You are Here : Home / അഭിമുഖം

മണിഭായ് പോയതില്‍പിന്നെ ഞാന്‍ ഉറങ്ങിയിട്ടേയില്ല

Text Size  

Story Dated: Friday, March 11, 2016 08:15 hrs UTC





ഐ.എം.വിജയന്‍

 


മണിഭായ് എനിക്ക് കൂടപ്പിറപ്പായിരുന്നു. എവിടെ പ്രോഗ്രാമിന് പോകുമ്പോഴും എന്നെയും കൊണ്ടുപോകും. എന്നിട്ട് സ്‌റ്റേജില്‍ കയറ്റി പരിചയപ്പെടുത്തും.
''ഇത് ഐ.എം. എന്റെ അനിയനാണ്. നിറം കണ്ടാല്‍ത്തന്നെ അറിയാമല്ലോ.''
സദസ്സ് ചിരിച്ചുമറിയുന്നതിനിടെ എന്നെക്കുറിച്ചുള്ള കഥകള്‍ പറയും.
''ഈ കറുത്തമുത്ത് ചില്ലറക്കാരനല്ല കേട്ടോ. മൂന്നുതവണ ഇന്ത്യയിലെ മികച്ച കളിക്കാരനുള്ള അവാര്‍ഡ് വാങ്ങിച്ചയാളാണ്. അര്‍ജുന അവാര്‍ഡ് വേറെയും.''
ഇന്ത്യയിലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ജുറിയുടെ പ്രത്യേക പരാമര്‍ശം നേടിയ കലാകാരനാണ് ഈ പറയുന്നത്.
പ്രോഗ്രാമുള്ള ചില ദിവസങ്ങളില്‍ രാവിലെ എന്റെ വീട്ടിലേക്കുവരും.
''അടുത്ത രണ്ടുദിവസത്തേക്ക് എന്തെങ്കിലും പരിപാടിയുണ്ടോ?''
ചോദ്യം കേട്ടാലറിയാം, ദൂരയാത്രയ്ക്ക് ക്ഷണിക്കാന്‍ വേണ്ടിയാണെന്ന്. ഇല്ലെന്നു പറഞ്ഞാല്‍, രണ്ടു ജോഡി ഡ്രസ്സും ബാഗിലിട്ട് എനിക്കൊപ്പം വാ എന്നു പറയും. എങ്ങോട്ടാണെന്ന് ചോദിച്ചാല്‍ അത് സസ്‌പെന്‍സ് എന്നാവും മറുപടി. ആ പോക്ക് ബാംൂരിലേക്കോ ചെന്നൈയിലേക്കോ മുംബൈയിലേക്കോ ആയിരിക്കും. അവിടെ പ്രോഗ്രാമുണ്ടാകും. സിനിമയ്‌ക്കൊപ്പം തന്നെ ഫുട്‌ബോളിനെയും പ്രണയിച്ചിരുന്നു, മണിഭായ്. ഞാന്‍ തിരിച്ചാണ്. എനിക്ക് ഫുട്‌ബോള്‍ പോലെ പ്രിയമാണ് അഭിനയം.
ജയരാജിന്റെ 'ശാന്തം' എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നപ്പോള്‍ ആദ്യം അഭിപ്രായം തേടിയത് മണിഭായിയോടാണ്.
''ഒന്നും പേടിക്കേണ്ട ഐ.എമ്മേ, ജയരാജ് സാര്‍ പറയുന്നതുപോലെയങ്ങ് ചെയ്താല്‍ മതി.''
ആ ധൈര്യത്തിലാണ് അഭിനയിച്ചുതുടങ്ങിയത്. രണ്ടാമത്തെ സിനിമയായ 'ആകാശത്തിലെ പറവകളി'ല്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് മണിഭായ് നായകനായതുകൊണ്ടാണ്. അതിലെ എന്റെ സീനുകള്‍ നന്നായിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റും ഭായിക്ക് അവകാശപ്പെട്ടതാണ്. 'തിമിരു' എന്ന തമിഴ് സിനിമയിലേക്ക് അവസരം വന്നപ്പോഴും എനിക്ക് കൃത്യമായ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. പ്രധാന കാരണം എനിക്ക് തമിഴ് അത്ര വശമില്ല.
''ഐ.എമ്മേ, ഇതൊന്നും ഒരു വിഷയമായി കാണേണ്ടതില്ല. ആ സിനിമയിലെ ഡയലോഗ് അയച്ചുതരാന്‍ പറ. എന്നിട്ട് മലയാളത്തിലെഴുതി പഠിക്ക്. ലൊക്കേഷനിലെത്തുമ്പോള്‍ കറക്ടാവും. ഞാനൊക്കെ ഇങ്ങനെയാ ചെയ്യുന്നത്.''
മണിഭായ് പറഞ്ഞതുപോലെ ചെയ്തു. ലൊക്കേഷനിലെത്തി കൃത്യമായി ഡയലോഗ് പറഞ്ഞപ്പോള്‍ യൂണിറ്റിലുള്ളവര്‍ മൊത്തം ഞെട്ടി. പലരും എന്നോടുചോദിച്ചു-സാറിന് തമിഴ് നന്നായി അറിയാം. അല്ലേ? ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല.
ഒരുമാസം മുമ്പാണ് മണിഭായിയെ അവസാനമായി കണ്ടത്. കരളിന് അസുഖമുള്ളതും ഷുഗറുള്ളതുമൊക്കെ അറിയാമായിരുന്നു. എന്നിട്ടും വാക്കുകളില്‍ അസാമാന്യമായ ധൈര്യം സൂക്ഷിച്ചിരുന്നു, മണിഭായ്. ശരീരം നന്നായി മെലിഞ്ഞ സമയത്താണ് കണ്ടത്. അപ്പോഴും പ്രോഗ്രാമുകള്‍ക്ക് കുറവുണ്ടായിരുന്നില്ല. മരിക്കുന്നതിന് ഒരാഴ്ച മുമ്പാണ് മലപ്പുറത്ത് ഒരു പ്രോഗ്രാമിന് വേണ്ടി പോയത്. അന്നവിടെ ഇളക്കിമറിച്ചുവെന്നാണ് ഞങ്ങളുടെ കൂട്ടുകാരനായ കുഞ്ഞാക്ക പറഞ്ഞത്. മരണം ഇത്ര പെട്ടെന്ന് മണിഭായിയെ കൊണ്ടുപോകുമെന്ന് ഒരിക്കലും കരുതിയതല്ല. സഹായം ചോദിച്ച് അടുത്തുവരുന്നവരെ വെറുംകൈയോടെ വിട്ട ചരിത്രമില്ല, മണിഭായിക്ക്. കേരളത്തിലെ ഒരുപാട് ദരിദ്രകുടുംബങ്ങള്‍ക്ക് വിവാഹം നടത്താന്‍ സ്വര്‍ണ്ണം വാങ്ങിച്ചുകൊടുത്തത് എനിക്കറിയാം. പക്ഷെ ഇതൊന്നും പത്രസമ്മേളനം നടത്തി പറയാന്‍ അവന്‍ തയ്യാറല്ലായിരുന്നു. വൃക്കരോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും കരള്‍രോഗികള്‍ക്കും ആശ്വാസം പകര്‍ന്ന ആ മനുഷ്യനെയാണ് കരളുപറിച്ചെടുത്ത് ദൈവം കൊണ്ടുപോയത്. ഈ വിയോഗം എനിക്ക് സഹിക്കാനേ കഴിയുന്നില്ല. മണിഭായ് മരിച്ചതിനുശേഷം ഇതുവരെയും ഞാന്‍ ഉറങ്ങിയിട്ടില്ല. ഇപ്പോഴും എന്നെ അലട്ടുന്നത് ആ ചോദ്യമാണ്-കഷ്ടപ്പെടുന്നവരെ സഹായിച്ച, നന്മയുള്ള കലാകാരനെ എന്തിനാണ് ദൈവം നേരത്തെ കൊണ്ടുപോയത്?
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.