You are Here : Home / News Plus

തല്ലരുത് അമ്മാവാ ...ഞങ്ങൾ നന്നാവില്ല !!

Text Size  

Story Dated: Sunday, May 26, 2019 08:43 hrs UTC

അഴിമതിക്കേസില്‍ ജയിലിലായിട്ടും ഇടതുമുന്നണിയിലെടുത്ത ആര്‍.ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷും ഒടുവില്‍ ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ കേരള രാഷ്ട്രീയത്തില്‍ നന്ദികേടിന്റെ ആള്‍രൂപമായി മാറിയിരിക്കുകയാണ് ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറും. ഇടമലയാര്‍ അഴിമതിക്കേസില്‍ ബാലകൃഷ്ണപിള്ളക്കെതിരെ സുപ്രീം കോടതിയില്‍വരെ കേസുനടത്തി ജയിലിലടച്ച വി.എസ് അച്യുതാനന്ദന്റെ വാക്കുകേള്‍ക്കാതെ പിള്ളയെയും മകനെയും ചുവപ്പുപരവതാനി വിരിച്ച്‌ ഇടതുപക്ഷത്തെത്തിച്ചവരാണ് ഈ നാണക്കേടിന് ഇനി മറുപടി നല്‍കേണ്ടത്.
 
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത പരാജയത്തോടെയാണ് ബാലകൃഷ്ണപിള്ള ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് നിലപാടാണ് ശരിയെന്നു വ്യക്തമാക്കി ഇടതുപക്ഷത്തെ വിമര്‍ശിച്ച്‌ കളംമാറ്റിചവിട്ടിയത്. ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ലെന്നാണ് ബാലകൃഷ്ണപിള്ള വിമര്‍ശിച്ചത്. ഇടതുമുന്നണിയുടെ പാരാജയത്തിനുകാരണം ശബരിമലയാണെന്നും മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാനായ പിളള വ്യക്തമാക്കുന്നു.
 
 
 
ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ ഇടതുപക്ഷത്തിന് തെറ്റുപറ്റിയെന്ന് മകന്‍ ഗണേഷ്‌കുമാറും കുറ്റപ്പെടുത്തിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് നിലപാടാണ് ശരിയെന്നും ഗണേഷ് വ്യക്തമാക്കുന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളിയാണ് ഇടതുമുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ബി. നേതാക്കളായ ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷും സര്‍ക്കാരിനും ഇടതുമുന്നണിക്കുമെതിരെ രംഗത്തെത്തിയത്.
സരിതയുടെ സോളാര്‍ അഴിമതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസ് മന്ത്രിമാരെയും കുടുക്കിയതിനു പിന്നിലെ ബുദ്ധികേന്ദ്രം ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷുമായിരുന്നു.
 
ആദ്യ ഭാര്യ യാമിനി തങ്കച്ചിയില്‍ നിന്നും അടിവാങ്ങിയതോടെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്നും രാജിവെക്കേണ്ടിവന്ന ഗണേഷിനെ തിരികെ മന്ത്രിസഭയിലെടുക്കാത്തതിന്റെ പ്രതികാരമായാണ് സോളാര്‍ കേസില്‍ സരിതയുടെ വെളിപ്പെടുത്തലുണ്ടായതെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. സരിതയുടെ കത്തടക്കമുള്ളവ പുറത്തുവിട്ടതിന് പിന്നില്‍ ബാലകൃഷ്ണപിള്ളയുടെയും ഗണേഷിന്റെയും പങ്കും വിവാദമായിരുന്നു.യു.ഡി.എഫ് വിട്ട പിള്ളയും മകനും ഇടതുപക്ഷത്തേക്ക് ചേക്കേറുകയും ചെയ്തു.
 
 
 
ഇടമലയാര്‍കേസില്‍ വി.എസ് അച്യുതാനന്ദന്‍ കേസ് നടത്തിയതോടെയാണ് പിള്ളയെ അഴിമതി നിരോധന നിയമപ്രകാരം സുപ്രീം കോടതി ശിക്ഷിച്ചത്. അഴിമതി നിരോധനനിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യ മുന്‍ മന്ത്രിയായിരുന്നു പിള്ള. പിള്ളയെ ജയിലിലിടച്ചതില്‍ പ്രതിഷേധിച്ച്‌ നടന്ന പൊതുയോഗത്തില്‍ വി.എസ് അച്യുതാനന്ദനെ ഞെരമ്ബ് രോഗിയെന്ന് ഗണേഷ്‌കുമാര്‍ അവഹേളിച്ചിരുന്നു. ഇതെല്ലാം മറന്നാണ് ബാലകൃഷ്ണപിള്ളയുടെ ആളില്ലാ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ബിയെ ഇടതുമുന്നണിയിലെടുത്തത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുള്ള പിള്ളക്ക് കാബിനറ്റ് റാങ്കോടെ മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഇടത് സര്‍ക്കാര്‍ നല്‍കി.
ശബരിമല സ്ത്രീപ്രവേശനത്തില്‍ എന്‍.എസ്.എസിനെ വിമര്‍ശിച്ചും പിണറായിയെ ന്യായീകരിച്ചുമാണ് തെരഞ്ഞെടുപ്പിന് മുമ്ബ് പിള്ളയും മകന്‍ ഗണേഷും രംഗത്ത് വന്നിരുന്നത്. കൊല്ലത്തെ റാലിയില്‍ എന്‍.എസ്‌എസിനെ രൂക്ഷമായി വിമര്‍ശിക്കാനും ബാലകൃഷ്ണപിള്ള തയ്യാറായിരുന്നു.
 
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിള്ളയുടെ പഴയ മണ്ഡലമായിരുന്ന കൊട്ടാരക്കരയിലും ഗണേഷ്‌കുമാറിന്റെ മണ്ഡലമായ പത്തനാപുരത്തും മാവേലിക്കര മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷാണ് ലീഡ് ചെയ്തിരുന്നത്.
 
പത്തനാപുരത്ത് സിനിമാതാരം ജഗദീഷിനെ 24562 വോട്ടിനു തോല്‍പ്പിച്ചാണ് ഗണേഷ്‌കുമാര്‍ വിജയിച്ചത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് 14732 വോട്ടിന്റെ ഭൂരിപക്ഷമാണ് കൊടിക്കുന്നില്‍ സുരേഷിനുള്ളത്.
 
എന്‍.എസ്.എസ് വോട്ട് കോണ്‍ഗ്രസിലേക്ക് മറിഞ്ഞതാണ് പത്തനാപുരത്തും കൊട്ടാരക്കരയിലും തിരിച്ചടിക്കു കാരണമെന്നു മനസിലായതോടെയാണ് എന്‍.എസ്.എസിനെ പിന്തുണച്ചും പിണറായിയെ തള്ളിപ്പറഞ്ഞും പിള്ളയും മകനും രംഗത്തെത്തിയത്. അതേസമയം നിര്‍ണായക സമയത്ത് തള്ളിപ്പറഞ്ഞ പിള്ളയെയും ഗണേഷിനെയും എന്‍.എസ്.എസ് അംഗീകരിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.