കഥാപാത്രത്തിന് വ്യത്യസ്തമായ പേരുകളിടുന്ന സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ധിഖ്, ഗര്‍വാസിസ് ആശാനും സന്ധ്യാവും സൃഷ്ടിക്കപ്പെട്ടതെങ്ങനെയെന്ന് ഓര്‍ത്തെടുക്കുന്നു
ഓരോ വര്‍ഷവും നൂറുകണക്കിന് കഥാപാത്രങ്ങളാണ് മലയാളസിനിമയില്‍ ജനിച്ചുവീഴുന്നത്. അവയ്ക്കിടയില്‍ എന്റെ കഥാപാത്രങ്ങള്‍ വേറിട്ടുനില്‍ക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് തിരക്കഥയെഴുത്തിന്റെ സമയത്ത് വളരെയധികം ആലോചിച്ച് പേരിടുന്നത്. ഒരുപക്ഷെ എഴുത്തിന്റെ അത്രയും റിസ്‌ക് പേരിടുന്നതിലുമുണ്ട്. സ്ഥിരം കേള്‍ക്കുന്ന പേരുകള്‍ പ്രേക്ഷകരുടെ മനസില്‍ നില്‍ക്കില്ല. പ്രത്യേകതയുള്ളതുകൊണ്ട് ഞങ്ങള്‍ പടച്ചുവിട്ട കഥാപാത്രങ്ങള്‍ ഇപ്പോഴും ചര്‍ച്ചയാവുന്നത്. ഗര്‍വാസീസ് ആശാനും സന്ധ്യാവും റാംജിറാവുവും അഞ്ഞൂറാനും എല്‍ദോയും ഉറുമീസ് തമ്പാനും മാന്നാര്‍ മത്തായിയും ഉഗ്രനും കുരുവിയും മറ്റെവിടെയാണുള്ളത്?
കുഞ്ഞുനാളില്‍ വാരാപ്പുഴ ഭാഗത്ത് ചവിട്ടുനാടകങ്ങള്‍ കാണാന്‍ പോകുന്നത് ശീലമായിരുന്നു. ക്രിസ്ത്യന്‍ ബൈബിള്‍ നാടകങ്ങളാണ് ചവിട്ടുനാടകമായി അവതരിപ്പിക്കുക. ബാലെയുടെ മറ്റൊരു വേര്‍ഷന്‍ എന്നുവേണമെങ്കില്‍ പറയാം. അത് പഠിപ്പിക്കുന്നയാളാണ് ഗര്‍വാസീസ് ആശാന്‍. നാടകത്തിന്റെ ഇടവേളയില്‍ അനൗണ്‍സ്‌മെന്റ് കേള്‍ക്കാം.
'കഥാപാത്രങ്ങളും അഭിനയിച്ചവരും. രാജാവ്-ഗര്‍വാസീസ് ആശാന്‍...'
അന്നു മുതല്‍ മനസില്‍ കടന്നുകൂടിയ പേരാണത്. മാന്നാര്‍ മത്തായിയുടെ തിരക്കഥയെഴുതാന്‍ വേണ്ടി ഞാനും ലാലും ഇരിക്കുമ്പോള്‍ വീണ്ടും മനസിലേക്ക് കയറിവന്നു, ആശാന്‍. ഉര്‍വശി തിയറ്റേഴ്‌സിന്റെ നാടകത്തിനായി ഒരു നടിയെ തപ്പിയെടുക്കാന്‍ പഴയ നാടകക്കാരനെത്തേടിപ്പോവുകയാണ് പ്രധാന നടനായി അഭിനയിക്കുന്ന ഗോപാലകൃഷ്ണന്‍. പഴയ നാടകക്കാരന് നല്ലൊരു പേരുവേണം. അതിന് കറക്ടാണ് ഗര്‍വാസീസ് ആശാന്‍. മറ്റൊരു പേര് എനിക്ക് സങ്കല്‍പ്പിക്കാനേ കഴിയില്ലായിരുന്നു. മാത്രമല്ല, തന്നെ പഠിപ്പിച്ച ഒരു ഗര്‍വാസീസ് മാഷെപ്പറ്റി ലാലും ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. പഴയ നാടകക്കാരന് ഗര്‍വാസീസ് എന്നു പേരിട്ടാലോ എന്നു ചോദിച്ചപ്പോള്‍ ലാലിനും സമ്മതം. ഗോപാലകൃഷ്ണും പൊന്നപ്പനും കൂടി ഗര്‍വാസീസ് ആശാന്റടുത്തെത്തുന്നു. ആശാന്റെ സന്തതസഹചാരിക്കൊരു പേരുവേണം. പേരിലൊരു സ്‌ത്രൈണത തോന്നണം. ആ സമയത്താണ് കലൂര്‍ ഗവ.ഹൈസ്‌കൂളില്‍ രണ്ടാംക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ ഒപ്പം പഠിച്ച ചങ്ങാതിയെ ഓര്‍ത്തത്. നന്നായി പാട്ടുപാടുന്ന വെളുത്ത പയ്യന്റെ പേരിലെന്തോ പ്രത്യേകത അന്നേ തോന്നിയിരുന്നു. സന്ധ്യാവ് എന്നു പേരുള്ള അവന്‍ ഇപ്പോഴെവിടെയാണെന്ന് എനിക്കറിയില്ല.
സ്‌കൂളില്‍ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന സാഹിത്യസമാജങ്ങളില്‍ ഞാനും സന്ധ്യാവും മെഹബൂബുമൊക്കെയാണ് താരങ്ങള്‍. എന്റെ മിമിക്രിയും സന്ധ്യാവിന്റെയും മെഹബൂബിന്റെയും പാട്ടുകളുമാണ് സമാജത്തിലെ പ്രധാനയിനങ്ങള്‍. കലൂര്‍, ചെല്ലാനം, വല്ലാര്‍പാടം ഭാഗങ്ങളിലെ ക്രിസ്തീയ കുടുംബങ്ങളിലെ അംഗങ്ങള്‍ക്കുള്ള പേരാണതെന്ന് പിന്നീട് മനസിലായി. എങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് അതൊരു വേറിട്ട പേരായിരുന്നു. സന്ധ്യാവിനെ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ചതോടെ കഥാപാത്രം ഹിറ്റായി. സന്ധ്യാവിനെ അന്ന് ഏഴാം ക്ലാസില്‍ വച്ചു കണ്ടതാണ്. ഒരുപക്ഷെ മാന്നാര്‍ മത്തായി കണ്ട് അവന്‍ സ്വന്തം പേര് തിരിച്ചറിഞ്ഞുകാണുമോ?
Comments