രഞ്ജിത് നായർ
മനസ്സിൽ ഇച്ഛാശക്തിയും തലച്ചോറിൽ ജ്ഞാനശക്തിയും ശരീരാവയവങ്ങളിൽ ക്രിയാശക്തി യും നിറച്ചു രാഷ്ട് ര നിർമാണത്തിനു ചാലക ശക്‌തിയും മാതൃകയുമാവുന്ന ,ഒരു രാഷ്ട്രത്തിന്റെ ചരിത്ര ഗതിയെ തന്നെ മാറ്റിയെടുക്കുന്ന കുറെ അധികം നിർമാണ പദ്ധതികളുടെ ഭാഗമാവുക .അദ്ദേഹത്തിന്റെ ആത്മ കഥയിൽ പറയുന്നത് പോലെ ജീവിത യാത്രയെ ഒരു ക്ഷേത്ര അനു ഷ്ടാനം പോലെ കൊണ്ടുനടക്കുന്ന അപൂർവ വ്യക്തിത്വം അതാണ് .ഇ. ശ്രീധരൻ അഥവാ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ. സിവിൽ എഞ്ചിനീയർമാരിലെ ജീവിക്കുന്ന ഇതിഹാസം .ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ തലവര തന്നെ മാറ്റിയെഴുതിയ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എൻ. ശേഷൻ ഇദ്ദേഹത്തിന്റെ സഹപാഠി ആയിരുന്നു എന്നത് യാദൃശ്ചികത ആവാം . 1964 ഡിസംബർ 24 ,രാമേശ്വരത്തെ തമിഴ് നാടിന്റെ പ്രധാന പ്രദേശ ങ്ങളുമായി ബന്ധിപ്പിക്കുന്ന പാമ്പൻ പാലം കൊടുങ്കാറ്റിൽ തകർന്നു .
രാമേശ്വരത്തെ ജനങ്ങൾക്ക് പുറം ലോകവുമായുള്ള ബന്ധം നഷ്ടമാകുന്നു . പാലവും അത് വഴി ജന ജീവിതവും പൂർവ സ്ഥിതിയിലാക്കാൻ 6 മാസത്തെ സമയം ആവശ്യമുണ്ടെന്നു റെയിൽവേ വിലയിരുത്തി .ശ്രീ ശ്രീധരൻറെ മേലധികാരി 90 ദിവസത്തെ സമയപരിധിയിൽ പുനർ നിർമ്മാണം നടത്താൻ ആവശ്യപ്പെടുന്നു .പാമ്പൻ പാലം പുനർ നിർമാണം നടത്തി ഗതാഗത യോഗ്യമാകാൻ എടുത്തത് 46 ദിവസം .ചരിത്രത്തിൽ ഇടം നേടിയ ആ മഹാദൗത്യം ,ഇന്നും രാമേശ്വരത്ത് തലയുയർത്തി നിൽക്കുന്നു . അന്ന് 30 നോടടുത്തു പ്രായം ഉണ്ടായിരുന്ന ഇ ശ്രീധരന്റെ സിവിൽ എഞ്ചിനീയറിംഗ് വൈഭവം 53 വർഷങ്ങൾക്കിപ്പുറം കൊച്ചി മെട്രോ റെയിലിന്റെ കുതിപ്പിൽ എത്തി നിൽക്കുമ്പോൾ പ്രഫഷണലിസത്തിന്റെ അവസാന വാക്കായി മാറുകയാണ് അദ്ദേഹത്തിന്റെ ജീവിത രേഖ . പിന്നീടുള്ളതെല്ലാം ചരിത്രം .ഇന്ത്യയിലെ ആദ്യ മെട്രോ കൊൽക്കത്തയിൽ 1970 ൽ പണി തുടങ്ങി ഭാരതത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ എഞ്ചിനീയറിംഗ് വിപ്ലവത്തിന് സ്ഥാപക ശില യായി വർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു ..അതിനു ശേഷം ഏറെ നാളായി മുടങ്ങി കിടന്ന റാണി പദ്മിനി എന്ന കപ്പൽ നിർമാണ പദ്ധതി പൂർത്തിയാക്കി കൊച്ചിൻ ഷിപ്പിയാഡിലെ നാളുകൾ . അടുത്ത ദൗത്യം കൊങ്കൺ റയിൽവേയിൽ ആയിരുന്നു .
സാധാരണ രീതിയിൽ നടപ്പാക്കിയാൽ ,അൻപതുകൊല്ലം കൊണ്ട് പോലും പൂർത്തിയാകില്ല എന്നുറപ്പുള്ള പദ്ധതിക്ക് വേണ്ടി ,റയിൽവേ മന്ത്രാലയത്തിൽ നിന്ന് മാറി കൊങ്കൺ റയിൽവേ കോർപറേഷൻ രൂപീകരിച്ചു.ബോണ്ടുകളും ,കടപ്പത്രങ്ങളുമിറക്കി വൻ തോതിൽ ധനസമാഹരണം ആരംഭിച്ചു .736 കിലൊമീറ്റർ നീളമുള്ള പദ്ധതിയുടെ നിർമ്മാണം 1990 ൽ ആരംഭിച്ചു ...എട്ട് വർഷമായിരുന്നു കാലാവധി . ഏത് പദ്ധതി വന്നാലും ,പരിസ്ഥിതി വാദവും ,കപട മാനുഷികതാ വാദവുമായി വരുന്ന കൂട്ടർ ഇവിടയുമുണ്ടായിരുന്നു..കാര്യങ്ങൾ മുൻകൂട്ടി കണ്ട ശ്രീധരൻ ,അതെല്ലാം മുളയിലെ നുള്ളി. മുൻകൂറായി നഷ്ടപരിഹാരം കൊടുത്തുകൊണ്ട് സ്ഥലമെറ്റെടുക്കൽ വേഗത്തിലാക്കി. 1500 ലധികം പാലങ്ങൾ ,നൂറോളം വൻ തുരങ്കങ്ങൾ , മലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വൻ വയടക്റ്റുകൾ ...അങ്ങിനെ ,മൂന്ന് ഷിഫ്റ്റുകളിലായി പണി തകർത്ത് മുന്നേറി.
ഒട്ടു മിക്ക സ്ഥലങ്ങളിലും ഗതാഗത സൗകര്യം പോലുമില്ലായിരുന്നു... എഞ്ചിനിയർമാരും ,തൊഴിലാളികളും,കൂലിപ്പണിക്കാരുമെല്ലാം ലേബർ ക്യാമ്പുകളിൽ താമസിച്ച് ,താത്കാലിക ക്യാൻടീനുകളിൽ ഭക്ഷണം കഴിച്ച് ചരിത്രമെഴുതിക്കൊണ്ടിരുന്നു.ഈ പാതയിലെ പത്ത് തുരങ്കങ്ങൾ ,അതുവരെ ഇന്ത്യയിൽ നിർമ്മിച്ച എറ്റവും വലിയതിനേക്കാൾ വലുതാണ് .എല്ലാ തുരങ്കങ്ങളും കൂടി ചേർത്ത് വച്ചാൽ 80 കിലോമീറ്ററിലധികമുണ്ടാകും ,രത്‌നഗിരിക്കപ്പുറമുള്ള പനവേൽ വയടക്റ്റിന്റെ എറ്റവും വലിയ തൂണിനു ,കുത്തബ് മിനാറിനെക്കാൾ ഉയരമുണ്ട് ...ഗോവയിലെ മാണ്ടോവി നദിയിലെ പാലത്തിനടിയിലൂടെ ,ചെറുകപ്പലുകൾക്ക് വരെ കടന്നുപോകാം ...എറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് ,മൃദു മണ്ണ് നിറഞ്ഞ മലകളിലൂടെയുള്ള തുരങ്ക നിർമ്മാണമാണ്.തുരക്കുന്തോറും ഇടിഞ്ഞ് വീണുകൊണ്ടിരുന്ന തുരങ്കങ്ങളിൽ അനേകം ജീവിതങ്ങൾ പൊലിഞ്ഞു.പ്രത്യേകിച്ച് ,ഗോവയിലെ പെർണം തുരങ്കത്തിൽ.അന്ന് ഉണ്ടായിരുന്ന ഒരു സാങ്കേതിക വിദ്യക്കും ,ഈ വെല്ലുവിളി അതിജീവിക്കാനായില്ല.
ഒടുവിൽ ,തുരക്കുന്നതിനോടൊപ്പം ,കോൺക്രീറ്റ് പമ്പ് ചെയ്ത് കയറ്റി, തുരങ്കത്തിന്റെ നീളത്തിൽ ഒരു ഒരു കോൺക്രീറ്റ് പാറ ഉണ്ടാക്കി ,അത് തുരന്നെടുത്തു തുരങ്കമാക്കി.ലോകത്തിലാദ്യം ഈ വിദ്യ വിജയകരമായി നടത്തിയതുകൊങ്കൺ പദ്ധതിയിലാണ്. ഈ വൻ പദ്ധതിയുടെ സാമ്പത്തിക ലാഭം നോക്കി തന്ത്രങ്ങളൊരുക്കിയ ,റയിൽവേ മന്ത്രി ജാഫർ ശരീഫിന്റെ ഒരു കളിയും ശ്രീധരൻ അനുവദിച്ചില്ല.ശ്രീധരനെ കൊങ്കൺ റെയിൽവേയിൽ നിന്ന് മാറ്റാൻ ,ജാഫർ ഷരീഫ് ശ്രമിച്ചപ്പോൾ , പോർട്ടർമാർ മുതൽ ഉന്നതോദ്യോഗസ്ഥർ വരെ ജോലി നിർത്തിവച്ചു .അവസാനം ,ഷെരീഫിനെ നീക്കം ചെയ്യുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ ,പ്രധാനമന്ത്രി നരസിംഹ റാവുവിന് ...എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച് ,1998 ജനുവരി 26 നു തന്നെ കൊങ്കണിലൂടെ ആദ്യ തീവണ്ടി കൂകിപ്പാഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യയിൽ നടന്ന നടന്ന എറ്റവും വലിയ റയിൽവേ പദ്ധതി ..ലോകത്തിലെ തന്നെ എറ്റവും ദുഷ്‌കരമായ ഭൂപ്രകൃതിയിലൂടെ ,നമ്മുടെ നാട്ടിൽ യാഥാർഥ്യമാകുന്നത് ,ലോകം അത്ഭുതത്തോടെ വീക്ഷിച്ചു .
കൃത്യസമയത്ത് പണിതീർത്ത ഡൽഹി മെട്രോക്ക് ശേഷം ,മലയാളിയുടെ യാത്രാസംസ്‌കാരത്തെ പുനർനിർവ്വചിക്കാൻ കൊച്ചി മെട്രോയിലൂടെ ,85 ന്റെ യുവത്വത്തോടെ ശ്രീധരൻ സാർ നമ്മുടെയിടയിൽ ഊർജ്ജസ്വലതയോടെ പ്രവർത്തിച്ചു . മികച്ച പാലങ്ങളും റോഡുകളും റെയിൽ പാതകളും ഒരു രാ ജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് എത്ര മാത്രം നിർണായകം ആണ് എന്നത് കൂട്ടി വായിക്കുമ്പോൾ ആ പ്രഭാവത്തിനു മിഴിവേകുന്നു.ലോകത്തിലെ എക്കാലത്തെയും മികച്ച സിവിൽ എൻജിനീയര്മാരിൽ ഇന്ന് ഇ ശ്രീധരൻ എന്ന നാമം സുവർണ ലിപികളിൽ രേഖപ്പെടുത്തി കഴിഞ്ഞു .ദേവഗംഗയെ ഭൂമിയിലെത്തിച്ച ഭഗീരഥ തുല്യനായ കർമ്മയോഗിയുടെ മുൻപിൽ ...മനുഷ്യപ്രയത്‌നത്തിനു മുൻപിൽ ഒരു വെല്ലുവിളികളും തടസ്സമല്ല എന്ന് തെളിയിച്ച നിശ്ചയ ദാർഡ്യങ്ങൾക്ക് മുൻപിൽ ഓരോ ഭാരതീയനും എന്നും കടപ്പെട്ടിരിക്കും .
Comments