മോഹന്‍ സിതാര
എന്റെ സംഗീതജീവിതം ആരംഭിക്കുന്നത് വയലിനിസ്റ്റായാണ്. പത്തോ പന്ത്രണ്ടോ വയസു മുതല്‍ തന്നെ ഗാനമേളകളില്‍ പാടാന്‍ പോകുമായിരുന്നു. അന്നു മുതല്‍ തന്നെ വയലിനും വായിക്കുമായിരുന്നു. ആദ്യകാലത്ത് പള്ളികളില്‍ വയലിന്‍ വായിക്കാനായി പോയിരുന്നു. അന്നത്തെ എന്റെ വയലിന്‍ വായനക്ക് ഒരുപാട് നോട്ടുമാലകള്‍ ലഭിച്ചിട്ടുണ്ട്. പിന്നീട് നാടകങ്ങള്‍ക്ക് പാട്ടുണ്ടാക്കാന്‍ തുടങ്ങി. അതിനു ശേഷം യേശുദാസിന്റെ തരംഗിണി സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ പഠിക്കാനായി പോയി. അവിടെ നിന്നാണ് സിതാരയിലെത്തുന്നത്.
സിതാര മ്യൂസിക് ക്ലബ് എന്നൊരു മ്യൂസിക് ക്ലബ്ബ് ആ സമയം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഒരു ഓര്‍ക്കസ്ട്ര ഗ്രൂപ്പായിരുന്നു സിതാര. തരംഗിണിയില്‍ പടിച്ചുകൊണ്ടിരിക്കുന്ന സമയത്തു തന്നെ സിതാരയില്‍ ചേര്‍ന്നു. ആദ്യം അവിടെ വയലിനിസ്റ്റായിരുന്നു. അന്ന് ജയചന്ദ്രന്‍, സച്ചിധാനം തുടങ്ങിയ ഗായകരൊക്കെ ഞങ്ങള്‍ക്കു വേണ്ടി പാടിയിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും നല്ല ഒരു ഓര്‍ക്കസ്ട്ര ഗ്രൂപ്പായിരുന്നു സിതാര. ഇരുപത്തഞ്ചോളം ആളുകള്‍ അതിന്റെ ഭാഗമായുണ്ടായിരുന്നു. സിതാര കേരളത്തിലങ്ങോളമിങ്ങോളം ഒരുപാട് സ്ഥലങ്ങളില്‍ പരിപാടി അവതരിപ്പിച്ചിരുന്നു. മാര്‍ക്കോസ് സിതാരയിലെ മറ്റൊരു ഗായകനായിരുന്നു. നാലഞ്ചു ഗായകര്‍, കീബോര്‍ഡ്, വയലിന്‍ ഒക്കെയുണ്ടായിരുന്നു.
സിതാര കൂടാതെ മറ്റൊരു ട്രൂപ്പിനു വേണ്ടിയും ഞങ്ങള്‍ പരിപാടി അവതരിപ്പിച്ചിരുന്നു. അന്ന് ചിത്ര, വേണുഗോപാല്‍, ശ്രീനിവാസ്, ചിത്രയുടെ ചേച്ചി ബീന എന്നിവരൊക്കെ ഞങ്ങള്‍ക്കൊപ്പം പാടിയിരുന്നു. കൈതപ്രവുമുണ്ട്. അദ്ദേഹം കോറസ് പാടുമായിരുന്നു. എം.ജി.രാധാകൃഷ്ണന്‍ ആയിരുന്നു അന്ന് സിതാരയിലെ മ്യൂസിക് കംപോസര്‍. സിഗരറ്റ് പാക്കറ്റിന്റെ മുകളിലൊക്കെ കൈതപ്രം അദ്ദേഹത്തിന് ലിറിക്‌സ് എഴുതിക്കൊടുക്കുന്നതൊക്കെ ഇന്നും ഓര്‍മിക്കാനാവുന്നുണ്ട്.
അന്ന് ഞങ്ങള്‍ക്ക് ഇടക്കിടെ ഗാനമേളകള്‍ ഉണ്ടാകും. ഇടവേളകളില്‍ മിമിക്രിയും ഉണ്ടായിരുന്നു. അന്ന് സിതാരയില്‍ മിമിക്രി അവതരിപ്പിക്കാന്‍ വന്നയാളാണ് ടി.കെ.രാജീവ്കുമാര്‍ എന്ന ഇപ്പോഴത്തെ സംവിധായകന്‍. അവനങ്ങനെ നവോദയയില്‍ ചെന്നെത്തി. അവര്‍ ആദ്യത്തെ സിനിമ ചെയ്തപ്പോള്‍ പുതിയ സംഗീതസംവിധായകരെയാണ് അന്വേഷിച്ചത്. അന്ന് രാജീവ്കുമാര്‍ എന്റെ പേര് നിര്‍ദ്ദേശിക്കുകയും അങ്ങനെ ഞാന്‍ ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കുകയും ചെയ്തു.
1986 ലാണ് സിനിമയില്‍ ഓര്‍ക്കസ്ട്ര ചെയ്യുന്നത്. അയിലൂര്‍ സദാശിവന്‍ എന്ന ഗായകന്‍ ഒരു സിനിമ ചെയ്തപ്പോള്‍ അതില്‍ ഓര്‍ക്കസ്ട്ര ചെയ്യാന്‍ വിളിച്ചത് എന്നെയാണ്. അങ്ങനെ അയിലൂര്‍ സദാശിവന്റെ പാട്ടുകള്‍ക്കാണ് സിനിമയില്‍ ആദ്യമായി ഓര്‍ക്കസ്ട്ര ചെയ്യുന്നത്. 'ഒന്നു മുതല്‍ പൂജ്യം വരെ' എന്ന ചിത്രത്തിലായിരുന്നു അത്.
അതിനു ശേഷം പിന്നെ പടങ്ങളൊക്കെ വന്നു തുടങ്ങി. 1986 ലാണ് 'ഒന്നു മുതല്‍ പൂജ്യം വരെ'ചെയ്യുന്നത്. ഒരു വര്‍ഷം കൂടി സിതാരയില്‍ തുടര്‍ന്നു. അതിനു ശേഷം സിതാരയില്‍ പോകാന്‍ സമയം കിട്ടിയിരുന്നില്ല. പിന്നീട് സിനിമയില്‍ സജീവമായി. സിതാര ഇന്നില്ല. എങ്കിലും എന്നെപ്പോലെ ഒരുപാട് കലാകാരന്‍മാരുടെ മനസ്സില്‍ ഇന്നും സിതാര മ്യൂസിക് ക്ലബ്ബും ഞങ്ങളുടെ ഓര്‍ക്കസ്ട്ര ഗ്രൂപ്പും ഗാനമേളകളും വയലിനും കീബോര്‍ഡുമൊക്കെ മായാതെ നില്‍ക്കുന്നു.
Comments