You are Here : Home / അഭിമുഖം

നന്മയുടെ സംഗീതവുമായി ടീന്‍താല്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, October 23, 2014 07:32 hrs UTC

ബേണി ഇഗ്നേഷ്യസ്

 

 


ഞങ്ങളുടെ സംഗീതലോകത്തേക്കുള്ള വരവ് ചര്‍ച്ച് ക്വയറിലൂടെയായിരുന്നു. അതായിരുന്നു അന്ന് ആകെയുണ്ടായിരുന്ന മ്യൂസിക് ഗ്രൂപ്പ്. അത് മിക്കപ്പോഴും പള്ളികളുടെ പരിപാടികള്‍, ക്ലബുകളുടെ വാര്‍ഷികം ഒക്കെയായിരുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ സമീപവാസികളായ ഞങ്ങള്‍ കുറച്ചുപേര്‍ ഒത്തുകൂടും. അങ്ങനെ കുറച്ചു ദിവസത്തെ പ്രാക്ടീസിനൊടുവില്‍ ഒരു ഗാനമേള അവതരിപ്പിക്കും. അതായിരുന്നു ക്വയറുകള്‍ വഴി പ്രധാനമായും ഉണ്ടായിരുന്നത്. അല്ലാതെ  സ്ഥിരമായ ബാന്‍ഡുകളോ വലിയ ഓര്‍ക്കസ്ട്ര ഗ്രൂപ്പുകളോ ബുക്കിംഗുകളോ യാത്ര ചെയ്ത് പോയി അവതരിപ്പിക്കേണ്ട പ്രോഗ്രാമുകളോ ഉണ്ടായിരുന്നില്ല.
അങ്ങനെയിരിക്കയെയാണ് കലാഭവന്‍ എന്ന പേരില്‍ ആബേലച്ചന്‍ ഒരു പ്രസ്ഥാനം തുടങ്ങുന്നത്. അങ്ങനെ ബേണി കലാഭവനില്‍ ഗായകനായും ഹാര്‍മോണിസ്റ്റായും ചേര്‍ന്നു. അന്ന് ജൂനിയര്‍ ട്രൂപ്പിലായിരുന്നു. അതിനു ശേഷം സി.എ.ടി എന്ന ട്രൂപ്പിലേക്കു മാറി. പിന്നീട് വീണ്ടും തിരിച്ച് കലാഭവന്‍ സീനിയര്‍ ട്രൂപ്പില്‍ വന്നു. അങ്ങനെ ഒരഞ്ചാറു വര്‍ഷം കഴിഞ്ഞപ്പോഴേക്കും കോറസ് ട്രൂപ്പില്‍ ചേര്‍ന്നു.

കൊച്ചിന്‍ കോറസ് എന്ന പ്രശസ്തമായ ഒരു ഗാനമേള ട്രൂപ്പുണ്ടായിരുന്നു. അവര്‍ക്കൊപ്പം ബേണി ഗിറ്റാറിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. അന്ന് കൊച്ചിന്‍ കോറസിന്റെ പരിപാടിക്കായി അമേരിക്കയില്‍ വന്നു. 1982 ല്‍ അന്ന് 'അശ്വമേധ'ത്തില്‍ ബേണിയെക്കുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ വന്നു. അതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന രണ്ടുമാസം മലയാളിസമാജങ്ങളുടെയൊക്കെ മ്യൂസിക് ചെയ്യാന്‍ അവസരം ലഭിച്ചു. അശ്വമേധത്തിന്റെ അന്നത്തെ ചീഫ് എഡിറ്റര്‍ രാജനേട്ടനായിരുന്നു. അന്ന് അദ്ദേഹവും മറ്റുള്ളവരുമൊക്കെ എഴുതുന്ന പാട്ടുകള്‍ കംപോസ് ചെയ്ത് അവതരിപ്പിച്ചു. അങ്ങനെ അവിടെ നിന്നും തിരിച്ചു വന്നപ്പോഴേക്കും ബേണി ഇഗ്നേഷ്യസ് എന്ന പേരില്‍ സിനിമയിലൊക്കെ സംഗീതം ചെയ്യാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു തുടങ്ങി.
ഇപ്പോള്‍ ബാന്‍ഡ് ഒരു സംസ്‌കാരമായി മാറിയിരിക്കുകയാണ്. മ്യൂസിക് ഡയറക്ടറുടെ പേരില്‍ പല പിന്നണിഗായകരെയും ഉള്‍പ്പെടുത്തി പരിപാടികള്‍ നടത്താറുണ്ട്. സംഗീതസംവിധായകര്‍ എല്ലാവരും കൂടി ചേര്‍ന്നും ഇത്തരത്തില്‍ മ്യൂസിക് നൈറ്റുകള്‍ നടത്താറുണ്ട്. അത് പണ്ടും ഉണ്ടായിരുന്നു. ബാന്‍ഡ് അല്ലെങ്കില്‍ ഓര്‍ക്കസ്ട്ര. ഇളയരാജ നൈറ്റ്, നൗഷാദ് നൈറ്റ്, എ.എസ് വിശ്വനാഥന്‍ നൈറ്റ്, എ ആര്‍ റഹ്മാന്‍ നൈറ്റ് അങ്ങനെ. ഞങ്ങളും ബേണി ഇഗ്നേഷ്യസ് നൈറ്റ് നടത്താറുണ്ട്. പല പിന്നണിഗായകരെയും ഉള്‍പ്പെടുത്തിക്കൊണ്ട്. ഞങ്ങളുടെ മക്കളും പങ്കെടുക്കാറുണ്ട്. ഇഗ്നേഷ്യസിന്റെ മകന്‍ സുബിന്‍, ബേണിയുടെ മക്കളായ താന്‍സെന്‍, കീര്‍ത്തന്‍, സെറി അങ്ങനെ എല്ലാവരും അതില്‍ പങ്കെടുക്കാറുണ്ട്.
ജനങ്ങളിലേക്ക് നല്ല കാര്യങ്ങള്‍ എത്തിക്കാനും ബാന്‍ഡ് ഉപകരിക്കും. എറണാകുളത്ത് ഞങ്ങളുടെ മക്കളുള്‍പ്പടെ കൗമാരക്കാരായ കുറെ കുട്ടികള്‍ ചേര്‍ന്ന് ടീന്‍ താല് എന്ന പേരില്‍ ഒരു ചാരിറ്റിബാന്‍ഡ് തുടങ്ങിയിട്ടുണ്ട്. അതില്‍ അഞ്ചു വയലിന്‍, മൃദംഗം, മൂന്നു തബല, നാലു കീബോര്‍ഡ്, ഫ്‌ലൂട്ട്,  എല്ലാമുണ്ട്. മ്യൂസിക് ഇന്‍ഡസ്ട്രിയില്‍ സജീവമായിരുന്ന ആളുകളുടെ മക്കളാണ് ആ ബാന്‍ഡിലുള്ളത്. അവരൊക്കെ 10,12, 18, 20 വയസുള്ള കുട്ടികളാണ്.
ഞങ്ങള്‍ തന്നെ സംഗീതസംവിധാനം നിര്‍വ്വഹിച്ച രാജാധിരാജ എന്ന സിനിമയിലെ മിടുമിടുമിടുക്കന്‍ മുയലച്ചന്‍ എന്ന പാട്ടു പാടിയ നന്ദ ജയദേവന്‍ അതിലുണ്ട്. പിന്നെ മേരിക്കുണ്ടൊരു കുഞ്ഞാടില്‍ പാടിയിരിക്കുന്ന അനുരാഗ്, മംഗ്ലീഷ് എന്ന ചിത്രത്തില്‍ പാടിയ അഞ്ജന എന്ന കുട്ടി, പിന്നെ ബേണിയുടെ മക്കള്‍ മൂന്നാളും കീബോര്‍ഡ് വായിച്ചു പാടും. ഇങ്ങനെ ടാലന്റാഡായിട്ടുള്ള പാട്ടുകാരും ഉപകരണം കൈകാര്യം ചെയ്യുന്നവരും ചേര്‍ന്നുള്ള ഒരു ബാന്‍ഡാണത്. ബേണിയാണതിന്റെ മെന്റര്‍. അത് പഠിപ്പിച്ചു കൊടുക്കുന്ന ആള്‍.
ഇത് കുട്ടികള്‍ക്ക് പൈസയുണ്ടാക്കാനല്ല. കിട്ടുന്ന വരുമാനത്തില്‍ നിന്ന് നല്ലൊരു പങ്ക് പാവങ്ങളായ, രോഗികളായ കുട്ടികള്‍ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്.  ഒക്‌ടോബര്‍ 22 ാം തീയതി എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രോഗ്രാം നടത്തി അവിടുത്തെ പീഡിയാട്രിക് വകുപ്പില്‍ കുറച്ചു സാധനങ്ങള്‍ വാങ്ങിച്ചു കൊടുക്കുന്നുണ്ട്. ആര്‍.സി.സിയില്‍ പോയി  കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക് സഹായം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
പിന്നെ ഇതിന്റെ തന്നെ ഭാഗമായി കൈറ്റ്‌സ് എന്ന മൂവ്‌മെന്റ് തുടങ്ങാന്‍ പോകുന്നുണ്ട്. കിഡ്‌സ് ഇനിഷ്യേറ്റീവ് ഓഫ് ടാലന്റ് എംപവര്‍മെന്റ് സര്‍വ്വീസസ് എന്നാണ് അതിന്റെ പൂര്‍ണരൂപം. ഡിസംബറില്‍ എറണാകുളത്ത് സാസ്‌കാരിക നേതാക്കന്‍മാരെ യുള്‍പ്പടെ പങ്കെടുപ്പിച്ചു കൊണ്ട് വലിയ ഫങ്ഷനിലാണ് അത് ലോഞ്ച് ചെയ്യുക. കുട്ടികള്‍ കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഭവമാണത്. എല്ലാ തരത്തിലുള്ള കലാരൂപങ്ങളും വഴി ഫണ്ട് ശേഖരിക്കുന്നു. നൃത്തം, സംഗീതം, ഷോര്‍ട്ട് ഫിലിം തുടങ്ങി കുട്ടികളുടെ എല്ലാ കഴിവുകളും. അങ്ങനെ ശേഖരിച്ച ഫണ്ടിന്റെ നല്ലൊരു പങ്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു കൊടുക്കുന്നു.
കുട്ടികള്‍ കുട്ടികള്‍ക്കു വേണ്ടി ഒരുമിക്കുന്നു. ഫേസ്ബുക്കിലും മറ്റും അനാവശ്യമായി സമയം ചെലവിടുന്നതിനു പകരം സമയം വേണ്ട രീതിയില്‍ ക്രിയേറ്റീവായി ഉപയോഗപ്പെടുത്താം. ഇത്തരം കുട്ടികള്‍ ക്രിമിനല്‍ സ്വഭാവത്തിലേക്ക് പോവുകയുമില്ല. ഈ ഓര്‍ക്ക്‌സ്ട്ര ഗ്രൂപ്പ് നിലവില്‍ നാലു പ്രോഗ്രാമുകള്‍ ചെയ്തുകഴിഞ്ഞു. ഇനി നാലഞ്ച് പ്രോഗ്രാമുകള്‍ ഉടനെ നടക്കാന്‍ പോകുന്നുണ്ട്. ഇതിന്റെ ബ്രാഞ്ചുകള്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും ഉടനാരംഭിക്കും. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിന്റെ ശാഖകള്‍ ആരംഭിക്കണമെന്ന് ആഗ്രഹമുണ്ട്. ഇതിലുള്ള പല ആളുകളുടെയും വേണ്ടപ്പെട്ടവര്‍ അമേരിക്കയിലുണ്ട്. അവരില്‍ പലര്‍ക്കും ഇങ്ങനെയൊരാഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തായാലും ഈ നന്മയുടെ സംഗീതം ലോകത്തിന്റെ ഏതു കോണിലുമെത്തുമെന്നാണ് പ്രതീക്ഷ.
സംഗീതം കൊണ്ട് ലോകത്തെ മാറ്റിമറിക്കാം. ദിസ് ഈസ് ദ മോസ്റ്റ് പവര്‍ഫുള്‍ വെപ്പണ്‍ ഇന്‍ ദി വേള്‍ഡ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സംഗീതബാന്‍ഡുകള്‍ വഴി മനുഷ്യന് ഉപകാരപ്പെടുന്ന നന്മ മാത്രം ജനങ്ങളിലേക്കെത്തട്ടെ, അതുവഴി ലോകജനത നന്നാവട്ടെ, ലോകത്തിന് മുഴുവന്‍ സമാധാനം കിട്ടട്ടെ എന്ന് സംഗീതത്തിന്റെ ഭാഷയില്‍ ആശംസിക്കുന്നു………
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.