ചരമക്കുറിപ്പിനും അപ്പുറം വലിയൊരാത്മബന്ധത്തിന്റെ കുറിപ്പാണിത്. മരണമൊരു സത്യമായിരിക്കെ, അതിനപ്പുറം ആത്മബന്ധങ്ങളുടെ വേര്‍പാട് ആഘാതം തന്നെ. എണ്‍പത്താറെത്തിയ എന്റെ സുഹൃത്ത് എന്നേക്കാള്‍ പത്തുവയസ്സിലേറെ പ്രായമുള്ള എന്റെ സുഹൃത്ത് , ശ്രീ. സ്റ്റീഫന്‍ ജോസ് പച്ചിക്കരയുടെ വേര്‍പാട് എന്നെ ഏറെ ദുഃഖിപ്പിക്കുന്നു. ഒരു പക്ഷേ, അദ്ദേഹത്തിന്റെ പ്രായം, എണ്‍പത്തിയാറ്, മരണം പ്രതീക്ഷിക്കേണ്ട പ്രായം തന്നെ. ഈ അടുത്തകാലത്ത് ബന്ധുക്കളും, സുഹൃത്തുക്കളുമായി കുറേപേര്‍ കടന്നുപോയി. ജീവിതത്തിന്റെ ഒഴുക്കില്‍.
പച്ചിക്കര ദീര്‍ഘകാലം എന്റെ സുഹൃത്തായിരുന്നു. സഹൃദയനും, അതിലുപരി നര്‍മ സംഭാഷണത്തില്‍ വളരെ തല്‍പ്പരനുമായ സുഹൃത്തുമായിരുന്നു. ചരിപ്പിക്കുകയും, ചി്ന്തിപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ നര്‍മ്മ സംഭാഷണങ്ങള്‍ ഞങ്ങളുടെ ഇടയില്‍ പതിവായിരുന്നു. ശാന്തനായ ഒരു മനുഷ്യന്‍, തിളക്കാത്ത ഒരു പ്രകൃതക്കാരന്‍! ഒരു ശാന്തമായ അരുവിപോലെ ഒഴുകിപോയ ജീവിതം! ആരെകണ്ടാലും ചിരിച്ചു പരിചയപ്പെടുന്ന എന്റെ സുഹൃത്ത്! എപ്പോഴും എന്നെ ഒരേ വിളിതന്നെ, കേട്ടോ എളമതേ, ഒരു വിറ്റ്, 'അണ്‍വിസിബള്‍' എന്ന വാക്കിന്റെ പച്ചമായ ആവിഷ്‌ക്കരണം. പൊട്ടിചരിച്ച് ഞാന്‍ വീണ്ടും ചിന്തിക്കുമ്പോള്‍ എത്ര ഹാസ്യാത്മമായി ആ വാക്കിന്റെ പച്ച മലയാള പരിവേഷം, പച്ചിക്കര പറയുന്നു എന്നോര്‍ക്കുമ്പോള്‍, വീണ്ടും വീണ്ടും ഓര്‍ത്ത് ചിരിക്കാന്‍ അത് പ്രചോദിപ്പിക്കുന്നു.
വളരെ അടുത്ത കുടുംബസുഹൃത്തായിരുന്ന പച്ചിക്കര വളരെ പ്രതീക്ഷിക്കാതെ ഇരുന്ന ഒരു സമയത്താണ് വിട്ടുപോയത്. മരണം ഒരു കള്ളനായും, കോമാളിയായും അരങ്ങേറുമ്പോള്‍ പഴയ കൊഴിഞ്ഞുവീണ നല്ലകാലങ്ങള്‍ മാത്രമെ നമ്മെ പ്രതീക്ഷിയിലേക്കു നയിക്കൂ. തളരാതെ ജീവിച്ച് കഥാവിശേഷരാകുന്ന നല്ല മനുഷ്യരാണ് അതിനൊക്കെ പ്രേരണ നല്‍കുന്നത്. എത്രകാലം ഇവിടെ ജീവിച്ചെന്നതിലേറെ, എപ്രകാരം ജീവിതത്തെ ധന്യമാക്കി എന്നതുതന്നെ പ്രധാനം. ഒരിക്കല്‍ ജീവിച്ചുമരിക്കുമ്പോള്‍, കാലങ്ങളില്‍ അടയാളപ്പെടുത്തുന്ന ജന്മങ്ങള്‍ തന്നെ ധന്യമായ ജീവിതത്തിന്റെ വരദാനം!
എന്റെ സുഹൃത്ത്, ശ്രീമാന്‍ സ്റ്റീഫന്‍ ജോസ് പച്ചിക്കരയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട്, കുടുംബാംഗങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട്, പ്രാര്‍ത്ഥനയോടെ അഭിവാദ്യങ്ങള്‍, ആദരാജ്ഞലികള്‍!!
സ്‌നേഹപൂര്‍വ്വം, ജോണ്‍ ഇളമത
Comments