ഏബ്രഹാം തോമസ്
ടെക്‌സസിലെ അല്‍പാസോയില്‍ 22 പേരും ഒഹായോവിലെ ഡേടണില്‍ 10 പേരും അക്രമികളുടെ തോക്കുകള്‍ക്ക് ഇരകളായപ്പോള്‍ വര്‍ണ്ണവിദ്വേഷത്തിന് രണ്ട് അദ്ധ്യായങ്ങള്‍ കൂടി ചേര്‍ക്കേണ്ടിവന്നു. 21 കാരന്‍ വെളുത്ത വര്‍ഗക്കാരനായ അലന്‍, ടെക്‌സസില്‍ നിന്നുള്ള ചെറുപ്പക്കാരന്‍ എന്നാണ് അല്‍പാസോ പോലീസ് ചീഫ് ഗെഗ്ര് അലന്‍ അല്‍പാസോയിലെ ഘാതകനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. 15 മണിക്കൂറുകള്‍ക്ക് ശേഷം ഡേടണിലെ വിനോദകേന്ദ്രത്തില്‍ തുരുതുരെ വെടിയുതിര്‍ത്ത കോണര്‍ സ്റ്റീഫന്‍ ബെറ്റ്‌സ് 24 കാരനാണ്.
ബെറ്റ്‌സ് 22 വയസുള്ള സഹോദരിയും അവളുടെ കാമുകനും ഒപ്പമാണ് ഡേടണിലെ എന്റര്‍ടെയിന്‍മെന്റ് ഡിസ്ട്രിക്ടില്‍ വന്നത്. കുറെക്കഴിഞ്ഞപ്പോള്‍ മൂവരും തമ്മില്‍ പിരിഞ്ഞു. ബെറ്റ്‌സ് തന്റെ 223 കാലിബര്‍ തോക്കില്‍ നിന്ന് വെടിവയ്ക്കാന്‍ ആരംഭിച്ചു. അയാളുടെ സഹോദരി വെടിയേറ്റു വീണു. മറ്റ് ഒന്‍പത് പേരും ബെറ്റ്‌സിന്റെ വെടിയേറ്റ് മരിച്ചു. അയാളുടെ സഹോദരിയുടെ കാമുകനും വെടിയേറ്റ് പരിക്കുകള്‍ക്ക് ചികിത്സയിലാണ്.
ആക്രമണായുധങ്ങള്‍ കൊലപാതകികള്‍ ഉപയോഗിച്ച് നരഹത്യ നടത്തുന്ന പരമ്പര തുടരുകയാണ്. ഓരോ അരുംകൊലയ്ക്ക് ശേഷവും തോക്ക് നിയന്ത്രണവും നിയമ നിര്‍മ്മാണവും വീറോടെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ആക്രമണായുധങ്ങള്‍ നിരോധിക്കണമെന്നും തോക്കുകള്‍ വാങ്ങുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നു.
അല്‍പാസോയിലെ ഘാതകന്‍ പാട്രിക് ക്രൂഷിയാണ്. അലനില്‍ താമസിച്ച് കൊളിന്‍ കൗണ്ടിയിലെ പ്‌ളേനോ സ്‌ക്കൂള്‍ ഡിസ്സ്ട്രില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഓണ്‍ലൈനില്‍ ഇയാള്‍ പോസ്റ്റ് ചെയ്ത മാനിഫെസ്റ്റോയില്‍ താന്‍ ടെക്‌സസ് നേരിടുന്ന ഹിസ്പാനിക്ക് കടന്നുകയറ്റത്തിനെതിരെ പ്രതികരിക്കുകയാണെന്ന് പറഞ്ഞിരുന്നു. വാര്‍ത്ത വന്നയുടന്‍ നേതാക്കള്‍ വര്‍ണ്ണവിദേഷത്തിന് എതിരെ പ്രതികരിച്ചു.
യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് അന്ധമായ സ്വമതാസക്തിക്കും വെളുത്തവര്‍ഗ ആധിപത്യത്തിനും എതിരാണ് രാഷ്ട്രം എന്ന് പറഞ്ഞു. മാനസിക അസുഖമാണ് തോക്കിന്റെ കാഞ്ചി വലിച്ചത്. തോക്കല്ല. നമ്മുടെ സമൂഹത്തില്‍ അക്രമം മഹത്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം. വീഡിയോ ഗെയിമുകളിലും മറ്റും ഇത് ധാരാളമായി കാണാറുണ്ട്. തോക്ക് നിയമം പുതിയ കുടിയേറ്റ നിയമവുമായി ബന്ധിപ്പിക്കണം. ട്രമ്പ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തോക്കുകള്‍ വാങ്ങുന്നവരുടെ പശ്ചാത്തല പരിശോധനയെക്കുറിച്ച് മൗനം പാലിച്ചു.
മുന്‍ ടെക്‌സസ് ജനപ്രതിനിധിയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശിയുമായ ബീറ്റോ റൗര്‍കെ പ്രസിഡന്റിന്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞ പത്രലേഖകരോട് കയര്‍ത്തു. മെക്‌സിക്കന്‍ കുടിയേറ്റക്കാരെ ബലാത്സംഗക്കാരും കുറ്റവാളികളും എന്നാണ് പ്രസിഡന്റ് വിളിക്കുന്നത്. വെളുത്ത വര്‍ഗ മേധാവിത്വത്തെക്കുറിച്ചാണ് ഞങ്ങള്‍ രണ്ട് പേരും സംസാരിക്കുന്നത്. വ്യത്യസ്ത രീതിയിലാണെന്ന് മാത്രം. ടെക്‌സസ് സെനറ്റര്‍ ടെഡ്ക്രൂസും പ്രസിഡന്റിന്റെ മകളും ഉപദേഷ്ടാവുമായ ഇവാങ്കട്രമ്പും സവര്‍ണ്ണ മേധാവിത്തത്തിനെതിരെ പ്രസ്താവനകള്‍ ഇറക്കി. നരഹത്യകള്‍ ഉണ്ടാകുമ്പോള്‍ സാധാരണ തോക്ക് നിയന്ത്രണവും പുതിയ നിയമം കൊണ്ടുവരുന്നതിനെകുറിച്ചുമാണ് ചര്‍ച്ചകള്‍ ഉണ്ടാവുക. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അടുത്ത നരഹത്യ വരെ വിഷയം തണുത്ത് പോകുകയാണ് പതിവ്. പ്രധാന രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ കൈവശം ഉള്ള തോക്ക് നിര്‍മ്മാതാക്കളില്‍ നിന്നോ അമേരിക്കന്‍ റൈഫിള്‍ അസോസിയേഷനില്‍ നിന്നോ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ധനം ശേഖരിക്കുകയില്ല എന്ന് പരസ്യമായി പറയാന്‍ സ്ഥാനാര്‍ത്ഥികളാരും തയ്യാറാകാറില്ല. തോക്ക് നിയന്ത്രണം അധരസേവനത്തില്‍ ഒതുങ്ങുന്നു.
Comments