പി  നടത്തിയ പ്രത്യേക  അഭിമുഖം 
 
1) മലയാളത്തിലെ ഹിറ്റ് ഡയറക്ടർ ആയ  മേജർ രവിക്ക്  ആർമി മേജർ  എന്ന നിലയിലാണോ അതോ ഒരു പ്രശസ്ത സിനിമാ  സംവിധായകൻ എന്ന നിലയിലാണോ അറിയപ്പെടാൻ കൂടുതൽ താല്പര്യം ?
 
ഒരു സംശയവും ഇല്ല, ആർമി മേജർ എന്ന നിലയിൽ  അറിയപ്പെടാനാണ്കൂടുതൽ  താല്പര്യം . ഞാന്‍ ആദ്യ സിനിമ ചെയ്തപ്പോൾ ആ സിനിമയുടെ വിതരണക്കാരൻ  വന്നു പ്രൊഡ്യൂസറോട്  ചോദിച്ചിരുന്നു   "ഈ മേജർ രവി എന്നൊക്കെ സിനിമയുടെ ടൈറ്റിലിൽ വെക്കണോ, രവീന്ദ്രൻ പട്ടാമ്പി എന്നോ മറ്റോ വെച്ചാ പോരെ " എന്ന് .  അന്ന് ഞാന്‍ അവരോടു പറഞ്ഞു "സിനിമയുടെ ടൈറ്റിലിൽ മേജർ രവി എന്ന് തന്നെ വെക്കണം , കാരണം മേജർ എന്ന ആ പദവി ഞാന്‍ കഷ്ടപ്പെട്ട് നേടി എടുത്തതാണ്, അത് എവിടെ നിന്നും മേടിച്ചതല്ല .  മേജർ എന്ന പദവി  മരണം വരെ എന്റ്റെ  കൂടെ ഉണ്ടാവും .  
 
ആർമി മേജർ ഒരു പാട് ഉത്തരവാദിത്വങ്ങൾ അടങ്ങി ഇരിക്കുന്ന പോസ്റ്റ് ആയതു കൊണ്ട്  ജീവിതത്തിൽ തെറ്റു ചെയ്യാതിരിക്കാൻ   പരമാവധി ഞാന്‍  ശ്രമിക്കാറുണ്ട്. കാരണം നമ്മൾ ചെയുന്ന ഓരോ തെറ്റും   അത് ആർമിക്കു ചീത്തപ്പേരായി മാറും . മനുഷ്യസഹജമായ തെറ്റുകൾ എല്ലാവരും ചെയ്തെന്നു വരും .,അപ്പോഴൊക്കെ  ഞാന്‍ ക്ഷമ ചോദിക്കാറുമുണ്ട് 
 
സിനിമാ ലോകവും, ആർമി ജീവിതവും വളരെ അടുത്ത് കണ്ട വ്യക്തി എന്ന നിലയിൽ ഈ രണ്ടു മേഖലയിലും ഒരു പാട് വ്യത്യാസങ്ങൾ കാണാറുണ്ട് . ആർമിയിൽ   നമ്മൾ  നല്ല ഒരു കാര്യം ചെയ്താൽ  അഭിനന്ദിക്കാൻ ഒരു പാട് പേര് കാണും, സിനിമ മേഖല പക്ഷെ  അങ്ങനെ അല്ല .  ഞാന്‍  എന്റ്റെ ആദ്യ സിനിമ കീർത്തി ചക്ര ചെയ്തപ്പോൾ എനിക്ക് തോന്നുന്നത് ആ സിനിമാ അത്ര നന്നാവും എന്ന് ആരും പ്രതീക്ഷിച്ചില്ല എന്നാണ്. രണ്ടാമത്തെ ചിത്രം മുതൽ എന്നെ സംഘം ചേർന്ന് കടന്നു ആക്രമിക്കാനുള്ള പ്രവണത കണ്ടു തുടങ്ങി .പ്രൊഫഷണൽ ആയി എന്നെ തകർക്കാനുള്ള ശ്രമം . അത് ഞാന്‍ ഇപ്പോൾ കാര്യമാക്കാറില്ല . സിനിമയിലൂടെ നമുക്ക് നല്ലതു എന്ന് തോന്നുന്ന കാര്യങ്ങൾ  സമൂഹത്തിനു കൈമാറാനാണ് ശ്രമിക്കാറുള്ളത് .വളർന്നു വരുന്ന തലമുറയ്ക്ക് കൗൺസിലിങ് ഒക്കെ ചെയ്യാറുണ്ട് . ഇത് പൈസക്ക് വേണ്ടി ചെയ്യുന്നതല്ല , നമ്മളെ കൊണ്ട് പറ്റുന്ന കാര്യങ്ങൾ  പുതിയ തലമുറക്കായി ചെയ്യുന്നു എന്ന് മാത്രം  
 
2)പ്രമാദമായ രാജീവ് ഗാന്ധി വധക്കേസിലെ  കുറ്റവാളികളെ  പിടികൂടാൻ നിയോഗിക്കപ്പെട്ട കമാൻഡോ ഓപ്പറേഷൻ ടീമിനെ മേജർ രവിയാണല്ലോ നയിച്ചത് . ആ അനുഭവം എങ്ങനെയായിരുന്നു 
 
എന്റ്റെ ജീവിതത്തിലെ ഏറ്റവും നിരാശ സമ്മാനിച്ച കമാൻഡോ ഓപ്പറേഷൻ എന്ന് പറയും. കാരണം സാധാരണ നമ്മൾ  ഒരു ഓപ്പറേഷന് പോകുമ്പോൾ കിട്ടുന്ന നിർദേശം  ജീവനോടെയോ അല്ലാതെയോ ഭീകരരെ  പിടിക്കണം എന്നാണ്. പക്ഷെ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ , മുഖ്യ പ്രതി ശിവരസാനുൾപ്പെടെ അവരെ കഴിയുന്നതും ജീവനോടെ പിടിക്കാനായിരുന്നു മുകളിൽ നിന്നും കിട്ടിയ നിർദേശം. രാജീവ് ഗാന്ധി വധക്കേസിലെ  പ്രതികൾ  ഏതു സമയവും  കഴുത്തിൽ സയനൈഡ് ചുറ്റി  ആത്മഹത്യ ചെയ്യാൻ തയ്യാറായി നടന്നിരുന്നത് കാര്യങ്ങൾ കൂടുതൽ ദുഷ്കരമാക്കി.  LTTE  ഭീകരർ  കഴുത്തിൽ ചുറ്റികെട്ടിയിരുന്ന സയനൈഡ് അവർ വായിലേക്ക് അടുപ്പിക്കുന്നതിനു മുൻപേ അവരെ പിടി കൂടുകയായിരുന്നു ലക്‌ഷ്യം. പക്ഷെ ശിവരസനെ ജീവനോടെ പിടികൂടാൻ സാധിച്ചില്ല. ഞങ്ങൾക്ക് കിട്ടിയ നിർദേശം SIT  ടീം നയിച്ചിരുന്ന  ശ്രീ.കാർത്തികേയൻ സ്പോട്ടിൽ എത്താതെ ശിവരസനെ പിടികൂടാൻ ഭീകരുടെ ഒളിത്താവളത്തിലേക്കു കമാൻഡോകൾ പ്രവേശിക്കരുത് എന്നായിരുന്നു. ശിവരാസൻ ഒളിച്ചു താമസിച്ചിരുന്ന  താവളം ഞങ്ങൾ വളഞ്ഞു എങ്കിലും കാർത്തികേയൻ വരുന്നതിനു വേണ്ടി കാത്തിരുന്നത് ഒട്ടേറെ വിലയേറിയ സമയം കളഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്  . കമാൻഡോ ഓപ്പറേഷനിൽ സമയത്തിന്റെ പ്രാധാന്യം വലുതാണല്ലോ . അത് പാഴാക്കിയാൽ വലിയ വില കൊടുക്കേണ്ടി വരും. എന്റ്റെ മേലുദ്യോഗസ്‌ത്യൻ  DIG രാജുവിനോട്  ഞാന്‍ ചോദിച്ചിരുന്നു കാർത്തികേയൻ വരുന്നതിനു വേണ്ടി കാത്തിരിക്കേണ്ടതുണ്ടോ എന്ന്. പക്ഷെ അതാണ് ഓർഡർ എന്നായിരുന്നു നിർദേശം 
 
3)രാജ്യം ഉറ്റുനോക്കിയിരുന്ന  കൊടും LTTE  ഭീകരൻ ശിവരസൻ താമസിച്ചിരുന്ന ഒളിത്താവത്തിലേക്കു കമാൻഡോകൾ ആക്രമിച്ചു കയറിയപ്പോൾ കണ്ട രംഗം എന്തായിരുന്നു ?
 
LTTE ഭീകരരെ വളഞ്ഞു , അവരെ പിടിക്കും എന്ന് ഉറപ്പായാൽ  LTTE ഭീകരർ സയനൈഡ് കഴിച്ചു ആത്മഹത്യ ചെയ്യുന്നത്  അവരുടെ ഒരു രീതിയായിരുന്നു. പോലീസിന്റെ പിടിയിൽ അകപ്പെട്ടാൽ  കൊടിയ ഉപദ്രവത്തിനു വിധേയമായേക്കും  എന്ന്  പേടിച്ചായിരുന്നു  ആത്മഹത്യ.   ശിവരസൻ താമസിച്ചിരുന്ന ഒളിത്താവത്തിലേക്കു വെടി ഉതിർത്തു  , വാതിൽ തല്ലി പൊളിച്ചു അകത്തു പ്രവേശിച്ചപ്പോൾ  മുറിക്കുള്ളിൽ  ശിവരസൻ  ഉൾപ്പെടെ അഞ്ചു ഭീകരർ രക്തത്തിൽ കുളിച്ചു മരിച്ചു കിടക്കുന്ന രംഗമാണ് കണ്ടത്.  ശിവരസൻ  സയനൈഡ് കഴിച്ചു  വായിൽ നിന്നും നുരയും പാതയും വരുന്നുണ്ടായിരുന്നു. തലയിൽ വെടിയുണ്ട തറച്ച പാടുമുണ്ടായിരുന്നു. 5  ഭീകരരും ഒരുമിച്ചു കൈ പിടിച്ച രീതിയിലായിരുന്നു ജഡങ്ങൾ കിടന്നിരുന്നത്. മുറിയിൽ മൊത്തം രക്തം തളം കെട്ടി നിന്നിരുന്നു. മുൻപ് ഇവരുടെ കൂട്ടാളികളെ പിടി കൂടിയപ്പോൾ അവർ പറഞ്ഞിരുന്നു കമാൻഡോകൾ വളഞ്ഞാൽ  ശിവരസൻ  ആത്മഹത്യ ചെയ്യുമെന്ന് 
 
4)ആർമി മേജർ സ്ഥാനത്തു നിന്നും സിനിമയിൽ വന്നപ്പോൾ , സൂപ്പർ സ്റ്റാറുകൾ ഒക്കെ വെച്ച് സിനിമ ചെയ്യാൻ ബുദ്ധിമുട്ടുണ്ടായോ ?
 
ഇല്ല, അങ്ങനെ ഒന്നും ഉണ്ടായില്ല .എവിടെയും ആളുകളെ മാനേജ് ചെയ്യുന്നതാണല്ലോ  കാര്യം . സിനിമയിൽ ആദ്യം കുറച്ചു ബുദ്ധിമുട്ടൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട് എന്നത് നേരാണ് . സിനിമ ഷൂട്ട് ചെയ്തു  തീർക്കാൻ  എന്തിനാണ്  തിരക്ക് കൂട്ടുന്നത് എന്നൊക്കെ പലരും എന്നോട് ചോദിച്ചിട്ടുണ്ട്.  സിനിമയിൽ കാര്യങ്ങൾ സമയത്തിന് ചെയ്യാൻ പറ്റിയില്ലെങ്കിൽ  സിനിമ  ബഡ്ജറ്റിൽ തീർക്കാൻ പറ്റാതെ വരും. അത് നിർമാതാവിന് നഷ്ടം വരുത്തും. അത് കൊണ്ടാണ് സമയബന്ധിതമായി സിനിമ ചെയ്യാൻ ശ്രമിക്കാറ്.  ആർമിയിൽ  അങ്ങനെയല്ലല്ലോ   ആർമിയിൽ  അച്ചടക്കതിനോടൊപ്പം ആളുകളെ മനഃശാസ്‌ത്രപരമായി നന്നായി മനസിലാക്കേണ്ടത് പ്രധാനമാണ് . ടീമിലെ  ഒരാളുടെ നിസഹകരണമോ, ഉദാസീനതയോ മുഴുവൻ യൂണിറ്റിന്റെയും കാര്യക്ഷമതയെ  ബാധിച്ചെന്ന് വരും . ഭാഗ്യം കൊണ്ട്  ഞാന്‍  നയിച്ച അനേകം കമാൻഡോ ഓപ്പറേഷനിൽ  എന്റ്റെ ടീമിൽ നിന്നും ഒരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ല. അത് പോലെ എനിക്ക് വളരെ അഭിമാനം ഉള്ള കാര്യം ആണ്, ആർമി മേജർ ആയ സമയത്തു  ടീമിലെ ഒരാൾക്ക് പോലും ജീവഹാനി സംഭവിച്ചില്ല എന്നത് 
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി ശിവരസനെ തേടിയുള്ള ഓപ്പറേഷനിൽ ടീമിലെ ഒരാൾക്ക് ഗുരുതര പരുക്ക് പറ്റിയിരുന്നു.പക്ഷെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട്  പരുക്ക് ഭേദം ആയി ആ സൈനികനും ജീവിതത്തിലേക്ക് തിരിച്ചു വന്നു 
 
5)മനസ്സിൽ കൂടുതൽ സംതൃപ്തി നൽകിയിട്ടുള്ളത്  രാജ്യത്തിനായി അനേകം കമാൻഡോ ഓപ്പറേഷന് നേതൃത്വം കൊടുത്ത ആർമി മേജർ രവിയെയാണോ , അതോ സിനിമയിൽ ഹിറ്റ് സിനിമകൾക്ക് ജന്മം കൊടുത്ത സൂപ്പർ ഡയറക്ടർ എന്ന റോളിലാണോ ?
 
ആർമി മേജർ എന്ന നിലയിലാണ് കൂടുതൽ സംതൃപ്തി കിട്ടിയിട്ടുള്ളത് എന്ന് നിസംശയം പറയാം. സിനിമയിൽ നിന്നും സംതൃപ്തി കിട്ടും, പക്ഷെ അത് വേറെ  തരത്തിലാണ്. സിനിമയിൽ നമ്മൾ ചെയ്യുന്നത് ,  മനസ്സിൽ വിഭാവനം ചെയ്യുന്ന കാര്യങ്ങൾ, നന്നായി ഷൂട്ട് ചെയ്തു  ആ രംഗങ്ങൾ അഭ്രപാളികൾ പ്രദർശിപ്പിച്ചു , പ്രേക്ഷകർ സിനിമയെ സ്വീകരിക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ്. അത് വലിയ ഭാഗ്യവും, സംതൃപ്തിയും തന്നെയാണ് . പക്ഷെ ആർമിയിൽ നമ്മൾ പോരാടുന്നത് ജീവൻ മരണ പോരാട്ടമാണ്. കമാൻഡോ ഓപ്പറേഷനുകളിൽ ജീവൻ നഷ്ടപ്പെടുന്നത് സർവ സാധാരണയാണ്. ഒരു  നിമിഷത്തെ അശ്രദ്ധക്കോ, തെറ്റിനോ നമ്മുടെ ജീവൻ തന്നെ ബലികൊടുക്കേണ്ടി വരും. അത് കൊണ്ട് ഒരു വിജയകരമായ കമാൻഡോ ഓപ്പറേഷന് ലഭിക്കുന്ന സന്തോഷവും, സംതൃപ്തിയും ഒന്ന് വേറെ തന്നെയാണ്  
 
6)മേജർ രവി  ആർമിയിൽ ഏറ്റവും വിജയകരമായി പൂർത്തിയാക്കിയ ദൗത്യം ഏതായിരുന്നു?
 
കീർത്തിചക്ര സിനിമയിലൂടെ പ്രേക്ഷകരെ കാണിച്ചു കൊടുത്ത കമാൻഡോ ഓപ്പറേഷൻ ആണ്  ആർമി ജീവിതത്തിൽ  ഞാന്‍ ഏറ്റവും വിജയകരമായി പൂർത്തിയാക്കിയ ദൗത്യം.സിനിമയിൽ മോഹൻ ലാൽ അവതരിപ്പിച്ച മേജർ മഹാദേവൻ എന്ന കഥാപാത്രം ജീവിതത്തിൽ ഞാന്‍  നയിച്ച കമാൻഡോ ഓപ്പറേഷൻന്റെ കഥയാണ് പറഞ്ഞത്. എന്റ്റെ സഹപ്രവർത്തകർ പറഞ്ഞതാണ് ഈ ഓപ്പറേഷൻ രാത്രിയിൽ നടത്തിയാൽ മതിയെന്ന് . കാരണം രാത്രിയിൽ കമാണ്ടോകൾക്കു നൈറ്റ് വിഷൻ കാമറ ഉള്ളത് കൊണ്ട് ഭീകരരേക്കാൾ  പോരാട്ടത്തിൽ സാധാരണ മുൻതൂക്കം ലഭിക്കും. പക്ഷെ ചെറുപ്പത്തിന്റെ ധൈര്യം കൊണ്ടോ, അത് മൂലമുള്ള ആത്മവിശ്വാസം കൊണ്ടോ ഞാന്‍ എന്റ്റെ മേലുദ്യോഗസ്ഥനോട് പറഞ്ഞു , രാത്രി ആകാൻ  കാത്തിരിക്കേണ്ട പകൽ തന്നെ പോരാടാമെന്നു. കീർത്തിചക്രക്കു പ്രസിഡന്റ്  അവാർഡ് കിട്ടിയത് വളരെ അഭിമാനകരമായിരുന്നു 
 
7)പ്രശസ്ത  ടെലിവിഷൻ  അവതാരിക  സിന്ധു സൂര്യകുമാറിനെ കാർകിച്ചു തുപ്പണം എന്ന് പറഞ്ഞതും ,  നടൻ ഉണ്ണി മുകുന്ദനുമായി  നടന്നു എന്ന് പറയപ്പെടുന്ന കയ്യാങ്കളിയും വലിയ വിവാദമായല്ലോ ?
 
സിന്ധു സൂര്യകുമാറിനെ പറ്റി വ്യക്തിപരമായി ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഭാരതീയ സംസ്കാരത്തിന്റെ പറ്റി പ്രസംഗിച്ച ഒരു വേദിയിലാണ്  ഞാന്‍ പറഞ്ഞത് , പണ്ടൊക്കെ അച്ഛൻ അപ്പൂപ്പന്മാർ മക്കളെ  നല്ല രീതിയിലും , സംസ്കാരത്തിലുമാണ് വളർത്തിക്കൊണ്ടു വന്നിരുന്നത് , ഇപ്പോൾ ദുർഗ ദേവിയെ പറ്റി വരെ  വേശ്യ എന്ന് പറയാൻ  അനുവദിക്കുന്ന സംസ്കാരശൂന്യക്കു നേരെ ഞാന്‍ കാർക്കിച്ചു തുപ്പുന്നു എന്നാണ് പറഞ്ഞത്.
ജോൺ ബ്രിട്ടാസ് ഈ വിഷയത്തെ ആസ്പദമാക്കി നടത്തിയ ഒരു ടെലിവിഷൻ പരിപാടിക്കിടെ  ഒരു പ്രേക്ഷകൻ എന്നോട് "കാർക്കിച്ചു തുപ്പുക" എന്ന വാക്ക് ഉപയോഗിച്ചത് ശെരിയായില്ല എന്ന് പറഞ്ഞു. അന്നേരം തന്നെ ഈ വാക്ക് ഉപയോഗിച്ചതിന് ഞാന്‍ ക്ഷമയും പറഞ്ഞിരുന്നു 
 
നടൻ ഉണ്ണി മുകുന്ദനുമായി എന്താണ് നടന്നത് എന്ന് ആ സിനിമ സെറ്റിൽ ഉണ്ടായിരുന്ന സുരേഷ് ഗോപിക്കും മറ്റുള്ളവർക്കും അറിയാം. മേജർ രവിയെ തല്ലി എന്ന് പറഞ്ഞു ഉണ്ണി മുകുന്ദന് ഊറ്റം കൊള്ളണമെങ്കിൽ ആയിക്കോട്ടെ. പക്ഷെ ശെരിക്കും എന്താണ് നടന്നത്  എന്ന് അവിടെ ഉണ്ടായിരുന്ന ആളുകൾക്ക് അറിയാം. അതെ പറ്റി കൂടുതൽ ഒന്നും  പറയുന്നില്ല 
 
 
8)പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനായിട്ടാണല്ലോ താങ്കൾ പരക്കെ അറിയപ്പെടുന്നത് . മറ്റു പ്രധാനമന്ത്രിമാരിൽ നിന്നും മോദിയെ എന്താണ് വ്യത്യസ്തനാക്കുന്നത് ?
 
ഞാന്‍ മോദിയുടെ ആരാധകനാണെന്നത് സത്യമാണ് . ലോകനേതാക്കളുടെ ഇടയിൽ വലിയ മതിപ്പു നേടിയ നേതാവാണ് മോഡി. ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരിക്കുന്ന സമയത്തു മോഡി ചെയ്ത വികസനപ്രവർത്തനങ്ങളെ പറ്റി വ്യക്തിപരമായി നന്നായി അറിയാം .
മൻമോഹൻ സിംഗ് പോലെ മൗനി ആയ പ്രധാനമന്ത്രി അല്ല മോഡി. കാര്യങ്ങളെ പറ്റി 
വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവാണ് ഇന്ത്യയുടെ പ്രധാനമന്ത്രി 
 
9)നരേന്ദ്ര മോഡിയെ  നിയന്ത്രിക്കുന്നതു RSS  ആണെന്ന് പരക്കെ ആക്ഷേപമുണ്ടല്ലോ ? ന്യൂന്യപക്ഷങ്ങൾക്കു നേരെ പല തവണ ബിജെപി, RSS  നേതാക്കളുടെ രൂക്ഷ വിമർശനങ്ങൾ ഉണ്ടായപ്പോൾ മോഡി മൗനം പാലിക്കുകയായിരുന്നല്ലോ ? ഇത് ശരിയായ  പ്രവണതയാണോ?
 
RSS  എന്ന സംഘടനയെ പറ്റി  അറിയാത്തതു കൊണ്ടാണ് അങ്ങനെ പറയുന്നത്. സാക്ഷി മഹാരാജിനെ പോലെയുള്ള  ബിജെപി നേതാക്കൾ പലപ്പോളും അസുഖപരമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്നത് സത്യമാണ് . പക്ഷെ  പ്രകോപനമായ പ്രസ്താവനകൾ മറ്റു പാർട്ടികളിൽ നിന്നും ഉണ്ടാവാറുണ്ടല്ലോ. ഉദാഹരണം ഒവൈസിയെ പോലെയുള്ള നേതാക്കൾ. എല്ലാവരും മിതത്വം പാലിക്കേണ്ടത് പൊതു നന്മക്കു ആവശ്യമാണ്
 
10)മേജർ രവിക്ക് ആർമിയിൽ ചേരാനുള്ള പ്രചോദനം എന്തായിരുന്നു ? ഒൻപതാം ക്ലാസ്സിൽ തോറ്റ രവീന്ദ്രൻ എന്ന കുട്ടിക്കു ആർമി മേജർ വരെ വളരാൻ സാധിച്ചതെങ്ങനെയാണ് 
 
വീട്ടിൽ സൈന്യത്തിൽ പോയ ഒരു പാട് പേരുണ്ടായിരുന്നു. അച്ഛൻ സൈനീകനായിരുന്നു. അച്ഛൻ ധരിച്ചിരുന്ന യൂണിഫോം ഒക്കെ ചെറുപ്പത്തിൽ വലിയ അഭിമാനത്തോടെയായിരുന്നു നോക്കി കണ്ടിരുന്നത്.  വീടിനെ പറ്റി പറയുകയാണെങ്കിൽ  നായർ കുടുംബത്തിൽ ജനിച്ച എനിക്ക് കളിക്കൂട്ടുകാർ മിക്കവാറും അന്യമതസ്ഥർ ആയിരുന്നു .ഒട്ടേറെ മുസ്ലിം അയൽവാസികൾ ഉണ്ടായിരുന്നു. എല്ലാവരും വലിയ സ്നേഹത്തോടെയാണ് കഴിഞ്ഞിരുന്നത്. 
ഞാന്‍  ഒൻപതാം ക്ലാസ്സിൽ തോറ്റിരുന്നു എന്നത് സത്യമാണ് (ചിരിക്കുന്നു). കഠിനാധ്വാനം ഉണ്ടെങ്കിൽ എന്തും സാധിക്കും എന്നതിന്റെ ഉദാഹരണമാണ് മേജർ ഒക്കെ ആവാനുള്ള കാരണം. പിന്നെ ഈശ്വരാനുഗ്രഹം. ആർമിയിൽ നിന്നിരുന്നെങ്കിൽ ഇപ്പൊ ബ്രിഗേഡിയർ ഒക്കെ ആയേനെ 
 
11)യുവാക്കളുടെ ഇടയിൽ മലയാള സിനിമയുടെ ഏറ്റവും വലിയ പ്രതീക്ഷയായി ആരെയാണ്  കാണുന്നത് ?
 
പ്രിത്വി രാജ് എന്ന് പറയും. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല, സിനിമയെ പറ്റി സമഗ്രമായി പഠിക്കാൻ വലിയ വ്യഗ്രതയും, കഠിന  പ്രയത്നവും അത് പോലെ ആത്മാർത്ഥതയും പ്രകടിപ്പിക്കുന്ന എണ്ണം പറഞ്ഞ കലാകാരൻ ആണ് രാജു (പ്രിത്വി രാജ്).
 
12)മേജർ രവി എന്ന ഫിലിം മേക്കർക്കു സിനിമ ലോകം അർഹിച്ച പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്  എന്ന് കരുതുന്നുണ്ടോ 
 
ഞാന്‍ ചെയ്ത  മിഷൻ 90 എന്ന മമ്മൂട്ടി ചിത്രം ടെക്‌നിക്കലായി മികച്ച മിലവാരം പുലർത്തിയ സിനിമയാണ് എന്നാണ് കരുതുന്നത്. ആ സിനിമയ്ക്കു അർഹിച്ച പരിഗണന ലഭിച്ചില്ല എന്ന അഭിപ്രായവുമുണ്ട്. ഈ സിനിമയെ പറ്റി BBC വരെ ഇന്റർവ്യൂ ഒക്കെ ചെയ്തിരുന്നു. പക്ഷെ എന്തോ സിനിമയുടെ നിർമാതാവിന് രാജ്യാന്തരസിനിമമേളയ്ക്ക് സിനിമ അയക്കാൻ താല്പര്യം ഇല്ലായിരുന്നു. ഇത് ഏറെ സങ്കടകരമായിരുന്നു.
 
13 )ഇപ്പോൾ സിനിമയിൽ അഭിനയിക്കുകയും ചെയ്യുന്നുണ്ടല്ലോ ? എങ്ങനയുണ്ട് സംവിധായകനിൽ നിന്നും ഒരു നടനിലേക്കുള്ള മാറ്റം ..
 
(പൊട്ടി ചിരിക്കുന്നു) ആദ്യം സിനിമയിൽ വന്നത് നടൻ ആകാനാണ് .സ്വയം വിചാരിച്ചിരുന്നത് വലിയ സുന്ദരൻ ആണെന്നൊക്കെയായിരുന്നു. പിന്നെ മനസിലായി നടൻ ആയി പച്ച പിടിക്കാൻ പോകുന്നില്ല എന്ന്. സംവിധാന കുപ്പായം അണിഞ്ഞു കുറെ കാലം കഴിഞ്ഞാണല്ലോ "ആക്ഷൻ ഹീറോ ബിജു" എന്ന ചിത്രത്തിൽ പോലീസ് കമ്മീഷണർ ആയി അഭിനയിക്കുന്നത്. എബ്രിഡ് ഷൈൻ എനിക്ക് പൂർണ സ്വാതന്ത്രം തന്നിരുന്നു. സന്ദർഭം എന്നോട് വിശദീകരിച്ചിട്ടു , ഡയലോഗ് ചേട്ടൻ തന്നെ എഴുതിക്കോളാൻ ആണ് പറഞ്ഞത്. വളരെ നല്ല അനുഭവം ആയിരുന്നു നിവിൻ പോളിയുടെ കൂടെ "ആക്ഷൻ ഹീറോ ബിജു"ഇൽ അഭിനയിക്കുന്നത്. അഭിനയം തുടരാൻ തന്നെയാണ് ആഗ്രഹം 
 
14)അമേരിക്കൻ മലയാളിക്കായി മേജർ രവി നൽകുന്ന സന്ദേശം 
 
അമേരിക്കയിൽ വരാനും, അമേരിക്കൻ മലയാളികളുമായി അടുത്ത് ഇടപെടാൻ എനിക്ക് ഒട്ടേറെ തവണ അവസരം ലഭിച്ചിട്ടുണ്ട്. വളരെ നന്നായി ജോലി ചെയതു, കഠിന പ്രയത്നം നടത്തി, ജീവിത മണ്ഡലങ്ങളിൽ  വിജയക്കൊടി നാട്ടിയവരാണ് അമേരിക്കൻ മലയാളികൾ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പലപ്പോഴും ആശിച്ചു പോകാറുണ്ട് , അമേരിക്കയിൽ ഉള്ളത് പോലെ നിയമങ്ങൾ പാലിച്ചു , നിയമം അനുശാസിക്കുന്ന പോലെ ജീവിതം ക്രമപ്പെടുത്തിയാൽ നമ്മുടെ നാട്ടിലും കാര്യങ്ങൾ എത്രയോ മെച്ചപ്പെട്ടേനെ എന്ന് .....
 
മലയാള സിനിമയ്ക്കു ആർമി ലോകത്തിലെ സാഹസികതയുടെ വ്യത്യസ്ത ദൃശ്യാനുഭവവിസ്മയങ്ങൾ  തനതായ ശൈലിയിൽ മലയാള പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ച  മലയാളത്തിന്റെ ഹിറ്റ് ഡയറക്ടർ മേജർ രവി  പറഞ്ഞു നിർത്തി

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.