You are Here : Home / അഭിമുഖം

മാര്‍ ക്രിസോസ്റ്റത്തിന്റെ സംവേദന രസതന്ത്രം

Text Size  

Story Dated: Friday, April 07, 2017 11:29 hrs UTC

(പ്രൊഫ. ഡോ. റോയ്‌സ് മല്ലശേരി

 

ഒരു നൂറ്റാണ്ടിന്റെ സൂര്യതേജസ്സായ മാര്‍ ക്രിസോസ്റ്റത്തിന്റെ സംവേദന ശക്തിയും അതിന്റെ രസതന്ത്രവും മനുഷ്യസമൂഹത്തിന് ദൈവം നല്‍കുന്ന അനുഗ്രഹമാണ്. ഇതാണ് അദ്ദേഹത്തിന്റെ ജന്മശതാബ്ദിയുടെ പ്രസക്തി. മലങ്കര സഭയുടെ പ്രഭാഷണ ആചാര്യന്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ നൂറാം വയസ്സിലേക്ക്. ജന്മശതാബ്ദി വേളയില്‍, ഇന്നും നിലനില്‍ക്കുന്ന അദ്ദേഹത്തിന്റെ അതിശക്തമായ സംവേദനതന്ത്രങ്ങളെപ്പറ്റി ഒരു അന്വേഷണമാണ് ഈ ലേഖനം. ആരുടെയും ജീവന്റെ തുടിപ്പ് ബാഹ്യലോകം ഉള്‍ക്കൊള്ളുന്നത് സംവേദന ശക്തിയിലൂടെയാണ്. മാര്‍ ക്രിസോസ്റ്റം ഇന്നും ലോക സമൂഹങ്ങളോട് സംവദിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ ജന്മശതാബ്ദിയുടെ പ്രസക്തി. മനുഷ്യസമൂഹങ്ങളെയും പ്രകൃതിയെയും രാഷ്ട്രീയ പ്രതിഭാസങ്ങളെയും അദ്ദേഹം നിരീക്ഷിക്കുന്നു, പ്രതികരിക്കുന്നു. വാക്കുകളിലൂടെയും ഇടപെടലുകളിലൂടെയും നടത്തുന്ന തിരുമേനിയുടെ സംവേദനതന്ത്രങ്ങള്‍ പഠനാര്‍ഹമാണ്.

 

 

 

സ്വകാര്യ സംഭാഷണം സ്വകാര്യ സംഭാഷണത്തിലൂടെ ആശയ വിനിമയത്തിന്റെ ഉദാത്തതയില്‍ അദ്ദേഹം എത്തിച്ചേരുന്നു. അതിലൂടെ നല്ല വ്യക്തി ബന്ധത്തിന് തുടക്കമിടുന്നു. പറയാതെ മാറ്റിവെച്ചതോ, വിട്ടുപോയതോ ആയ കാര്യങ്ങള്‍ തിരുമേനി നമ്മെക്കൊണ്ട് പറയിപ്പിക്കും. പത്രമാധ്യമങ്ങള്‍ക്ക് പ്രിയങ്കരനായ ഈ അഭിമുഖഭാഷകന്‍, തന്നെ സന്ദര്‍ശിക്കുന്നവരോടും അഭിമുഖതന്ത്രങ്ങള്‍ പ്രയോഗിക്കുന്നു. തന്നെ സന്ദര്‍ശിച്ചു മടങ്ങുന്നവരെ സുഹൃത്തുക്കളാക്കി മാറ്റിയിട്ടാണ് തിരുമേനി യാത്രയയ്ക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളും, ശ്രദ്ധയും, നോട്ടവും ചിരിയും, നിശബ്ദതയും, പെരുമാറ്റവും, സല്ക്കാരവും മാനുഷിക മൂല്യങ്ങളെ സംവേദിക്കുന്നതാണ്. പ്രഭാഷണ കലയുടെ മാത്രമല്ല ജീവനകലയുടെയും ആചാര്യനാണ് മാര്‍ ക്രിസോസ്റ്റം. ജനപ്രിയ സംവേദകന്‍ ദൈവശാസ്ത്രത്തിലും മാനുഷിക ശാസ്ത്രങ്ങളിലും അഗാധപണ്ഡിതനായ തിരുമേനിയുടെ ലോകം തികച്ചും സാധാരണക്കാരുടേതാണ്. സമൂഹത്തിലെ ഏത് നിലയിലും തലത്തിലും ഉള്ളവര്‍ക്ക് അദ്ദേഹത്തിന്റെ മനസ്സില്‍ ഇടമുണ്ട്. നിര്‍ഭയമായി നാനാജാതി മതസ്ഥര്‍ തന്റെ താമസസ്ഥലത്ത് എത്തിച്ചേരുന്നു.

 

 

 

അവരുമായി നടത്തുന്ന ജനകീയ സംവാദവും സംവേദനവും ജനപ്രിയ മേലദ്ധ്യക്ഷനായി തിരുമേനിയെ ഉയര്‍ത്തുന്നു. കര്‍ഷകരോടും, തൊഴിലാളികളോടും, വിദ്യാര്‍ത്ഥികളോടും, യുവാക്കളോടും, ജനനേതാക്കളോടും അവരുടെ ഇഷ്ടവിഷയം അവരുടേതായ ഭാഷയില്‍ അദ്ദേഹം സംവദിക്കുന്നു. എല്ലാവരുടേയും സ്‌നേഹിതനാണ് തിരുമേനിയെന്ന് സന്ദര്‍ശകര്‍ക്ക് ബോധ്യപ്പെടുന്നു. പ്രഭാഷണം എന്ന സംഭാഷണം ശ്രോതാക്കളില്ലാതെ മാര്‍ ക്രിസോസ്റ്റത്തിന്റെ പ്രസംഗങ്ങള്‍ പൂര്‍ണ്ണമാകുന്നില്ല. ശ്രോതാക്കളും പ്രഭാഷകനും ഒരുമിച്ചുള്ള തീര്‍ത്ഥയാത്രകളാണ് അദ്ദേഹത്തിന്റെ പ്രസംഗാനുഭവങ്ങള്‍. ശ്രോതാക്കളുമായി ഒന്നായിത്തീരുക അദ്ദേഹത്തിന്റെ പ്രഭാഷണകലയുടെ ആദ്യതന്ത്രമാണ്. സംബോധനയിലൂടെയോ ചോദ്യത്തിലൂടെയോ അദ്ദേഹം ശ്രോതാക്കളുടെ മനസ്സിലേക്ക് കയറി ചെല്ലുന്നു.

 

 

 

 

 

സംഭാഷണത്തിന്റെ പ്രധാനരേഖ എപ്പോഴും ക്രിസ്തുദര്‍ശനമാണ്. എന്നാല്‍ ഉപകഥാഖ്യാനങ്ങളിലൂടെയും ദൃഷ്ടാന്തങ്ങളിലൂടെയും പ്രധാന രേഖയുടെ കണ്ണികള്‍ രൂപപ്പെടുത്തുന്നു. അത് കോര്‍ത്തിണക്കുവാനുള്ള അദ്ദേഹത്തിന്റെ സിദ്ധി ശ്രദ്ധാര്‍ഹമാണ്. ഉപകഥാഖ്യാനങ്ങളാണ് തിരുമേനിയുടെ സംഭാഷണത്തിന്റെ ശക്തിയും മാധുര്യവും. ഉപകഥാഖ്യാനങ്ങളിലെ മുഖ്യകഥാപാത്രം തിരുമേനി തന്നെയാണ്. തന്റെ അപ്പച്ചനും അമ്മച്ചിയും കൂട്ടുകാരും നാട്ടുകാരുമെല്ലാം ഉപകഥാപാത്രങ്ങളാകും. ശ്രോതാക്കളും അവര്‍ അറിയാതെ കഥാപാത്രങ്ങളായി രൂപാന്തരപ്പെടുന്നു. മുഖ്യകഥാപാത്രത്തിന്റെ ബാല്യ-കൗമാര-വിദ്യാര്‍ത്ഥി ഘട്ടങ്ങളെല്ലാം കഥയില്‍ ഉണ്ടാകും. പ്രഭാഷകനും ശ്രോതാക്കളും കഥാഖ്യാനങ്ങളില്‍ ഒന്നായി തീരുന്ന അനുഭവമാണ് പ്രഭാഷണത്തിലെ മറ്റൊരു തന്ത്രം. ഉപകഥാഖ്യാനങ്ങളിലൂടെ ശ്രോതാക്കളില്‍ രൂപപ്പെടുന്ന ആശയ കണ്ണികളെ മുഖ്യകഥാരേഖയില്‍ കോര്‍ത്തിണക്കുന്നു. പ്രഭാഷണത്തിനിടയിലെ നിശബ്ദത കേള്‍വിക്കാരെ ചിന്തിപ്പിക്കുന്നു.

 

 

 

ചോദ്യങ്ങളെറിഞ്ഞിട്ട് മിണ്ടാതിരിക്കുന്ന തിരുമേനി ശ്രോതാക്കള്‍ക്ക് ചിന്തിക്കുവാനും ഉത്തരം കണ്ടെത്തുവാനും ഇടവും സമയവും നല്‍കുന്നു. ഓരോരുത്തരുടേയും മനസ്സിലുണ്ടാകുന്ന ഉത്തരങ്ങള്‍ വ്യത്യസ്തമാകും. തന്മൂലം പ്രഭാഷണ വിനിമയം ശ്രോതാക്കളുടെ പശ്ചാത്തലവും സാഹചര്യവും അനുഭവവും അനുസരിച്ച് സംഭവിക്കുന്നു. പ്രഭാഷണത്തിന്റെ പൊതു സ്വീകാര്യതയ്ക്ക് ഇവിടെ വഴിയൊരുക്കുന്നു. നര്‍മ്മം രാസത്വരിത ഘടകം മാര്‍ ക്രിസോസ്റ്റം ഒരു ഫലിത പ്രഭാഷകനല്ല. ഫലിതം ഒരിക്കലും തന്റെ പ്രഭാഷണത്തിന്റെ മുഖ്യലക്ഷ്യവുമല്ല. നര്‍മ്മഭാഷണം തന്റെ ജന്മസിദ്ധിയാണ്. ആശയ സംവേദനത്തിനും ഗ്രഹണത്തിനും നര്‍മ്മം ഒരു രാസത്വരിത ഘടകമാണ്. അത് നന്നായി പ്രയോഗിക്കുവാന്‍ തിരുമേനിക്ക് കഴിയുന്നു. ആബാലവൃദ്ധര്‍ക്ക് അത് രസനീയവും സംവേദനാത്മകവും ആയിത്തീരുന്നു. മണ്ണിന്റെ മണം നാട്ടിന്‍ പുറത്തെ ദൃഷ്ടാന്തങ്ങള്‍ പ്രഭാഷണങ്ങളെ മണ്ണിന്റെ മണമുള്ളതാക്കി മാറ്റുന്നു. ശൈശവത്തിലെ ‘മാങ്ങയേറും’, ‘മീന്‍പിടുത്തവും’, ‘സ്‌കൂളിലെ കുസൃതിയും’, കുടുംബത്തിലെ കൃഷിയുമായി ബന്ധപ്പെട്ട ‘കപ്പനടീലും’, ‘അപ്പച്ചന്റെ ചൂരല്‍പ്രയോഗവും’ ഒക്കെ വലിയ ആശയങ്ങളെ കോര്‍ത്തിണക്കുന്ന കണ്ണികളാകുന്നു.

 

 

 

 

പുരാണ കഥാപാത്രങ്ങളും ബൈബിള്‍ ആഖ്യാനങ്ങളും തന്റെ മാനസിക മൂശയിലൂടെ വൈവിധ്യം പ്രാപിക്കുന്നു. പ്രഭാഷണത്തിന്റെ മാന്ത്രികതന്ത്രങ്ങളാണിവ. മധ്യതിരുവിതാംകൂറിലെ വായ്‌മൊഴിയാണ് തന്റെ പ്രഭാഷണ ഭാഷ. അത് നാടന്‍ സംഭാഷണ രൂപത്തില്‍ തന്നെ അവതരിപ്പിക്കുമ്പോള്‍ പലരുടേയും പ്രഭാഷണ ഭാഷാസങ്കല്പങ്ങള്‍ തകിടം മറിയുന്നു. കേള്‍വിക്കാരില്‍ ഓരോരുത്തര്‍ക്കും തിരുമേനി തങ്ങളോട് നേരിട്ട് സംസാരിക്കുന്ന അനുഭവം ഉളവാകുന്നു. ഗ്രാമ്യപദാവലിയും സംഭാഷണരീതിയും തന്റെ പ്രഭാഷണത്തെ സജ്ജീവമാക്കുന്നു. പ്രഭാഷണത്തിനിടയിലെ തിരുമേനിയുടെ നിശബ്ദത ശ്രോതാക്കളില്‍ വലിയ ആശയവിനിയമം സൃഷ്ടിക്കുന്നു. ഒരുമിച്ചുള്ള തീര്‍ത്ഥയാത്രയില്‍ അദ്ദേഹം കേള്‍വിക്കാര്‍ക്ക് ഇടവും സമയവും നല്‍കുന്നു. സ്മാഷിംഗും ഫിനിഷിംഗും ജനങ്ങള്‍ക്ക് അദ്ദേഹം ആശയങ്ങളെ അടിച്ചേല്‍പ്പിക്കുന്നില്ല. ജനഹൃദയങ്ങളില്‍ അത് സ്വയം രൂപപ്പെടുവാന്‍ ശ്രോതാക്കളെ പ്രേരിപ്പിക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. വോളിബോള്‍ കോര്‍ട്ടില്‍ തിരുമേനി ആശയങ്ങളുടെ ലിഫ്റ്റ് കൊടുക്കുന്നു. സ്മാഷിംഗിനും ഫിനിഷിംഗിനും ജനങ്ങള്‍ക്ക് അവസരം നല്‍കുന്നു.

 

 

മഹത്തായ ഒരു പ്രഭാഷണതന്ത്രമാണിത്. ഒരു നൂറ്റാണ്ടിന്റെ സൂര്യതേജസ്സായ മാര്‍ ക്രിസോസ്റ്റത്തിന്റെ സംവേദന ശക്തിയും അതിന്റെ രസതന്ത്രവും മനുഷ്യസമൂഹത്തിന് ദൈവം നല്‍കുന്ന വരദാനവും അനുഗ്രഹവുമാണ്. ഇതു തന്നെയാണ് അദ്ദേഹത്തിന്റെ ജന്മശതാബ്ദിയുടെ പ്രസക്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.