സാന്റാക്രൂസ് (കലിഫോർണിയ) ∙ കലിഫോർണിയായിലെ പ്രമുഖ വ്യവസായിയും ആത്രെനെറ്റിന്റെ സ്ഥാപകനും സിഇഒയും ഇന്ത്യൻ അമേരിക്കൻ വ്യവസായിയുമായ തുഷാർ ആത്രെയെ (50) നോർത്തേൺ കലിഫോർണിയായിലെ വീട്ടിൽ നിന്നും തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതായി സാന്റാക്രൂസ് കൗണ്ടി ഷെറിഫ് ഓഫീസർ അറിയിച്ചു.
ഓഷൻ ഫ്രണ്ട് ഹോമിൽ നിന്നും പുലർച്ചെ 3 മണിക്കാണ് വീടിനകത്തേക്ക് അതിക്രമിച്ചു കയറിയ രണ്ടു പേർ ചേർന്ന് തുഷാറിനെ ബലമായി കാറിൽ കയറ്റികൊണ്ടു പോയത്. ആ സമയത്തു തുഷാറിന്റെ വീട്ടിലുണ്ടായിരുന്ന കാമുകിയുടെ ബിഎംഡബ്ല്യുവാണു തട്ടികൊണ്ടു പോകാൻ ഉപയോഗിച്ചത്. സംഭവം നടന്ന ഉടനെ പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് വ്യാപക അന്വേഷണം നടക്കുന്നതിനിടയിൽ (ഒക്ടോബർ 1) ഏഴു മണിക്കൂറിനുശേഷം വീട്ടിൽ നിന്നും ഏകദേശം 14 മൈൽ ദൂരത്തിൽ കാറിൽ കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഒക്ടോബർ 3നും തുഷാർ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. മൃതദേഹം സാന്റാക്രൂസ് കൗണ്ടി കൊറോണർ ഓഫിസിലാണ് സൂക്ഷിച്ചിരിക്കുന്നത്. 1992–ൽ ന്യുയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയിരുന്നു.
1996–ൽ വെബ് മാർക്കറ്റിങ്ങ് ആന്റ് ഡിസൈൻ ആത്രെനെറ്റ് സ്ഥാപിക്കുകയും തുടർന്ന് കഴിഞ്ഞ വർഷം മെഡിക്കൽ പർപസിന് ഉപയോഗിക്കുന്ന കഞ്ചാവ് വിതരണം ചെയ്യുന്ന ഡിസ്പൻസറി ആരംഭിക്കുകയും ചെയ്തിരുന്നു. തട്ടികൊണ്ടു പോയ കേസിൽ രണ്ടു പേരെ പൊലീസ് തിരയുന്നുണ്ട്. കാമുകിക്ക് ഇതിൽ പങ്കുണ്ടോ എന്ന വിഷയവും അന്വേഷണ പരിധിയിൽ വരുമെന്ന് ഷെറിഫ് ഓഫിസ് പറഞ്ഞു.
പുതിയ വ്യാപാരത്തിലേക്ക് പ്രവേശിച്ചതിൽ പകയുള്ളവരാണോ ഇതിനു പുറകിൽ എന്നും അന്വേഷിക്കുന്നുണ്ട്.
Comments