മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടുമെത്തുന്നു. ഈ കൂട്ടുകെട്ടിനൊപ്പം മോഹന്‍ലാലും നിറസാന്നിധ്യമായിരുന്നു. എന്നാലിപ്പോള്‍ മോഹന്‍ലാലിന് പകരം ഫഹദ് ഫാസിലാണ് ഈ കൂട്ടികെട്ടിനൊപ്പം എത്തുന്നത്. 16 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നത്. 2002ല്‍ പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രമാണ് ഇരുവരുടെയും അവസാന ചിത്രം.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന് ശേഷം സത്യന് വേണ്ടി നാളിതുവരെയും ശ്രീനി തിരക്കഥ എഴുതിയിട്ടില്ല. എന്നാല്‍ ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യനും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. പതിവ് ശൈലികളില്‍ നിന്നും വ്യത്യസ്തമായി ചിത്രത്തിന്റെ പേരും തുടക്കത്തില്‍ തന്നെ സത്യന്‍ അന്തിക്കാട് വ്യക്തമാക്കിയിട്ടുണ്. മലയാളി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇക്കാര്യം അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
സത്യന്‍ അന്തിക്കാടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം-
എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ വിഷു ആശംസകള്‍. പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാനും ശ്രീനിവാസനും. പല കഥകളും ആലോചിച്ചു. പലതും ആരംഭത്തില്‍ തന്നെ വിട്ടു. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ.
ഒരു ദിവസം അതിരാവിലെ ഉറക്കമുണര്‍ന്ന് വരുമ്ബോള്‍, പുറത്തെ മുറിയില്‍ ശ്രീനിവാസന്‍ ശാന്തനായി ഇരിക്കുന്നു. കഥ കിട്ടി ശ്രീനി പറഞ്ഞു. കഥക്ക് വേണ്ടി നമ്മള്‍ കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങള്‍. ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തില്‍ ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.
നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റില്‍ പരസ്യപ്പെടുത്തി, "പി ആര്‍ ആകാശ്" എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ. പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു. അതാണ് ഞങ്ങളുടെ പുതിയ സിനിമ. ഫഹദ് ഫാസിലാണ് പ്രകാശന്‍.
ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് തന്നെ ഈ സിനിമയും നിര്‍മിക്കുന്നു. ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങും. എസ്.കുമാര്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു. വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്. "മലയാളി" എന്നാണ് സിനിമയുടെ പേര്.
Comments