രാജി തോമസ് എന്ന പേരിനോട് മലയാളി ഒരുപാടു കടപ്പെട്ടിരിക്കുന്നു. സൈബര്‍ സ്പേസിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയതിന് , പുതിയൊരു ബിസിനസ് സംസ്കാരം കെട്ടിപ്പടുത്തതിന് , സായിപ്പിന്‍റെ കൈയില്‍ മാത്രമൊതുങ്ങിയ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗിന്‍റെ ഭാഷ കൈപ്പിടിയിലൊതുക്കിയതിന്, ഒടുവില്‍ വര്‍ഷങ്ങളോളംപെട്ടിയില്‍കിടന്ന മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമ ' എന്ന് സ്വന്തം മൊയ്തീന്‍' നമുക്ക് സമ്മാനിച്ചതിന്- വേഷത്തിലും ഭാഷയിലും കാപട്യമില്ലാത്ത, ലളിതജീവിതം നയിച്ച രാജി തോമസിനെ മലയാളി അറിഞ്ഞത് എന്ന് സ്വന്തം മൊയ്തീന്‍ എന്ന സിനിമ ഇറങ്ങിയപ്പോള്‍ മാത്രമാണ്. അതിനും മുന്പ് അമേരിക്കന്‍ ബിസിനസ് ലോകത്ത് മാക്ഡോണാള്‍ഡിന്റെയും വാള്‍മാള്‍ട്ടിന്റെയും പോലുള്ള വന്‍കിട കമ്പനികളെ വിജയത്തിലേക്ക് നയിച്ച രാജിതോമസിനെ അറിയാന്‍ ഒരുപാടുണ്ട്.
വന്‍ബിസിനസ് സാമ്രാജ്യം കേടിപ്പടുത്തപ്പോഴും രാജി തോമസ് സിംപിളാണ്?
ഞാന്‍ ആദ്യം മുതലേ ഇങ്ങിനെയാണ്. ഒരിക്കലും നമ്മള്‍ പുറത്ത് കാണിക്കുന്നതുണ്ട് ലോകം മാറുന്നു എന്ന വിശ്വാസക്കാരനല്ല. പുറമേ കാണാന്‍ വേണ്ടി കൂടുതലൊന്നും ചെയ്യാന്‍ താല്പര്യപ്പെടാത്ത ഒരാളാണ് ഞാന്‍. വളരെ സാധാരണ രീതിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അതില്‍ യാതൊരു മാറ്റവും ഇല്ല. ഒരു ഫിലോസഫി എടുത്തിട്ടു ലക്ഷുറി വേണോ വേണ്ടയോ എന്നൊന്നും ചിന്തിക്കുന്ന ആളല്ല. ഉള്ള സാമ്പത്തിക സ്ഥിതി അനുസരിച്ച് ജീവിക്കുക. നാം കാത്തു സൂക്ഷിച്ചു വക്കേണ്ടത് നമ്മുടെ ബ്രയിന്‍സ്പേസ് ആണ്. നമ്മുടെ ചിന്തകളാണ് ലോകത്തെ മാറ്റി മറിക്കുന്നത്. അതിനാല്‍ ചിന്തിക്കാന്‍ ആണ് ഞാന്‍ കൂടുതല്‍ സമയം കണ്ടെത്തുന്നത്. ബ്രയിന്‍സ്പേസ് വളരെ സീക്രട്ട് ആയി കൊണ്ടുനടക്കണം. വലിയ പ്രശ്നങ്ങള്‍ തലയില്‍ എടുത്ത് വയ്ക്കുക. അത് പരിഹരിക്കുക. വീണ്ടും വലിയ പ്രശ്നങ്ങള്‍ സ്വീകരിക്കുക. ഇതാണ് എന്റെ പോളിസി.
സ്പ്രിങ്ക്ളര്‍?
ഒരു സോഷ്യല്‍ മീഡിയ മാനേജ്മെന്റ് കമ്പനിയാണിത്. വലിയ കമ്പനികളുടെ സോഷ്യല്‍ മീഡിയ ചാനലുകള്‍ ഞങ്ങള്‍ കൊണ്ടുനടക്കുന്നു. 1300 കമ്പനികള്‍ വരെഞങ്ങളുടെ സഹായം തേടുന്നു. വലിയ കമ്പനികളുടെ ജീവിതം മാറ്റണം. അവര്‍ക്ക് ഇപ്പോള്‍ സമയമില്ല. അവര്‍ക്കായി ഞങ്ങള്‍ ജോലി ചെയ്യുന്നു. ഇതിനു മുന്‍പുള്ള മൂന്നു കമ്പനികളും ഇ മെയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളാണ്. കുറച്ചുവര്ഷംമുന്‍പ് വരെ ഇ മെയില്‍ മാര്‍ക്കറ്റിംഗ് വലിയ വ്യവസായം ആയിരുന്നു. എല്ലാം ഇ മെയില്‍ ആക്കി മാറ്റി. അതിന്‍റെ വളര്‍ച്ച മുഴുവന്‍ ഞാന്‍ കണ്ടു. അതിനാല്‍ നമ്മുടെ കമ്മ്യൂണിക്കേഷന്‍ എങ്ങിനെ മാറി എന്ന് ഞാന്‍ കണ്ടു. ആ മാറ്റത്തില്‍ ഞാന്‍ വിജയിച്ചു എന്ന് പറയാം.
സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച മുന്‍കൂട്ടി കണ്ടിരുന്നോ?
സോഷ്യല്‍ മീഡിയ ലോകത്തെ മാറ്റുമെന്ന് എനിക്കറിയാമായിരുന്നു.2008 ല്‍ഞാന്‍ 42 ബില്യന്‍ ഇ മെയില്‍ വരെ അയച്ചിട്ടുണ്ട്.. ആ വളര്‍ച്ചയില്‍ എനിക്ക് ഇ മെയിലിന്റെ പ്രശ്നങ്ങള്‍ മനസിലായി. അത് പരിഹരിക്കാന്‍ യാഹൂവിന്റെ അടുത്തും മൈക്രോസോഫ്റ്റ് ന്‍റെ അടുത്തും ഞാന്‍ ഓടി നടന്നു. ഒത്തിരി പ്രയാസങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ നിന്ന് ഞാന്‍ പഠിച്ചു. ഫേസ്ബുക്കും ട്വിറ്ററും ജനങ്ങള്‍ കണ്ടത് ഒരു പുതിയ സംഭവമായിട്ടാണ്. എന്നാല്‍ ഞാന്‍ അതിനെ കണ്ടത് എന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പറ്റുന്ന ഒന്നായാണ്. സ്പാം ഇ മെയിലിനെ സംബന്ധിച്ച് വലിയൊരു പ്രശ്നമാണ് .പെര്‍മിഷന്‍ ഇ മെയിലില്‍ ഇല്ലായിരുന്നു. ആര്‍ക്കും എന്തും അയയ്ക്കാം. സോഷ്യല്‍ മീഡിയ അത് പരിഹരിച്ചു. എനിക്കറിയാവുന്ന പോലെ ഇത്തരം പ്രശ്നങ്ങള്‍ മറ്റാര്‍ക്കും അറിയില്ലായിരുന്നു. കാരണം ഞാന്‍ ഇതുതന്നെ ചിന്തിച്ചിരിക്കുകയായിരുന്നു. പക്ഷെ ഞാന്‍ വിചാരിച്ചതിലും ഏറെ സോഷ്യല്‍ മീഡിയ വളര്‍ന്നുകഴിഞ്ഞു.
വിജയകഥകള്‍ മാത്രം പറയാനുള്ള ഒരു ഭാഗ്യം രാജിക്കുണ്ടായി. എന്നാല്‍ എപ്പോഴെങ്കിലും പരാജയം ജീവിതത്തില്‍ വരുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
പരാജയങ്ങളുടെ വില മിക്കവാറും മനുഷ്യര്‍ക്ക് അറിഞ്ഞുകൂടാ. ഒരു വഴിയില്‍ കൂടെ പോയാല്‍ ഉണ്ടാകാവുന്ന പ്രശ്നം ആ വഴിയില്‍ പോയി അതിന്‍റെ അറ്റത്ത് എത്തി പഠിക്കുന്നതിന്റെ വിലയാണ് അടുത്ത വഴി നീണ്ടദൂരം പോകാന്‍ പഠിക്കുന്നത്. പരാജയങ്ങളെ ഭയക്കുന്നവര്‍ക്ക് വലിയ കാര്യംചെയ്യാന്‍ കഴിയുമെന്ന് തോന്നില്ല. പരാജയം വിലകൊടുത്ത് വാങ്ങാന്‍ തയ്യാറാണ്. പരാജയങ്ങളില്‍ നിന്നു പഠിക്കാനെരേയുണ്ട്. വിജയം കേരളത്തില്‍ ഉണ്ടാക്കുന്നകറികള്‍ പോലെയാണ്.പല ടെയിസ്റ്റില്‍ പല ചേരുവകളില്‍ വരും. വിജയത്തില്‍ നിന്ന് പഠിക്കാന്‍ പഠിക്കാന്‍ പറ്റില്ല. വിജയങ്ങളില്‍ ഒത്തിരികാര്യങ്ങള്‍ ഉണ്ട്. പരാജയങ്ങളെ ഭയക്കുന്ന ഒരാളാണ് ഞാന്‍. ഞാന്‍ ജയിച്ചാല്‍ എല്ലാവര്‍ക്കും നല്ലതാ. ഞാന്‍ തോറ്റാല്‍ ജയിക്കാന്‍ വേണ്ടി വീണ്ടും ശ്രമിക്കും. അതില്‍ വിജയിച്ചേ അടങ്ങു. വെട്ടിപ്പും തട്ടിപ്പും ഞാന്‍ ശീലിച്ചിട്ടില്ല. നമ്മുടെ വിശ്വാസത്തിന്റെ ഉറപ്പനുസരിചിരിക്കും നമ്മുടെ വിജയം.
ഒരു പൈസയും ഇല്ലാതെ ഇരുന്ന സമയത്ത് ഒരിക്കല്‍ ഓഹരിയില്‍ കൂടുതല്‍ പണം ഉണ്ടായിരുന്നു. ഓരോ ദിവസവും അത് കൂടി വന്നു. എന്നാല്‍ എനിക്കതിനു അര്‍ഹതയുണ്ടോ എന്ന് ഞാന്‍ നോക്കി. അധ്വാനിക്കാത്ത്ത പണത്തിനു ഞാന്‍ അര്‍ഹനല്ല. പിന്നെ സ്റ്റോക്ക് താഴോട്ട് വന്നു കുറഞ്ഞപ്പോള്‍ മാത്രം ആണ് ഞാന്‍ അതെടുത്തത്. അതുപോയപ്പോള്‍ എനിക്ക് ചിരി വന്നു. നമ്മള്‍ ആയിട്ട് നേടാത്തത് നമ്മുടെ കൈയില്‍ ഇരുന്നാല്‍ അത് ഭാഗ്യക്കെടാനെന്നു വിശ്വസിക്കുന്ന ആളാണ്.
ജീവിതം/ സിനിമ?
ജീവിതത്തില്‍ അങ്ങിനെ ചിട്ടകളോന്നും ഇല്ലാത്തയാളാണ് ഞാന്‍. അച്ഛനും അമ്മയും അധ്യാപകരായിരുന്നു. നൈജീര്യയില്‍ ആയിരുന്നു അവര്‍. എന്നെ ബോര്‍ഡിംഗ് സ്കൂളിലാക്കി. ആരില്‍ നിന്നാണ് ഞാന്‍ പഠിക്കുന്നത് എന്ന സമയത്ത് എനിക്ക് പഠിക്കാന്‍ ആരും ഇല്ലായിരുന്നു. പലയിടത്തും പോയി പലതും കണ്ടു. ഞാന്‍ എങ്ങനെ ജീവിക്കുന്നു എന്നത് ഞാന്‍ തീരുമാനിച്ചതായിരുന്നു. എല്ലാവരെയും കണ്ടാണ് പഠിക്കുന്നത് . അതില്ലാത്തെ ഒരാളാണ് ഞാന്‍. ശരിയെന്നു തോന്നുന്നത് ഞാന്‍ ചെയ്യും. ആരെയും വിഷമിപ്പിക്കരുത് എന്ന് ആഗ്രഹം ഉണ്ട്. അത് ചെയ്യില്ല. തിന്മയില്‍ നിന്ന് എന്നെ മാറി നിര്‍ത്തണം എന്ന് ഞാന്‍ പ്രാര്‍ഥിക്കും .സുഹൃത്തുകളില്‍ നിന്ന് ഞാന്‍ ഒരുപാടു പഠിച്ചു. നമ്മളുടെ ഉള്ളില്‍ കാണുന്ന കാര്യങ്ങളെ പറ്റി മാത്രമേ ഞാന്‍ ചിന്തിക്കാറുള്ളു. സ്നേഹമോ ബഹുമാനമോ ഉള്ളില്‍ നിന്ന് നമുക്ക് വാങ്ങിക്കാന്‍ പറ്റില്ല. ഞാന്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് എന്റെ ഒപ്പം കോളേജില്‍ പഠിച്ചവരുമായാണ്. എല്ലാം ഉള്ളിലേക്കുള്ള യാത്രയാണ്.
സിനിമയിലേക്ക്?
വത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നു തോന്നും. അതാണ് സിനിമയില്‍ എത്തിയത്. സിനിമ കാണുന്ന ആളല്ല ഞാന്‍ . സിനിമ ഒരു പ്രോടക്റ്റ് ഉണ്ടാക്കുന്ന പോലെയാണു. പഠനമാണ്. വിജയിക്കാനും തോല്‍ക്കാനുമുള്ള സാധ്യത. ഏതുകാര്യവും എടുത്താലും. ബിനോയ് ആണ് എന്നെ ആദ്യം വിളിക്കുന്നത്. ഒരു സഹായം എന്നാ രീതിയിലാണ്. അന്ന് കുറച്ചു പൈസ കൊടുത്തു..പിന്നേം കൊടുത്തു... പൈസ കൊടുത്തില്ലെങ്കില്‍ ആ സിനിമ ഇറങ്ങില്ലായിരുന്നു. അന്നാണ് വിമലിനെ പരിചയപ്പെടൂന്നത്. വിമല്‍ എല്ലാം നഷ്ടപ്പെട്ടു നടക്കുകയായിരുന്നു.
സിനിമയ്ക്ക് വേണ്ടി വിമല്‍ സഹിച്ച ത്യാഗങ്ങള്‍ ഒരു പാടാണ്. ബിനോയിയും ഒരു പാട് കഷ്ടപ്പെട്ടു. ലോകം അയാളെ കൈവിടരുതെന്നു തോന്നി. പൈസ മുഴുവല്‍ പോയാലും എനിക്ക് വലിയ പ്രശ്നം ഉണ്ടായിരുനില്ല. അവരെ തിരിച്ചു കൊണ്ടുവരിക. നല്ല സിനിമ ഇറങ്ങാന്‍ സഹായിക്കുക. അതുമാത്രമേ ഞാന്‍ ചെയ്തോള്ളു. മലയാളം സിനിമയുടെ ചരിത്രം എടുത്തു നോക്കിയാല്‍ ലാഭം നേടാന്‍ വേണ്ടി സിനിമ പിടിക്കാന്‍ പറ്റില്ലപത്തുകോടിയിലധികം. ബോക്സോഫിസ് ഷയര്‍ കിട്ടിയത് മൂന്നു സിനിമ മാത്രമാണ്. ദൃശ്യം. പ്രേമം, ബാങ്ക്ലൂര്‍ ഡെയ്സ്. ബിസിനസ് കണ്ണുള്ള ഒരാളും മലയാള സിനിമയില്‍ പണം മുടക്കില്ല.ഞാനും ചെയ്തത് വിമലിനെയും ബിനോയിയേയും സഹായിക്കുക മാത്രമാണ്.
വിശ്വാസം?
ദൈവം ശക്തിയാണ്.ആ ശക്തി ഭൂമിയുടെ നിയമങ്ങളില്‍ ഉണ്ട്. അതിനെ നമ്മള്‍ മൃഗങ്ങള്‍ മനസിലാക്കുന്ന പോലെ മനസിലാക്കിയാല്‍ നമ്മുടെ മനസ് ശുദ്ധമാകും. ചെയ്യുന്നതെല്ലാം ആ നന്മയ്ക് ചേര്‍ന്നതാണ്. സ്പിരിച്ചുല്‍ ആണ്. അതുപുറത്ത് കാണിക്കാനല്ല. എല്ലാ ദിവസവും രാവിലെയും രാത്രിയും ഞാന്‍ പ്രാര്‍ഥിക്കും. യാഥാസ്ഥിക ഒരു മതത്തിന്റെയും ആളല്ല. ക്രിസ്തുവില്‍ വിശ്വസിക്കുന്നു. പറഞ്ഞുണ്ടാക്കിയതും എഴുതി വച്ചതും അല്ല ദൈവം. അതൊരു അനുഭവമാണ്. അതെ, ദൈവത്തിന്‍റെ വലിയ അനുഭവമാണ് രാജി തോമസ്
Comments