You are Here : Home / അഭിമുഖം

മുരളി സഹായിച്ചു; ഞാന്‍ ഓണമുണ്ടു

Text Size  

Story Dated: Wednesday, September 10, 2014 09:23 hrs UTC

നടി ശാന്തകുമാരിയുടെ കരളലിയിക്കുന്ന ഓണാനുഭവം
 
 
 
 
പത്തുവര്‍ഷം മുമ്പുള്ള കഥയാണ്. കോഴിക്കോട്ട് ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. സഹനടിയായി അഭിനയിക്കാന്‍ എത്തിയതായിരുന്നു ഞാന്‍. ഓണത്തിന് ഒരാഴ്ച മുമ്പ് എന്റെ സീനുകള്‍ തീര്‍ന്നപ്പോള്‍ ഞാന്‍ ആശ്വസിച്ചു. കാരണം പലപ്പോഴും ഓണത്തിനു വീട്ടിലെത്താന്‍ കഴിയാറില്ല. ചില സമയങ്ങളില്‍ തിരുവോണ ദിവസം രാവിലെയാവും വീട്ടിലെത്തുക. അല്ലെങ്കില്‍ ഓണം കഴിഞ്ഞയുടന്‍ തിരിച്ചുപോകേണ്ടിവരും. ഇത്തവണ അത്തരം പ്രശ്‌നങ്ങളൊന്നുമുണ്ടാവാത്തതില്‍ സമാധാനത്തോടെ ഓണമാഘോഷിക്കാം. ഓണക്കാലത്താണ് മക്കളൊക്കെ വീട്ടിലേക്കു വരിക. ഇന്നത്തെപ്പോലെയല്ല, അന്ന്. തിരുവോണത്തിന്റെ മൂന്നു നാലു ദിവസം മുമ്പു തന്നെ ആഘോഷം തുടങ്ങും. ഓണക്കോടിയും ഓണസദ്യയൊക്കെ നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ വിഷു കഴിഞ്ഞാലുള്ള പ്രതീക്ഷ ഓണക്കാലത്തിനാണ്. 
ഹോട്ടലില്‍ മുറി വെക്കേറ്റ് ചെയ്ത ശേഷം ബാഗുമായി ഞാന്‍ ലൊക്കേഷനിലെത്തി. യൂണിറ്റിലെ എല്ലാവരോടും യാത്ര പറഞ്ഞശേഷം നിര്‍മ്മാതാവിന്റെ മുന്നിലെത്തി. ഒരു കവര്‍ അയാള്‍ എനിക്കു നേരെ നീട്ടി. അഭിനയിച്ചതിന്റെ പ്രതിഫലമാണ്.  എണ്ണിനോക്കിയപ്പോള്‍ രണ്ടായിരം രൂപ. എനിക്ക് ദേഷ്യവും സങ്കടവുമൊക്കെ തോന്നി. 
''സാറെ ഈ രണ്ടായിരം രൂപ കൊണ്ട് ഞാനെന്തു ചെയ്യാനാ? കുട്ടികള്‍ക്ക് ഓണക്കോടി വാങ്ങിച്ചുകൊടുക്കാന്‍ പോലും ഇതു തികയില്ലല്ലോ?''
ഞാന്‍ രോഷത്തോടെ വിതുമ്പിക്കൊണ്ടു പറഞ്ഞു. പക്ഷേ ആ ചോദ്യത്തിലൊന്നും അയാള്‍ കുലുങ്ങിയില്ല. 
''ഓണമാഘോഷിക്കാന്‍ ബാക്കി രണ്ടു ചക്ക കൂടി കൊണ്ടുപോയ്‌ക്കോളൂ''
അയാളുടെ വാക്കുകളിലെ പരിഹാസം എനിക്കു തിരിച്ചറിയാമായിരുന്നു. അതോടെ എന്റെ സകല നിയന്ത്രണങ്ങളും വിട്ടു. ഞാനവിടെയിരുന്ന് പൊട്ടിക്കരയാന്‍ തുടങ്ങി. 
ഓണത്തിനു വീട്ടിലേക്കു വരുന്ന മക്കള്‍ക്ക് എന്തുവാങ്ങിച്ചുകൊടുക്കുമെന്നായിരുന്നു എന്റെ ചിന്ത. തുച്ഛമായ തുകയാണ് അന്നെനിക്കു പ്രതിഫലം. സീനുകള്‍ മുഴുവന്‍ തീര്‍ന്നിട്ടും പണം മുഴുവന്‍ തരാതെ വന്നപ്പോഴാണ് ഞാനാകെ വല്ലാതായത്. 
ദൂരെ ഇരിക്കുകയായിരുന്ന നടന്‍ മുരളി എന്റെ കരച്ചില്‍ കേട്ട് അടുത്തേക്കു വന്നു. 
''ചേച്ചി എന്തിനാണ് കരയുന്നത്?''
മുരളി ചോദിച്ചു. കണ്ണുതുടച്ചുകൊണ്ട് ഞാന്‍ അവിടെയുണ്ടായ കാര്യങ്ങള്‍ മുരളിയോടു പറഞ്ഞു. ചക്കയുടെ കാര്യം പറഞ്ഞപ്പോള്‍ മുരളിക്കു ദേഷ്യം വന്നു. അപ്പോള്‍ തന്നെ പ്രൊഡക്്ഷന്‍ കണ്‍ട്രോളറെ അടുത്തേക്കു വിളിച്ചു. 
''ശാന്ത ചേച്ചിയുടെ പണം മുഴുവന്‍ കൊടുത്തിട്ടേ ഇനി ഞാന്‍ അഭിനയിക്കുന്നുള്ളൂ''
ഉറച്ച ശബ്ദത്തില്‍ മുരളി പറഞ്ഞപ്പോള്‍ അവനു പേടിയായി. അവന്‍ അപ്പോള്‍തന്നെ നിര്‍മ്മാതാവിനടുത്തു പോയി കാര്യം പറഞ്ഞു. നിര്‍മ്മാതാവ് മുരളിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തീരുമാനത്തില്‍ ഉറച്ചുനിന്നു. 
''പണം കൊടുത്തിട്ട് മാത്രം ഇനി സംസാരിച്ചാല്‍ മതി.''
മുരളിയോട് പിന്നീടാരും ഒന്നും പറഞ്ഞില്ല. അഞ്ചു മിനുട്ടിനുള്ളില്‍ നിര്‍മ്മാതാവ് ബാക്കി പണം കൂടി കൊടുത്തയച്ചു. അതു വാങ്ങിച്ച് മുരളിയോടു നന്ദി പറഞ്ഞ് ലൊക്കേഷന്‍ വിടുമ്പോള്‍ സന്തോഷത്താല്‍ എന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.