You are Here : Home / USA News

ഒക്‌ലഹോമയിലെ ഡേവീസ് പാര്‍ക്കില്‍ അപകടമരണത്തിനിരയായവര്‍ക്ക് നീതി ലഭിക്കാന്‍ ജെ.എഫ്.എ രംഗത്ത്

Text Size  

Story Dated: Thursday, September 19, 2019 02:44 hrs UTCതോമസ് കൂവള്ളൂര്‍

ന്യൂയോര്‍ക്ക്: ടൂറിസ്റ്റുകളേയും, കോളജ് വിദ്യാര്‍ത്ഥികളേയും ഇന്റര്‍നെറ്റ് വഴിയുള്ള പരസ്യങ്ങളിലൂടെ ആകര്‍ഷിച്ച് വന്‍തോതില്‍ വരുമാനമുണ്ടാക്കിക്കൊണ്ടിരുന്ന ഒക്‌ലഹോമയിലെ ഡേവീസ് പാര്‍ക്കിലുള്ള "ബ്ലൂഹോള്‍' എന്ന മരണക്കെണിയില്‍പ്പെട്ട് അപമൃത്യുവിനിരയായ നിരവധി പേര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നീതി ലഭിക്കുന്നതിനുവേണ്ടി സെപ്റ്റംബര്‍ ഒമ്പതാം തീയതി വൈകിട്ട് ജസ്റ്റീഫ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന സംഘടന വിളിച്ചുകൂട്ടിയ ടെലികോണ്‍ഫറന്‍സ് മീറ്റിംഗില്‍ അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും, മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളും, കൂടാതെ അറ്റോര്‍ണിമാര്‍ വരെയും പങ്കെടുക്കുകയുണ്ടായി.

ന്യൂയോര്‍ക്കില്‍ നിന്നുള്ള ജെ.എഫ്.എയുടെ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ മീറ്റിംഗില്‍ അധ്യക്ഷനായിരുന്നു. ടെക്‌സസില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനും, സംഘാടകനും, സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ച എ.സി. ജോര്‍ജ് മോഡറേറ്ററായി പ്രവര്‍ത്തിച്ചു.

ഒക്‌ലഹോമയിലെ ഡേവിസ് പാര്‍ക്കില്‍ അപമൃത്യവിനിരയായവര്‍ക്കുവേണ്ടിയുള്ള മൗനപ്രാര്‍ത്ഥനയോടെ ന്യൂയോര്‍ക്ക് സമയം എട്ടുമണിക്ക് മീറ്റിംഗ് ആരംഭിച്ചു. മീറ്റിംഗില്‍ പങ്കെടുത്തവര്‍ക്കെല്ലാം ജെ.എഫ്.എ ചെയര്‍മാന്‍ സ്വാഗതം ആശംസിച്ചു. ഇത്തരത്തില്‍ ഒരു മീറ്റിംഗ് വിളിച്ചുകൂട്ടാനുണ്ടായ സാഹചര്യം, ടെക്‌സസിലെ ഡാളസില്‍ നിന്നും ഒക്‌ലഹോമയിലെ ഡേവിസ് പാര്‍ക്കില്‍ വിനോദത്തിനായി പോയി ജീവന്‍ നഷ്ടപ്പെട്ട ജെസ്‌ലിന്‍ മേരി തോമസ് എന്ന മലയാളി യുവതിയെ പ്രതിനിധാനം ചെയ്യുന്ന അറ്റോര്‍ണി ഫിനി തോമസ്, തനിക്കും കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിന്റെ പിന്‍തുണ കിട്ടിയിരുന്നെങ്കില്‍ പലവിധത്തിലും, നിയമങ്ങള്‍ തന്നെ മാറ്റിയെഴുതിക്കാന്‍ അത് കാരണമാകും എന്നു മീറ്റിംഗില്‍  സൂചിപ്പിക്കുകയുണ്ടായി.

അന്വേഷണത്തില്‍ 10 മാസത്തിനുള്ളില്‍ 10 പേരുടെ മരണത്തിനു കാരണമായ ഡേവീസ് പാര്‍ക്കില്‍ എന്തുകൊണ്ട് ഇത്തരത്തില്‍ തുടരെ തുടരെ മരണം സംഭവിക്കുന്നു എന്ന് അന്വേഷിക്കാന്‍, അതിനെതിരേ ശബ്ദിക്കാന്‍ ഇന്നേവരെ ഒരു സംഘടനകളും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് താരതമ്യേന വളരെ കുറച്ചുമാത്രം അംഗസംഖ്യയുള്ള ജെ.എഫ്.എ ഇത്തരത്തില്‍ ഒരു മീറ്റിംഗ് വിളിച്ചുകൂട്ടിയത്. ജെ.എഫ്.എയുടെ ചരിത്രം അറിയാവുന്നവര്‍ക്കറിയാം ഇതിനോടകം പലരേയും സഹായിക്കാനും, നിയമങ്ങള്‍വരെ ഭേദഗതി ചെയ്യിക്കാനും ജെ.എഫ്.എയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നു. സമൂഹത്തിലെ "ശബ്ദമില്ലാത്തവരുടെ ശബ്ദം' എന്ന പേരില്‍ അറിയപ്പെടുന്ന ജെ.എഫ്.എ പലപ്പോഴും കാര്യങ്ങള്‍ നേടിയെടുക്കുന്നത് പണംപോലും പിരിക്കാതെ ജനങ്ങളെ സംഘടിപ്പിച്ചാണ് എന്നുള്ളത് എടുത്തുപറയത്തക്കതാണ്.

നമ്മുടെ സമൂഹത്തില്‍പ്പെട്ട ഒരു കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം ഒക്‌ലഹോമയിലെ ഡേവീസ് പാര്‍ക്ക് അധികൃതരുടേയും, അവിടുത്തെ പോലീസ് അധികാരികളുടേയും അനാസ്ഥ മൂലമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞതുമൂലമാണ് തങ്ങള്‍ ഇത്തരത്തില്‍ ഒരു പബ്ലിക് മീറ്റിംഗ് വിളിച്ചുകൂട്ടാന്‍ കാരണമെന്നും, അപകടത്തില്‍ മരണമടഞ്ഞ കുട്ടിയുടെ മാതാപിതാക്കളുടേയും ബന്ധുജനങ്ങളുടേയും അഭിപ്രായങ്ങള്‍ അറിഞ്ഞശേഷം വേണം മുന്നോട്ടുള്ള നീക്കങ്ങള്‍ എന്നും ജെ.എഫ്.എ ചെയര്‍മാന്‍ അറിയിക്കുകയുണ്ടായി.

മീറ്റിംഗില്‍ ജെസ്‌ലിന്റെ മാതാവ് ലീലാമ്മ തോമസ്, അവരുടെ മകള്‍ വെറുമൊരു കൊച്ചുകുട്ടി അല്ലായിരുന്നുവെന്നും, നാലര വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയില്‍ വരാന്‍തന്നെ കാരണം അമേരിക്ക ഇന്ത്യയേക്കാള്‍ സുരക്ഷയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണെന്നു മനസ്സിലാക്കിയശേഷമായിരുന്നുവെന്നും, എപ്പോഴും സുരക്ഷയ്ക്ക് ജെസ്‌ലിന്‍ മുന്‍തൂക്കം കൊടുത്തിരുന്നു എന്നും പറഞ്ഞു. വളരെയധികം പണം ചെലവാക്കി, വളരെ കഷ്ടപ്പെട്ടും, ജോലി ചെയ്തും നഴ്‌സിംഗ് പാസായ ശേഷം ജസ്‌ലിന്‍ മാതാപിതാക്കളുടേയും, ബന്ധുജനങ്ങളുടേയും അനുഗ്രഹാശിസുകളോടെ നാട്ടില്‍ പോയി വിവാഹം കഴിച്ച് വളരെ സന്തോഷത്തോടെ മടങ്ങി എത്തിയശേഷം ജീവിതത്തില്‍ അല്പം വിശ്രമം ലഭിക്കുന്നതിനുവേണ്ടി പാര്‍ക്കില്‍ വിനോദത്തിനു മറ്റുള്ളവരോടൊപ്പം പോകാന്‍ തീരുമാനിച്ചു. ഇന്റര്‍നെറ്റിലൂടെ പല സ്ഥലങ്ങള്‍ നോക്കിയതില്‍ ഏറ്റവും നല്ലതാണെന്നു തോന്നിയത് ഒക്‌ലഹോമയിലെ നാഷണല്‍ പാര്‍ക്കും, പ്രകൃതിദത്തമായ ടര്‍ണര്‍ വെള്ളച്ചാട്ടവും ആണെന്നു പലരും പറഞ്ഞതിനാലാണ് ആ പാര്‍ക്കില്‍ പോകാന്‍ ടിക്കറ്റെടുത്തതെന്നും ജെസ്‌ലിന്റെ മാതാവ് ലീലാമ്മ തോമസ് പറഞ്ഞു. അനുഭവത്തില്‍ ആരെങ്കിലും അപകടസൂചന നല്‍കിയിരുന്നെങ്കില്‍ തന്റെ മകള്‍ ഒരിക്കലും അങ്ങനെയുള്ള ഒരു സ്ഥലത്ത് പോകുമായിരുന്നില്ലെന്നും ആ മാതാവ് പറഞ്ഞു. അങ്ങനെ അവരുടെയെല്ലാം സന്തോഷം ദുഖമാക്കി മാറ്റിയ കാര്യം ആ അമ്മ പറഞ്ഞപ്പോള്‍ കേട്ടിരുന്നവര്‍ പലരും കരയുകപോലും ചെയ്തു.

ജെ.എഫ്.എ എന്ന സംഘടന തങ്ങളുടെ ശബ്ദം കേള്‍ക്കുന്നതിനുവേണ്ടി ഇത്തരത്തില്‍ ഒരു മീറ്റിംഗ് വിളിച്ചുകൂട്ടിയതില്‍ അപകടമരണത്തിനിരയായ ജെസ്‌ലിന്റെ മാതാവ് ലീലാമ്മ സംഘാടകര്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇനിയും ഒക്‌ലഹോമയിലെ ഡേവീസ് പാര്‍ക്കില്‍ പോകുന്നവര്‍ക്കാര്‍ക്കും ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടാകാതിരിക്കാന്‍ സമൂഹം തന്നെ നടപടിയെടുക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു.

തുടര്‍ന്ന് ജസ്‌ലിന്റെ മാതൃസഹോദരന്‍ രാജന്‍ തോമസ് അപകടത്തിനു കാരണമായ സ്ഥലത്തുപോയി അന്വേഷിച്ച് കണ്ടെത്തിയ വിവരങ്ങള്‍ വിശദീകരിച്ചപ്പോള്‍ മാത്രമാണ് ശരിയായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. വര്‍ഷങ്ങളായി ഒക്‌ലഹോമയിലെ ഡേവീസ് പാര്‍ക്കിലുള്ള ടര്‍ണര്‍ തടാകത്തോടു ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലത്ത് ആരും ശ്രദ്ധിക്കാത്ത കിടങ്ങ് പോലുള്ള ഒരു സ്ഥലമുണ്ടെന്നും അവിടെ കാല്‍വഴുതി വീണവരൊക്കെ കിടങ്ങിലൂടെ താഴേയ്ക്ക് പോയി അഗാധ ഗര്‍ത്തത്തില്‍ ചെന്നു വീഴുമെന്നും, ആ ഗര്‍ത്തത്തില്‍ വള്ളംനിറഞ്ഞുനില്‍ക്കുകയാണെന്നും, വെള്ളത്തിന്റെ അടിയില്‍ ചുഴലിയുണ്ടെന്നതിനാല്‍ വീണവരാരും തിരിച്ചുവന്നിട്ടില്ലെന്നും അറിയാന്‍ കഴിഞ്ഞു.

ജസ്‌ലിന്‍ ജോസ് (തോമസ് എന്നും അറിയപ്പെടുന്നു) ജൂലൈ മൂന്നാം തീയതിയാണ് അപകടത്തില്‍പ്പെട്ടത്. പിറ്റെദിവസം ജൂലൈ നാലിനു ഇരുപതിനായിരത്തിലധികം ആളുകള്‍ ആ പാര്‍ക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ഒടുവില്‍ ടിക്കറ്റ് ക്ലോസ് ചെയ്യേണ്ടതായി വന്നു എന്നും അറിയാന്‍ കഴിഞ്ഞു. എന്നിട്ടും ജസ്‌ലിന്റെ അപകടമുണ്ടായ സ്ഥലത്ത് പോലീസിനേയോ, സെക്യൂരിറ്റിയേയോ വയ്ക്കാന്‍ പാര്‍ക്ക് അധികാരികള്‍ താത്പര്യമെടുത്തില്ല. അപകടമുള്ള സ്ഥലത്ത് ആളുകള്‍ക്ക് വ്യക്തമായി കാണത്തക്കവിധത്തില്‍ അപകടസൂചന നല്‍കുന്ന ബോര്‍ഡോ, മറ്റു തടസങ്ങളോ വച്ച് ആളുകളെ അപകടത്തില്‍പ്പെടാതെ സംരക്ഷിക്കുന്നതില്‍ പാര്‍ക്ക് അധികതര്‍ വീഴ്ചവരുത്തിയതായി കാണാം.

ജൂലൈ അഞ്ചിനു സുരേഷ് എന്ന ഒരു ഇന്ത്യക്കാരനും പ്രസ്തുത പാര്‍ക്കില്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ വാര്‍ത്ത അനുസരിച്ച് പ്രസ്തുത സ്ഥലത്ത് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ പഠിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള രണ്ട് ചെറുപ്പക്കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ചതായും വാര്‍ത്തകളില്‍ കാണാന്‍ കഴിഞ്ഞു.

ഇത്രയും ആളുകള്‍ മരിച്ചിട്ടും എന്തുകൊണ്ട് ഒക്‌ലഹോമ ഗവണ്‍മെന്റ് ഇക്കാര്യത്തിന് പ്രാധാന്യംകൊടുത്തില്ല? മരിച്ചവര്‍ എല്ലാം അന്യ സ്റ്റേറ്റുകളില്‍ നിന്നും, നാടുകളില്‍നിന്നുള്ളവരായതുകൊണ്ടാകാം.

ഈ സംഭവത്തില്‍ തങ്ങള്‍ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തുന്നതായി ജെ.എഫ്.എയുടെ ജനറല്‍ സെക്രട്ടറി കോശി ഉമ്മന്‍ പറഞ്ഞു. എന്നുതന്നെയല്ല അന്യ സ്റ്റേറ്റുകളില്‍ നിന്നുള്ളവരാണ് അധികവും കൊല്ലപ്പെട്ടത്. അതിനാല്‍ ഇക്കാര്യം അന്വേഷിക്കാന്‍ എഫ്.ബി.ഐയെ നിയോഗിക്കണമെന്നും, അമേരിക്കന്‍ അറ്റോര്‍ണി ജനറലിനും, അമേരിക്കന്‍ പ്രസിഡന്റിനും, അമേരിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസിനും പരാതി കൊടുക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബോസ്റ്റണില്‍ നിന്നുള്ള ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടനയുടെ ലീഗല്‍ അഡൈ്വസര്‍ അറ്റോര്‍ണി ജേക്കബ് കല്ലുപുര, സാധാരണഗതിയില്‍ ഒരാളെങ്കിലും അപകടത്തില്‍പ്പെട്ട് മരിച്ചിട്ടുണ്ടെങ്കില്‍ അവിടെ വീണ്ടും അപകടമുണ്ടാകാതിരിക്കാന്‍ പോലീസ് തന്നെ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കേണ്ടതായിരുന്നുവെന്നും, വീണ്ടും ഒരാള്‍കൂടി മരിച്ചാല്‍ അതേപ്പറ്റി അന്വേഷണം നടത്താന്‍ വേണ്ട റിപ്പോര്‍ട്ട് അധികാരികള്‍ക്ക് സമര്‍പ്പിക്കാന്‍ ബാദ്ധ്യസ്ഥരാണെന്നും, ഇത്രമാത്രം പേര്‍ അപകടത്തില്‍പ്പെട്ട് മരിച്ചിട്ടും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് ഗൗരവമുള്ള കാര്യമാണെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യക്കാരായ ഇത്രയും കുട്ടികള്‍ ഒരേ പാര്‍ക്കില്‍, ഒരേ സ്ഥലത്ത് അപകടത്തില്‍ മരിച്ചു എന്നറിയുന്നത് വളരെ ഗൗരവമുള്ള കാര്യമാണെന്നും, ഇക്കാര്യത്തില്‍ അധികാരികള്‍ക്ക് പരാതി നല്‍കേണ്ടതാണെന്നും പറഞ്ഞു.

ജെ.എഫ്.എയുടെ ഡയറക്ടറായി തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്ന യു.എ. നസീര്‍ ഈ വിഷയത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമിക്കണമെന്നും, അധികാരികള്‍ക്ക് ശക്തമായ ഭാഷയില്‍ പരാതികള്‍ നല്‍കണമെന്നും പ്രസ്താവിച്ചു.

ജെ.എഫ്.എയുടെ ഡയറക്ടറും, മാധ്യമ പ്രവര്‍ത്തകനുമായ പി.പി. ചെറിയാന്‍ ഇത്തരത്തിലുള്ള സംഭവങ്ങളില്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് ആവശ്യമാണെന്നും, ഒന്നിച്ചു നിന്നെങ്കില്‍ മാത്രമേ അധികാരികളെക്കൊണ്ട് വേണ്ടവിധത്തില്‍ നടപടികള്‍ എടുപ്പിക്കാനാവുകയുള്ളുവെന്നും അഭിപ്രായപ്പെട്ടു.

മരണപ്പെട്ട നാലു കുട്ടികള്‍ ഡാളസില്‍ നിന്നുള്ളവരായതിനാല്‍ ഡാളസ് കേന്ദ്രീകരിച്ച് ഒരു പ്രതിക്ഷേധ റാലി സംഘടിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്നും, സാധിക്കുമെങ്കില്‍ സി.ബി.എസ്, സി.എന്‍.എന്‍ പോലുള്ള മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഒരു പ്രസ് മീറ്റ് നടത്തുന്നതും ഗുണകരമായിരിക്കുമെന്നു മനുഷ്യാവകാശ പ്രവര്‍ത്തകനായ റവ.ഡോ. തോമസ് അന്വലവേലി അറിയിച്ചു.

പ്രശസ്ത എഴുത്തുകാരിയായ മീനു എലിസബത്ത് തുടങ്ങി ഒട്ടനവധി പേര്‍ ടെലി കോണ്‍ഫറന്‍സ് മീറ്റിംഗില്‍ പങ്കെടുത്തു.

മനുഷ്യാവകാശലംഘനം ഒക്‌ലഹോമ സ്റ്റേറ്റ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നു വ്യക്തമായി മനസിലാക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കുമെതിരേ നടപടികള്‍ എടുക്കേണ്ടതാണെന്നും, ജെ.എഫ്.എയുടെ പിന്തുണ ഇക്കാര്യത്തില്‍ തുടര്‍ന്നും ഉണ്ടാകുമെന്നും എ.സി ജോര്‍ജ് തന്റെ ഉപസംഹാരത്തില്‍ പറയുകയുണ്ടായി.
വാര്‍ത്ത തയാറാക്കിയത്: തോമസ് കൂവള്ളൂര്‍.

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More