തൊടുപുഴയില്‍ മര്‍ദ്ദനത്തിന് ഇരയായ കുട്ടിയുടെ അച്ഛന്‍ ബിജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ബിജുവിന്റെ മരണം. ഹൃദയാഘാതമാണെന്ന നിഗമനത്തില്‍ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. ബിജുവിന്റെ മൂത്തമകനെ ക്രൂരമായി മര്‍ദിച്ച അരുണ്‍ ആനന്ദിന് ബിജുവിന്റെ മരണത്തില്‍ പങ്കുള്ളതായി സംശയിക്കുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.
ബിജുവിന്റെ അച്ഛനായ ബാബുവിന്റെ ഇളയ സഹോദരിയുടെ മകനാണ് അരുണ്‍. വീട്ടുകാരുമായി ഏറെ വര്‍ഷമായി അരുണിന് ഒരു ബന്ധവുമില്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണിയാള്‍.
പത്തു വര്‍ഷം മുന്‍പാണ് ബിജു വിവാഹിതനായത്. സിഡിറ്റിലെ ജീവനക്കാരനായിരുന്നപ്പോഴായിരുന്നു വിവാഹം. പിന്നീട് ടെക്‌നോപാര്‍ക്കിലായിരുന്നു ജോലി. വിവാഹത്തിന് അരുണ്‍ ആനന്ദ് പങ്കെടുത്തിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ബിജു, അരുണിന് പണം കടം നല്‍കിയിരുന്നു. ഇതു തിരിച്ചു നല്‍കാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ ബിജുവിന്റെ കല്ലാട്ട്മുക്കിലെ വീട്ടില്‍ വച്ച് വഴക്കുണ്ടായിരുന്നു. ഇതിനു ശേഷം ആനന്ദ് കല്ലാട്ടുമുക്കിലെ വീട്ടില്‍ വന്നത് ബിജു മരിച്ചപ്പോള്‍ മാത്രമാണെന്ന് ബാബു പറഞ്ഞു.
ബിജുവിന്റെ മരണത്തിനു പിന്നാലെ അരുണിന്റെ വരവ് ബന്ധുക്കളില്‍ സംശയം ഉയര്‍ത്തിയിരുന്നു. ബിജുവും ഭാര്യയും തിരുവനന്തപുരത്തെ വീട്ടില്‍ താമസിക്കുമ്ബോള്‍ വളരെ സന്തോഷത്തിലായിരുന്നതിനാല്‍ ഹൃദയാഘാതമാണെന്ന് ബിജുവിന്റെ ഭാര്യ പറഞ്ഞതില്‍ സംശയം തോന്നിയിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
കുട്ടികളോട് വലിയ അടുപ്പം കാണിച്ചാണ് ഇയാള്‍ യുവതിയുമായി ബന്ധമുണ്ടാക്കിയെടുത്തത്. മരിച്ച ഭര്‍ത്താവിന്റെ ആത്മാവ് തന്നോടൊപ്പം ഉള്ളതായി ഇയാള്‍ യുവതിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടികളെ കാണാതെയിരിക്കാന്‍ വയ്യെന്ന പേരില്‍ അടുത്തുകൂടി വിശ്വാസം നേടിയെടുത്തതോടെ യുവതി ബന്ധുക്കളുടെ എതിര്‍പ്പ് മറികടന്ന് ഇയാളുമായി അടുപ്പമുണ്ടാക്കി.
ഭര്‍ത്താവ് മരിച്ച് ആറുമാസമായപ്പോള്‍ യുവതി അരുണിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. ആദ്യം പേരൂര്‍ക്കടയില്‍ വാടകയ്ക്ക് താമസിച്ച ഇവര്‍ പിന്നീട് തൊടുപുഴയിലേക്ക് പോവുകയായിരുന്നു.
Comments