അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒരോ നയങ്ങളും പ്രവാസികളായ അമേരിക്കക്കാരുടെ നെഞ്ചിടിപ്പു കൂട്ടുന്നതാണ്. എന്നാല്‍ ട്രംപിന്റെ പല നയങ്ങളും നല്ലതാണെന്ന അഭിപ്രായമുള്ളവര്‍ ഇവിടെയും ഉണ്ട്. ട്രംപിനെ പറ്റിയുള്ള തെറ്റിദ്ധാരണ പരക്കുന്നത് അപകടം ചെയ്യുമെന്നു വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ചെയര്‍മാനും കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് സ്ഥാപക പ്രസിഡന്റുമായ തോമസ് മൊട്ടക്കല്‍ പറയുന്നു. ഇന്ത്യയില്‍ നരേന്ദ്രമോദി അധികാരത്തില്‍ ഏറിയപ്പോഴും ഇതേ അവസ്ഥയായിരുന്നു. ഇങ്ങനെ ഒരു വിഭാഗം ആളുകള്‍ ഒരു വ്യക്തിയെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്നു അദ്ദേഹം പറയുന്നു. ട്രംപിന്റെ പുതിയ നയങ്ങള്‍, കുടിയേറ്റ നിയമമുള്‍പ്പടെ ഇവിടെ ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ദോഷമാണെന്നു പ്രചാരണം നടത്തുന്നവര്‍ ഉണ്ട്. എന്നാല്‍ ട്രംപിന്റെ നയങ്ങള്‍ നല്ലതാണെന്നേ ഞാന്‍ പറയൂ. എച്ച് വണ്‍ ബി വീസ പല ഇന്ത്യക്കാരും ദുരുപയോഗം ചെയ്തിട്ടുണ്ട്. ഒരു ബിസിനസ് മാന്‍ എന്ന നിലയില്‍ പുതിയ നയങ്ങള്‍ ഗുണം ചെയ്യും. പ്രാദേശികമായി തൊഴിലാളികളെ എടുക്കാനും അതു വഴി ലേബര്‍ കോസ്റ്റ് കുറയ്ക്കാനും സാധിക്കും. എച്ച് വണ്‍ ബി വിസ എന്നത് പ്രൊഫഷണല്‍ പ്രിഫറന്‍സ് വിസയാണ്. യഥാര്‍ഥത്തില്‍ നമ്മുടെ തൊഴിലിടങ്ങളിലെ 90 ശതമാനം ജോലിക്കാരും വേണ്ടത്ര യോഗ്യതയുള്ളവരല്ല. 10 ശതമാനം മാത്രമേയുള്ളു മികച്ച യോഗ്യതയുള്ളവര്‍. ഐടി മേഖലയില്‍ മാത്രമേ യഥാര്‍ഥത്തില്‍ ഡിഗ്രി യോഗ്യതയുള്ളവര്‍ വരുന്നൊള്ളു. ട്രംപ് ഒരു കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒബാമയും ഒരു കാലത്തിന്റെ ആവശ്യമായിരുന്നു. എട്ടുവര്‍ഷം ഒബാമയും നല്ല ഭരണം കാഴ്ചവച്ചു. എന്നാല്‍ മറ്റു രാഷ്ട്രങ്ങളുടെ സുരക്ഷ കാക്കുന്ന നമ്മള്‍ നമ്മുടെ സുരക്ഷയില്‍ തുളവീഴുന്നത് അറിഞ്ഞിരുന്നില്ല. ട്രംപ് അത് അടയ്ക്കാനാണ് ശ്രമിക്കുന്നത്. അതുപോലെ തന്നെയാണ് അഭയാര്‍ഥി പ്രശ്‌നത്തിലും. ട്രംപ് ബിസിനസുകാരനാണ്. എന്നാല്‍ ബിസിനസുകാര്‍ക്ക് രാഷ്ട്രീയം ചേരില്ലെന്ന വാദഗതിയോട് യോജിക്കുന്നില്ല. അമേരിക്കന്‍ പൗരത്വം എടുക്കുമ്പോള്‍ നമ്മുടെ പ്രതിജ്ഞ നാം ഇനി അമേരിക്കയ്ക്കു വേണ്ടി മാത്രം നിലകൊള്ളും എന്നാണ്. മറ്റു രാജ്യങ്ങള്‍ക്കു വേണ്ടി സംസാരിക്കില്ല. എന്നാല്‍ നമ്മുടെ ഏതു പൊതുപരിപാടിയിലും നാം ഇവിടത്തുകാരല്ലെന്ന മട്ടിലാണ് സംസാരം. ഇത് ഒരു രാജ്യം അനുവദിക്കുന്നതെങ്ങനെ? ഇതേ ട്രംപും പറഞ്ഞൊള്ളു. നമ്മുടെ ഭാഷ മലയാളമാണ്. അമേരിക്ക പോലുള്ള ഒരു രാഷ്ട്രം നമുക്ക് എല്ലാവിധ സൗകര്യങ്ങളും തരുന്നുണ്ട്. എന്നാല്‍ ഇവിടെ ഒരു പൊതുസമൂഹത്തില്‍ നമ്മള്‍ മലയാളം സംസാരിക്കുന്നത് കുറയ്ക്കണം എന്നാണ് എന്റെ അഭിപ്രായം. ഇവിടെയുള്ള നമ്മള്‍ അമേരിക്കന്‍സ് ആണ്. നമ്മള്‍ അമേരിക്കയ്ക്കുവേണ്ടി നിലകൊള്ളണം. ഇതില്‍ മലയാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണം. കേരളം നമ്മുടെ പെറ്റമ്മയാണ്. എന്നാല്‍ നമ്മുടെ പോറ്റമ്മ അമേരിക്കയാണ്. ഗറ്റ് ഔട്ട് ഓഫ് മൈ കണ്‍ട്രി എന്ന വെള്ളക്കാരന്റെ സിദ്ധാന്തം പേടിപ്പെടുത്തുന്ന ഒന്നാണ്. അതു മുളയിലേ നുള്ളിക്കളയണം. അതിനു നമ്മളും അമേരിക്കക്കാരന്‍ ആണെന്ന് അവരെ ബോധ്യപ്പെടുത്തണം. അതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. കുടിയേറ്റക്കാരെ രാജ്യഭേദമന്യേ ഒരുമിപ്പിച്ച് പ്രസിഡന്റില്‍നിന്ന് ഉറപ്പ് വാങ്ങണം. അതിനുവേണ്ടി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments