You are Here : Home / അഭിമുഖം

ഒരു ദിവസം നമുക്ക് എല്ലാം മറക്കാം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, June 15, 2016 12:20 hrs UTC

എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച കാന്‍സറിനെ അതിജീവിച്ചവരുടെ ദിനമായി ലോകമൊട്ടാകെ ആചരിച്ചു വരുന്നു. കഴിഞ്ഞ 8 വര്‍ഷമായി ഇത്തരത്തില്‍ കാന്‍സറിനെ അതിജീവിച്ചവര്‍ക്കും അവരുടെ കുടുബാഗങ്ങള്‍ക്കുമൊപ്പം ജൂണ്‍ മാസത്തില്‍ ഒരു ദിവസം ആഘോഷമൊരുക്കുന്നു അമേരിക്കന്‍ മലയാളികളുടെ പ്രിയ ഡോക്ടര്‍ സാറ ജെ ഈശോയും അവരുടെ നേതൃത്വത്തിലുള്ള ഓഷ്യന്‍ ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജിയും. ഓഷ്യന്‍ കൗണ്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഷ്യന്‍ ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജി എന്ന സംഘടന രോഗത്തിന്റെ വേദനക്കിടയില്‍ ജീവിതാഘോഷങ്ങള്‍ മറന്നുപോയവരെ തിരികെ കൊണ്ടുവരാനുള്ള വേദിയൊരുക്കുകയാണ്. ജീവിതത്തിന്റെ നിറക്കൂട്ടുകള്‍ നഷ്ടപ്പെട്ടെന്നു കരുതിയവരെ വര്‍ണാഭമായ ലോകത്തേക്കു കൈ പിടിച്ചുകൊണ്ടു വരുമ്പോള്‍ അവര്‍ ഭൂതകാലത്തെ തനിയെ മറന്നുപോകുന്നു. ഓഷ്യന്‍ കൗണ്ടിയില്‍ ഓരോ ഏരിയയിലെയും രോഗികള്‍ക്കു വേണ്ടി ഓരോ ദിവസം കണ്ടെത്തുന്നു.

 

ഓഷ്യന്‍ കൗണ്ടിയില്‍ 8 വര്‍ഷമായി ഡോക്ടര്‍ സാറയും ഓഷ്യന്‍ ഹമറ്റോളജി ആന്‍ഡ് ഓങ്കോളജിയും ആഘോഷം നടത്തി വരുന്നു. അന്നേ ദിവസം കാന്‍സറില്‍ നിന്ന് മുക്തരായ രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. അക്കൂട്ടത്തില്‍ കാന്‍സര്‍ വന്ന് മരിച്ചുപോയവരുടെ കുടുംബാംഗങ്ങളുമുണ്ടാകും. 'വര്‍ഷത്തില്‍ 365 ദിവസവും കാന്‍സറിനെക്കുറിച്ച് മാത്രം ചിന്തിച്ച് നടക്കുന്നവര്‍ക്ക് അത് മറന്നു കൊണ്ട് ഒരു ദിവസം. അതാണ് ഞങ്ങള്‍ ചെയ്യുന്നത്.' സാറ ജെ ഈശോ പറയുന്നു. അവരെ ആദരിക്കുക എന്നതാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. ഓരോ വര്‍ഷം കഴിയുമ്പോഴും ഇവിടേക്കെത്തുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുള്ളത്. ഈ വര്‍ഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ വിപുലമായി നടത്താനാണ് ആലോചിക്കുന്നത്. കാരണം ജീവിതം ആഘോഷിക്കുക എന്നതാണ് ഞങ്ങളുടെ മുഖ്യ അജണ്ട.

 

 

 

 

മലയാളി സംഘടനകള്‍ക്ക് എങ്ങനെ സഹായിക്കാന്‍ കഴിയും എന്ന ചോദ്യത്തിന്‌ മറുപടിയായി ഡോ സാറ ഈശോ പറഞ്ഞു. "മലയാളികള്‍ക്കിടയില്‍ കാന്‍സറിനെകുറിച്ചും കാന്‍സറിനു ശേഷവും ജീവിക്കാം എന്നതിനെ കുറിച്ചൊരു "awareness" ഉണ്ടാക്കിയെടുക്കുക എന്നതാണ്‌ ഏറ്റവും പ്രധാനം . അത്തരത്തിലുള്ള സെമിനാറുകള്‍ക്ക് പഠനക്ളാസുകള്‍ക്കും നേതൃത്വം കൊടുക്കാന്‍ സംഘടനകള്‍ക്ക് കഴിയും

 

 

ഒരു മലയാളിയും ഈ ആഘോഷത്തിലേക്ക് വരാറുമില്ല എന്നു ഡോക്ടര്‍ സാറ പറയുന്നു. ഇതിനു കാരണമായി എനിക്കു തോന്നുന്നത് 'സാധാരണ കാന്‍സര്‍ പോലൊരു അസുഖം വന്നാല്‍ ആരെയും അറിയിക്കാതിരിക്കുക എന്നതാണല്ലോ നമ്മള്‍ മലയാളികളുടെ പൊതുസ്വഭാവം. മാത്രമല്ല, നമ്മള്‍ ഒരസുഖം വന്നാല്‍ വൈകാരികമായി തളര്‍ന്നു പോകുന്നവരാണ്. അതു നാട്ടിലായാലും മറുനാട്ടിലായാലും ഒരേപോലെയാണ് എന്നതാണ് വാസ്തവം.അതുതന്നെയാണ് ഇതിനും കാരണം.' 'കാന്‍സറിനെ അതിജീവിക്കുന്നവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങലെ അപേക്ഷിച്ച് വളരെയധികം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കാന്‍സറിനെ അതിജീവിക്കുക എന്നത് ഒരു മോശം കാര്യമല്ല എന്നത് നമ്മള്‍ ഇനിയെങ്കിലും മനസിലാക്കേണ്ടിയിരിക്കുന്നു.'

 

ഇന്ത്യ പ്രസ്സ് ക്ളബ് ന്യുയോര്‍ക്ക് ചാപ്റ്ററിന്റെ പ്രസിഡന്റ് കൃഷ്ണ കിഷോറും സെക്രട്ടറി സണ്ണി പൌലോസും മുന്‍ കൈയെടുത്ത് ഇത്തവണ പരമാവധിയാളുകളെ പങ്കെടുപ്പിക്കുവാന്‍ ശ്രമം തുടങ്ങി കഴിഞ്ഞു. ജൂണ്‍ 24 ന്‌ 1 മണിക്ക് ന്യുജേഴ്സിയിലെ ഓഷ്യന്‍ കൌണ്ടിയിലാണ്‌

ക്യാന്‍സര്‍ സര്‍വൈവേഴ്സ് ദിനം ആഘോഷിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.