ഫോമാ കേരള കൺവൻഷൻ കൺവീനർ അഡ്വ. വർഗീസ് മാമൻ സംസാരിക്കുന്നു 2017 ലെ ഫോമ കൺവൻഷൻ ആരംഭിക്കുന്നതിനു മണിക്കൂറുകൾ മാത്രം ശേഷിച്ചിരിക്കുമ്പോഴാണ് അശ്വമേധവുമായി ഒരു അഭിമുഖത്തിന് അവസരമൊരുങ്ങിയിരിക്കുന്നത്. അമേരിക്കയിലെ മലയാളികളെ സംബന്ധിച്ച് ഫോമ കൺവൻഷൻ അഭിമാനകരമായ ഒരു മുഹൂർത്തമാണ്. കൺവെൻഷനു വേണ്ടിയുള്ള ഒരുക്കങ്ങളൊക്കെയും പൂർത്തിയായിക്കഴിഞ്ഞു. അനന്തപുരിയുടെ അങ്കണത്തിൽ മലയാളത്തിന്റെ മഹാകവി ഒ.എൻ.വിയെ അനുസ്മരിച്ചു കൊണ്ടാണ് ഫോമയുടെ ഈ വർഷത്തെ കൺവൻഷൻ ആരംഭിക്കുന്നത്. ഈ കൺവൻഷൻ നഗറിന് ഒ.എൻ.വി നഗർ എന്നാണ് ഞങ്ങൾ നാമകരണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ കാലഘട്ടങ്ങളിൽ നടന്ന ഫോമാ കൺവൻഷനുകളേക്കാൾ കൂടുതൽ, ഒരു പടികൂടി മുന്നോട്ട് എത്തിക്കുന്നതിന് ഇതിന്റെ സംഘാടക സമിതിക്ക് കഴിഞ്ഞുവെന്നതിൽ ഞങ്ങൾക്ക് വളരെയധികം ചാരിതാർഥ്യമുണ്ട്.
കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 2017 ഓഗസ്റ്റ് മാസം നാലാം തിയതി വൈകുന്നേരം മൂന്നു മണിക്ക് ഭദ്രദീപം തെളിയിച്ച് ആരംഭിക്കുന്ന ഈ കൺവൻഷൻ ഫോമയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിത്തീരും എന്നതിൽ രണ്ടു പക്ഷമില്ല. കഴിഞ്ഞ കാലങ്ങളിൽ ഫോമ അമേരിക്കയിലെ ജനങ്ങൾക്കിടയിൽ നടത്തിയിട്ടുള്ള പ്രവർത്തനവും കേരളത്തിലെ ജനങ്ങൾക്കിടയിൽ നടത്തിയ ജീവകാരുണ്യ പദ്ധതികളും ജനങ്ങൾക്കിടയിൽ ഒരു വലിയ വിശ്വാസം ആർജിച്ചെടുക്കാൻ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും കൺവൻഷനുകൾക്ക് കേരളത്തിൽ ചുമതല വഹിക്കാൻ അവസരം ലഭിച്ച വ്യക്തി എന്ന നിലയിൽ എനിക്ക് അഭിമാനപൂർവം പറയാനാകുന്ന ഒരു കാര്യമുണ്ട്. കഴിഞ്ഞ കൺവൻഷൻ വരെ തുകയുടെ 90 ശതമാനവും സ്പോൺസേഴ്സ് വഴിയാന്ന് കണ്ടെത്തിയിരുന്നതെങ്കിൽ 2017 ൽ ഒരു മിച്ച ബജറ്റുമായാണ് ഫോമ കൺവൻഷനെ അഭിമുഖീകരിക്കുന്നത്.
ഫോമ കേരളത്തിലെ ജനങ്ങൾക്കിടയിൽ നിരത്തി വെച്ച കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ നടപ്പിലാക്കാനായി എന്നതു കൊണ്ട് ജനങ്ങളിൽ ഒരു വലിയ വിശ്വാസ്യത ഉണ്ടാക്കിയെടുക്കാൻ ഇന അമേരിക്കൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഫോമ കൺവൻഷൻ 2015 ഓഗസറ്റ് ഒന്നിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ ഇതേ വേദിയിൽ നടന്നപ്പോൾ ഇന്ത്യയുടെ യശശരീരനായ പ്രസിഡന്റ് അബ്ദുൾ കലാമിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ട കൺവൻഷൻ വേദിയിൽ വച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയെ സാക്ഷി നിർത്തി ഞങ്ങൾ ഒരു വാഗ്ദാനം നൽകിയിരുന്നു. കേരളത്തിലെ നിർധനരായ കുട്ടികൾക്കായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ പീഡിയാട്രിക് ഓങ്കോളജി വാർഡ് നിർമിച്ചു നൽകുമെന്ന്. വാഗ്ദാനം നൽകി ഒരു വർഷവും ഒരു മാസവും പിന്നിട്ടപ്പോൾ ഒരു കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപ ചെലവിൽ അത് നിർമിച്ച് ആർ.സി സിക്ക് നൽകാൻ ഫോമക്കു സാധിച്ചത് കേരളത്തിലെ ജനങ്ങൾക്കിടയിൽ ഫോമയുടെ വിശ്വാസ്യത തെളിയിക്കുന്നതിനു ലഭിച്ച അവസരമായി.
അതു കൊണ്ട് തന്നെ ഈ കൺവൻഷനുമായി ബന്ധപ്പെട്ടപ്പോൾ കേരളത്തിലെ ഇടതു, വലതു, ബിജെപി വ്യത്യാസമില്ലാതെ എല്ലാ നേതാക്കളും കൺവൻഷനിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനും ബി ജെ പി യുടെ സംസ്ഥാന, ദേശീയ നേതാവായ ഒ രാജഗോപാലുമുൾപ്പടെ, പ്രധാനപ്പെട്ട എല്ലാ രാഷ്ടീയ പാർട്ടികളുടെയും സംസ്ഥാന നേതാക്കൻമാരുൾപ്പടെ പങ്കെടുക്കുന്ന ഒരു മഹാസമ്മേളനമാണ് ഇതെന്നു പറയാൻ ഞങ്ങൾ അഭിമാനിക്കുന്നു.
ശ്രീ ബെന്നി വാചാച്ചിറയുടെ നേതൃത്വത്തിലുള്ള ദേശീയ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്കു നൽകിയ പിന്തുണയാണ് ഇതിന്റെ വിജയത്തിനു പിന്നിലെന്നു പറയാതെ വയ്യ. ഈ കൺവൻഷന്റെ മറ്റൊരു പ്രത്യേകത എന്നത് ഫോമയുടെ ചരിത്രത്തിലും കേരളത്തിന്റെ ചരിത്രത്തിലും സമൂല സംഭാവന നൽകിയ ഒരു വ്യക്തിയെ ആദരിക്കുന്നു എന്നതാണ്. ഫോമയുടെ ആദ്യത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അമേരിക്കൻ എയറോ കൺട്രോൾ ചെയർമാൻ ജോൺ ടൈറ്റസിന് നൽകുന്നതിന് ഫോമ തീരുമാനിച്ചു. രണ്ടാമത് കേരളത്തിലെ ഏറ്റവും നല്ല ബിസിനസ് മാൻ ഓഫ് ദ ഇയർ അവാർഡ് തിരുവല്ല മഹാലക്ഷ്മി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ശ്രീ പി.കെ വിനോദ് കുമാറിന് നൽകുന്നതിനും തീരുമാനിച്ചു. രണ്ട് അവാർഡുകളും നാളെ മുഖ്യമന്ത്രി സമ്മാനിക്കും. അധികം അവകാശവാദങ്ങളില്ല. ആയിരത്തിൽ തഴെ പ്രതിനിധികളെ മാത്രമാണ് ഞങ്ങൾ ഈ കൺവൻഷന് പ്രതീക്ഷിക്കുന്നത്. ഈ കൺവൻഷന് ഈ നാട്ടിലെ മാധ്യമങ്ങളും അമേരിക്കയിലെ മാധ്യമങ്ങളും നൽകുന്ന എല്ലാ പിന്തുണക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് നിങ്ങളെ എല്ലാവരെയും ഫോമ കേരള കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.
Comments