അമേരിക്ക കാണാത്ത ആഘോഷരാവുമായി മിത്രാസ് നിറങ്ങളില്‍ ആറാടി മിത്രാസ് ഫസ്റ്റിവല്‍ ഓഗസ്റ്റ് 12നു ന്യൂജേഴ്‌സിയില്‍ നടക്കും. അമേരിക്കയിലെ പ്രാദേശിക കലാകാരന്‍മാര്‍ ആണിയിച്ചൊരുക്കുന്ന വര്‍ണരാവിന്റെ അവസാനവട്ട തയാറെടുപ്പിലാണ് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ മിത്രാസ് രാജന്‍ ചീരന്‍.വിവിധ ടീമുകളെ ഏകോപിപ്പിക്കുന്നതിന്റെ പൂര്‍ണ്ണ ചുമതല മിത്രാസ് പ്രസിഡന്റ് മിത്രാസ് ഷിറാസ് യൂസഫിന്റെയാണ് പതിവില്‍നിന്നു വിപരീതമായി വിവിധ കലാപരിപാടികള്‍ക്ക് പ്രത്യേകം സംവിധായകരെവച്ച് അരങ്ങിനു തിളക്കം കൂട്ടാനാണ് മിത്രാസിന്റെ ശ്രമമെന്നു രാജന്‍ ചീരന്‍ അശ്വമേധത്തോടു പറഞ്ഞു. ഈ വര്‍ഷത്തെ മിത്രാസ് ഫെസ്റ്റിവലിന്റെ സംഗീതപരിപാടികളുടെ പൂര്‍ണ ചുമതല നോര്‍ത്ത് അമേരിക്കയിലെ പ്രശസ്ത ഗായകരായ ജെംസണ്‍ കുര്യാക്കോസ്, ശാലിനി രാജേന്ദ്രന്‍ എന്നിവര്‍ക്കാണ്. സ്മിത ഹരിദാസ് , പ്രവീണ മേനോന്‍ എന്നിവര്‍ നൃത്തനൃത്യങ്ങളുടെ ചുമതല വഹിക്കും. സാങ്കേതിക സംവിധാനങ്ങളുടെ ചുമതല മീഡിയ ലോജിസ്റ്റിക്‌സിനും ഫിനാന്‍സിന്റെ ചുമതല ശോഭ ജേക്കബിനും ആയിരിക്കും. ജാതി-മത-സംഘടനാ വ്യത്യാസങ്ങള്‍ ഇല്ലാതെ കാലാഹൃദയമുള്ളവര്‍ക്ക് ഒരു ഇടമാണ് മിത്രാസ്. ഇത്തവണ അമേരിക്കയിലെ മലയാളികള്‍ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നുണ്ട്. മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി, ഗായകന്‍, സിനിമാറ്റോഗ്രാഫര്‍ എന്നീ ആറു കാറ്റഗറികളിലാണ് അവാര്‍ഡ് നിര്‍ണയം. 20 ഹ്രസ്വചിത്രങ്ങള്‍ നാമനിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്. പ്രശസ്തരായ വ്യക്തികള്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയ സമിതി. അവാര്‍ഡുകള്‍ മിത്രാസ് ഫെസ്റ്റിവലിനു സമ്മാനിക്കും. മിക്‌സ് ലൈവ് പ്രോഗ്രാംസ്, കോമഡി പ്രോഗ്രാംസ്, നൃത്തനൃത്യങ്ങള്‍, അറ്റ്‌ലാന്‍ഡ, ഒറിഗണ്‍, കണക്ടികട്, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ മികച്ച ഡാന്‍സര്‍മാരും ഗായകരും ചേര്‍ന്നൊരുക്കുന്ന വിഭവസമൃദ്ധമായ സംഗീത-നൃത്ത വിരുന്നിന് ഫ്‌ളവേഴ്‌സ് ചാനല്‍ പ്രായോജകരാകുന്നു. ഓരോ വര്‍ഷം ഷോ കഴിയുംതോറും ആത്മവിശ്വാസം വര്‍ധിക്കുന്നതായി രാജന്‍ ചീരന്‍ പറയുന്നു. പ്രാദേശികമായി തുടങ്ങി ദേശീയ തലത്തിലേക്ക് വളര്‍ന്ന ഷോയ്ക്ക് ജനപിന്‍തുണ കൂടിവരികയാണ്. 37 പേര്‍ അംഗങ്ങളായി തുടങ്ങിയ ഫെസ്റ്റ് ഇപ്പോള്‍ 120 അംഗങ്ങളുടെ കുടുംബമാണ്. ഇതെല്ലാം നമ്മുടെ സ്വന്തം ആര്‍ട്ടിസ്റ്റുകള്‍. എന്നാല്‍ മറ്റേതു സിനിമാ താരങ്ങളുടെ ഷോയെക്കാളും മികച്ച നിലവാരം മിത്രാസ് ഉറപ്പുതരുന്നു.
Comments