ഒരിടവേളയ്ക്കുശേഷം വീണ്ടും മലയാളികളുടെ സ്വീകരണമുറിയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് നടി വിനയപ്രസാദ്. 'ബാലാമണി' സീരിയലില്‍ പഴയതുപോലെ കരഞ്ഞിരിക്കുന്ന സ്ത്രീയല്ല അവര്‍. പകരം ബോള്‍ഡായ അമ്മയാണ്. സീരിയല്‍ ചരിത്രത്തിലെ എക്കാലത്തേയും വലിയ റെക്കോഡായ 'സ്ത്രീ'യിലെ നായികയായ വിനയാപ്രസാദിന് അക്കാലത്തെക്കുറിച്ച് ഒരിക്കലും മറക്കാന്‍ കഴിയില്ല. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആ ഓര്‍മ്മകളിലേക്ക് നമ്മെ കൊണ്ടുപോവുകയാണ് വിനയാപ്രസാദ്.
'സ്ത്രീ' സീരിയല്‍ കുടുംബങ്ങളില്‍ ചര്‍ച്ചയായ സമയം. ഷൂട്ടിംഗിന് മാസത്തില്‍ ഒരു തവണയാണ് ബാംൂരില് നിന്ന് കൊച്ചിയിലെത്തുക. ടൈറ്റ് ഷെഡ്യൂളാണ്. ഒരു ദിവസം നിര്‍മ്മാതാക്കളായ യന്ത്ര മീഡിയയില്‍ നിന്നും എനിക്കൊരു കോള്‍.
''സ്ഥിരമായി സ്ത്രീ സീരിയല്‍ കാണുന്ന ഒരു മുത്തശ്ശിയുണ്ട്, തൃശൂരില്‍. അവര്‍ക്ക് വയ്യാതായിട്ട് നാളേറെയായി. എഴുന്നേറ്റിരിക്കാന്‍ പോലും കഴിയില്ല. പക്ഷേ 'സ്ത്രീ'യുടെ ടൈറ്റില്‍സോംഗ് ടി.വിയില്‍ നിന്നു കേട്ടാല്‍ അവര്‍ പതുക്കെ എഴുന്നേല്‍ക്കും. സീരിയല്‍ അവസാനിച്ചാല്‍ പഴയ അവസ്ഥയിലാവും. ആ മുത്തശ്ശിക്ക് മാഡത്തെ കാണാന്‍ ഭയങ്കര ആഗ്രഹം. പക്ഷെ എറണാകുളത്തേക്കു വരാന്‍ ആരോഗ്യം അവരെ അനുവദിക്കുന്നില്ല.''
ഷൂട്ടിംഗിനിടയില്‍ തൃശൂരിലേക്ക് പോവുകയെന്നത് പ്രായോഗികമല്ല. സമയം കിട്ടുമ്പോള്‍ അവരെ കാണാന്‍ പോകാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
അടുത്തമാസം എറണാകുളത്തെ പനമ്പിള്ളി നഗറിലായിരുന്നു ഷൂട്ടിംഗ്. ബ്രേക്കിന് ഒരു കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ വിശ്രമിക്കുമ്പോഴാണ് താഴെ നിന്ന് സംവിധായകന്‍ വിളിക്കുന്നത്.
''മാഡത്തിന് ഒരു ഗസ്റ്റുണ്ട്. ഒന്നു താഴെവരെ വരാമോ?''
ഉത്കണ്ഠയോടെ താഴെയെത്തിയപ്പോള്‍ പുറത്ത് ഒരു കാര്‍ കിടപ്പുണ്ട്. എന്നെക്കണ്ടിട്ടാവണം, കാറിന്റെ മുന്‍സീറ്റില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ പുറത്തിറങ്ങിഅടുത്തേക്കുവന്നു.
''അമ്മയാണ്. എഴുന്നേല്‍ക്കാന്‍ വയ്യ. മാഡത്തെ കാണണമെന്ന് പറഞ്ഞ് വാശിപിടിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.''
അപ്പോഴാണ് മുത്തശ്ശിയെക്കുറിച്ചോര്‍ത്തത്. ഞാന്‍ പോകാത്തതുകൊണ്ട് അവര്‍ എന്നെത്തേടി വന്നിരിക്കുന്നു. കസവുസാരിയുടുത്ത് വലിയ പൊട്ടുതൊട്ട മുത്തശ്ശി കാറില്‍ ചാരിയിരിക്കുകയാണ്. ക്ഷീണിതയാണെന്ന് ഒറ്റനോട്ടത്തിലറിയാം. എന്റെ മുഖം കണ്ടപ്പോള്‍ അവര്‍ ചാടിയെണീറ്റു.
''അയ്യോ, അമ്മ എഴുന്നേല്‍ക്കണ്ടായിരുന്നു.''
ഞാന്‍ പറഞ്ഞപ്പോള്‍ ആ അമ്മ കൈകൂപ്പി.
''എന്റെ ദേവി വന്നാല്‍ ഞാന്‍ എഴുന്നേല്‍ക്കണ്ടേ?''
അവര്‍ എന്റെ കൈയില്‍ പിടിച്ചു. ഞാനവരോട് വിശേഷങ്ങള്‍ ചോദിച്ചു. അവരെന്റെ മുടിയിഴകളില്‍ വാത്സല്യത്തോടെ തലോടി. തലയില്‍ കൈവച്ച് അനുഗ്രഹിച്ചു.
''എന്റെ മോഹം സഫലമായി. ഇനി എനിക്ക് മരിച്ചാലും കുഴപ്പമില്ല.''
ഞാന്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ അവര്‍ പറഞ്ഞു.
കാറിന്റെ ബാക്ക് ഡോറടച്ചു കഴിഞ്ഞപ്പോള്‍ മകന്‍ എന്റടുത്തേക്കുവന്നു.
''വെള്ളം കുടിക്കാന്‍ പോലും എഴുന്നേല്‍ക്കാത്ത അമ്മയാണ് മാഡത്തെ കണ്ടപ്പോള്‍ ചാടിയെണീറ്റത്. ഒരുപാടു നന്ദിയുണ്ട്. നിങ്ങള്‍ക്കും ഈ സീരിയലിനും.''
ലൊക്കേഷനില്‍ നിന്നും കാര്‍ അകന്നുപോയപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. ഓസ്‌കാര്‍ അവാര്‍ഡ് കിട്ടിയാലും ഇത്ര സന്തോഷമുണ്ടാവില്ല. ഇപ്പോഴും ഇടയ്ക്ക് സ്വപ്നത്തില്‍ വന്ന് ആ അമ്മൂമ്മ പറയും.
''നീയെന്റെ ദേവിയാണ്.''
മറ്റൊരു സംഭവം നടന്നത് കുവൈറ്റിലാണ്. സ്ത്രീജന്മത്തില്‍ അഭിനയിക്കുന്ന സമയമായിരുന്നു അത്. അത്തവണത്തെ ഓണപ്പരിപാടിക്കാണ് ഞാനും സംഘവും പോയത്. അഞ്ചായിരം പേരുള്ള സദസ്സ് ഞങ്ങളുടെ കലാപരിപാടിക്കുവേണ്ടി കണ്ണുതുറന്നിരിക്കുകയാണ്. ആദ്യം വേദിയിലെത്തിയത് ഞാനായിരുന്നു. എന്നെക്കണ്ടപ്പോള്‍ ഒരമ്മയുടെ മടിയിലിരുന്ന രണ്ടരവയസുകാരന്‍ ചാടിയെണീറ്റു.
''അമ്മേ, നോക്ക് ത്രീജമ്മം ത്രീജമ്മം''
സ്ത്രീജന്മം എന്നു പറയാന്‍ അറിയില്ലെങ്കിലും അവന്‍ ദൂരെനിന്ന് എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. കൊച്ചുകുട്ടികള്‍ പോലും ഇഷ്ടപ്പെടുന്നതില്‍ എനിക്ക് സന്തോഷം തോന്നി. രണ്ടു തലമുറകളാണ് എന്നെ സ്‌നേഹിച്ചത്. ഒരു മുത്തശ്ശിയും രണ്ടരവയസുകാരനും. ഇതില്‍പരം എന്താണിനി വേണ്ടത്?
Comments