പിന്‍സീറ്റ് ബല്‍റ്റ്: സര്‍ക്കാരിനെതിരെ നടന്‍ ജഗദീഷ് അശ്വമേധത്തോട്
കാറുകളില്‍ പിന്‍സീറ്റുകളിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍ട്ട് നിര്‍ബന്ധമാക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുമ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിംഗുമായി സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കേണ്ടതായിരുന്നുവെന്ന് നടന്‍ ജഗദീഷ്. സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ ഋഷിരാജ്‌സിംഗിന് വിഷമമുണ്ടാവുന്നത് സ്വാഭാവികമാണ്. അദ്ദേഹത്തെപ്പോലൊരാള്‍ അവധിയില്‍ പ്രവേശിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി.
നമ്മുടെ രാജ്യത്തെ മുമ്പോട്ടുനയിക്കുന്നത് കോംപ്രമൈസുകളാണ്. പോസിറ്റീവായുള്ള തീരുമാനമെടുക്കുമ്പോള്‍ പരസ്പരം സഹകരിച്ചു നീങ്ങുന്നതാണ് എപ്പോഴും നല്ലത്. ഋഷിരാജ് സിംഗ് പലപ്പോഴും കൊണ്ടുവന്ന നിയമങ്ങള്‍ ജനങ്ങളുടെ നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടിയുള്ളതാണ്. കഴിഞ്ഞ കുറച്ചുകാലമായി റോഡപകടങ്ങള്‍ കുറയാന്‍ കാരണം അദ്ദേഹത്തിന്റെ നടപടികളാണ്. ഇക്കാര്യം ജനങ്ങള്‍ക്കും സര്‍ക്കാരിനും അറിയാം. ഋഷിരാജ്‌സിംഗിന്റെ താല്‍പ്പര്യവും ഉദ്ദേശശുദ്ധിയും സര്‍ക്കാര്‍ മനസിലാക്കണം.
ഇത് ഒരു ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ താല്‍പ്പര്യമോ ധാര്‍ഷ്ട്യമോ അല്ല. സര്‍ക്കാരുമായി ഒത്തുചേര്‍ന്നുകൊണ്ട് ഋഷിരാജ്‌സിംഗും കോംപ്രമൈസ് ചെയ്യാന്‍ വരണമെന്നാണ് ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ ആഗ്രഹിക്കുന്നത്.
കാറിന്റെ പിന്‍സീറ്റിലിരിക്കുമ്പോള്‍ സീറ്റ് ബെല്‍ട്ടിടുന്നത് സുരക്ഷ കൂട്ടുകയേയുള്ളൂ. ദിവസവും റോഡില്‍ പിടഞ്ഞുവീഴുന്നത് നൂറുകണക്കിന് ജീവനുകളാണ്. സീറ്റ് ബെല്‍ട്ട് ഇട്ടിരുന്നെങ്കില്‍ കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ അപകട മരണം ഒഴിവാക്കാമായിരുന്നുവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.
ഋഷിരാജ് സിംഗ് കൊണ്ടുവരുന്ന നിയമങ്ങള്‍ വ്യക്തിപരമായി ഒരുപാട് അസൗകര്യങ്ങള്‍ ഉണ്ടാക്കിയേക്കാം. കാറോടിക്കുമ്പോള്‍ ബെല്‍ട്ടൊക്കെ വലിച്ചിടണമെങ്കില്‍ ചെറിയൊരു പ്രയാസമുണ്ട്. എന്നാല്‍ നമ്മുടെ ജീവനെക്കുറിച്ചോര്‍ത്താല്‍ അതൊന്നും ഒരു വിഷമമായി കാണാന്‍ കഴിയില്ല.
ആദ്യഘട്ടത്തില്‍ ഇത്തരം നിയമങ്ങളെ ജനങ്ങള്‍ എതിര്‍ക്കുന്നത് സ്വാഭാവികമാണ്. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയപ്പോഴും എതിര്‍പ്പുകളേറെയുണ്ടായി. എന്നാല്‍ അത് അത്യാവശ്യമാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി. ജനങ്ങള്‍ എതിര്‍ക്കുന്നത്
കേള്‍ക്കേണ്ടതാമസം സര്‍ക്കുലര്‍ റദ്ദാക്കുകയായിരുന്നില്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. പകരം ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് ശ്രമിക്കേണ്ടത്.
ഋഷിരാജ് സിംഗിനെപ്പോലുള്ള ഉദ്യോഗസ്ഥന്‍ ഒരു സര്‍ക്കുലര്‍ നടപ്പാക്കുമ്പോള്‍ അത് വെറുതെയാവില്ല. വ്യക്തമായി പഠിച്ചശേഷമേ അദ്ദേഹം എന്തുകാര്യവും ചെയ്യുകയുള്ളൂ. ഇനിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ജനഹിതവും ഉദ്യോഗസ്ഥഹിതവും മനസിലാക്കണം.
ഞാനൊരു കോണ്‍ഗ്രസ് അനുഭാവിയാണ്. എന്നാല്‍ ജനങ്ങള്‍ക്കെതിരായ കാര്യങ്ങളാണ് അവര്‍ ചെയ്യുന്നതെങ്കില്‍ എതിര്‍ക്കും. എതിര്‍പാര്‍ട്ടികള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകയും ചെയ്യും. നരേന്ദ്രമോഡി ബി.ജെ.പിക്കാരനാണ്.
എന്നാല്‍ അദ്ദേഹം ചെയ്ത ചില നടപടികള്‍ സ്വാഗതാര്‍ഹമാണ്.
തന്നെക്കുറിച്ചുള്ള പാഠപുസ്തകം പിന്‍വലിക്കണമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അഭിമാനം തോന്നി. ജീവിച്ചിരിക്കുന്നവരെയല്ല, മരിച്ചുപോയ മഹാന്മാരെയാണ് നാം പഠിക്കേണ്ടത് എന്നാണ് മോഡി പറഞ്ഞത്. ഇതുപോലുള്ള നിലപാടുകളായിരിക്കണം എല്ലാവരും സ്വീകരിക്കേണ്ടതെന്നും ജഗദീഷ് പറഞ്ഞു.
Comments