ശ്രീലങ്കയില്‍ പൊലീസ് റെയ്ഡിനിടെ നടന്ന രണ്ടാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മൂന്ന് പേര്‍ തങ്ങളുടെ സംഘത്തില്‍പ്പെട്ടവരാണെന്ന് വെളിപ്പെടുത്തി ഐഎസ്.
ഈസ്റ്റര്‍ ദിനത്തിലെ ചാവേര്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ തിരഞ്ഞ് ശ്രീലങ്കന്‍ പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് ഒരു കൂട്ടം ആളുകള്‍ അന്വേഷണ സംഘത്തിനെതിരെ നിറയൊഴിച്ചത്. ആറ് കുട്ടികള്‍ ഉള്‍പ്പെടെ 15 പേരാണ് അമ്ബാര ജില്ലയിലെ സെയ്ന്തമരുത് എന്ന സ്ഥലത്തുവെച്ച് കൊല്ലപ്പെട്ടത്. വെടിവയ്പ്പിനിടയില്‍ ചാവേര്‍ ആക്രമണവും നടന്നിരുന്നു. ഇതില്‍ മൂന്ന്‌പേര്‍ ഐഎസ് അംഗങ്ങളാണ് എന്നാണ് ഭീകര സംഘടനയുടെ വെളിപ്പെടുത്തല്‍.
കൊളംബോയില്‍നിന്ന് 350 കിലോമീറ്റര്‍ പടിഞ്ഞാറ് കല്‍മുനയില്‍ വെള്ളിയാഴ്ച രാത്രിയിലായിരുന്നു മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍. പൊലീസുമായുള്ള പോരാട്ടത്തിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയും കെട്ടിവച്ച സ്‌ഫോടക വസ്തുക്കളോടെ പൊട്ടിത്തെറിക്കുകയും ചെയ്‌തെന്ന് ഐഎസ് പ്രസ്താവനയില്‍ അറിയിച്ചു, കൊല്ലപ്പെട്ട മൂന്നു പുരുഷന്മാര്‍ ഐഎസില്‍ സജീവമായിരുന്നെന്ന് അമാഖ് ന്യൂസ് ഏജന്‍സി വഴിയാണു സംഘടന വെളിപ്പെടുത്തിയത്.
കല്‍മുനയില്‍ സൈന്യം തിരച്ചില്‍ നടത്തിയ വീട് ചെരുപ്പ് ഫാക്ടറിക്കെന്നു പറഞ്ഞാണു ബട്ടിക്കലോവയിലെ കട്ടന്‍കുടി ഭാഗത്തുള്ള യുവാക്കള്‍ വാടകയ്ക്ക് എടുത്തത്. വന്‍ ആയുധശേഖരവും ഐഎസിന്റെ പതാകയും യൂണിഫോമും ടിഎസ് 56 റൈഫിളുകളും ചാവേറുകള്‍ ഉപയോഗിക്കുന്ന ആത്മഹത്യാ കിറ്റുകളും വീട്ടിനുള്ളില്‍നിന്നു പിടിച്ചെടുത്തു. കൊളംബോ സ്‌ഫോടനത്തിന് ഉത്തരവാദിത്തമേറ്റ് ഐഎസ് പുറത്തുവിട്ട വിഡിയോ ഇവിടെ ചിത്രീകരിച്ചതാണെന്നാണ് പൊലീസ് നിഗമനം.
ഭീകരാക്രമണം ആസൂത്രണം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ സഹോദരീ ഭര്‍ത്താവ് മുഹമ്മദ് നിയാസാണ് കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍. പരുക്കേറ്റ ഒരു ഭീകരനും മറ്റൊരാളും സംഭവസ്ഥലത്തുനിന്ന് ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെട്ടതായും സൂചനയുണ്ട്. അതിനിടെ, ശ്രീലങ്കയില്‍ സ്‌ഫോടന പരമ്ബര ആസൂത്രണം ചെയ്ത നാഷനല്‍ തൗഹിദ് ജമാഅത്ത് നേതാവ് സഹ്രാന്‍ ഹാഷിം പലതവണ കേരളത്തില്‍ എത്തിയതായും ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments