You are Here : Home / USA News

എന്‍.എസ്.എസ് ഓഫ് ചിക്കാഗോ കലാസന്ധ്യ വന്‍വിജയമായി

Text Size  

Story Dated: Sunday, October 06, 2019 01:48 hrs UTC

 

 
ജോയിച്ചന്‍ പുതുക്കുളം
 
ചിക്കാഗോ: ലെമണ്ട് ഹിന്ദു ടെമ്പിളില്‍ വച്ചു നടന്ന എന്‍.എസ്.എസ് ഓഫ് ചിക്കാഗോയുടെ കലാസന്ധ്യ ആസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭവമായി. സെപ്റ്റ്‌റംബര്‍ 28-നു നടന്ന കലാസന്ധ്യയില്‍ പങ്കെടുക്കാന്‍ എഴുനൂറോളം കലാസ്‌നേഹികള്‍ എത്തി. ടേസ്റ്റ് ഓഫ് കേരള എന്ന നൂതനാശയത്തിനുശേഷം വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കികൊണ്ട് വര്‍ണ്ണാഭമായ ഒരു സായാഹ്നം ഒരുക്കുക എന്നതായിരുന്നു എന്‍.എസ്.എസ് ഓഫ് ചിക്കാഗോയുടെ ലക്ഷ്യം. എന്‍.എസ്.എസ് ഓഫ് ചിക്കാഗോ രൂപീകൃതമായതിനുശേഷം ആദ്യമായി നടത്തിയ കലാപരിപാടി എന്ന പ്രത്യേകതകൂടി ഈ കലാസന്ധ്യയ്ക്കുണ്ട്.
 
ചടങ്ങില്‍ പങ്കെടുത്ത എല്ലാവരേയും വിജി പിള്ള സ്വാഗതം ചെയ്തു. തുടര്‍ന്നു എന്‍.എസ്.എസ് ഓഫ് ചിക്കാഗോ ഏകോപിപ്പിച്ച വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ലഘു വീഡിയോ പ്രദര്‍ശിപ്പിച്ചു. അധികാരസ്ഥാനങ്ങളോ, പദവികളോ ഇല്ലാതെ വോളണ്ടിയര്‍മാര്‍ നടത്തുന്ന സംഘടനയുടെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ സദസുമായി ശ്യാം പരമേശ്വരന്‍ പങ്കുവെച്ചു. തുടര്‍ന്നു നടന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുനില്‍ നായര്‍, സെക്രട്ടറി സുരേഷ് നായര്‍, എന്‍.എസ്.എസ് ഓഫ് ചിക്കാഗോയുടെ മുതിര്‍ന്ന അംഗമായ വാസുദേവന്‍ പിള്ള എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
 
പിയാനോ, തബല, വയലിന്‍ എന്നിവയില്‍ വിവിധ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ കുട്ടികളുടെ ജുഗല്‍ബന്ദിയോടെ കലാപരിപാടികള്‍ക്ക് തിരശീലയുയര്‍ന്നു. സന്ധ്യാ രാജന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ ഭരതനാട്യം, സുനില്‍പിള്ള, ലക്ഷ്മി മെസ്മിന്‍, മേഘ്‌ന സുരേഷ് പാലേരി, റിയ മക്കുണ്ണി, അര്‍ജുന്‍, ലക്ഷ്മി സുരേഷ് എന്നിവരുടെ ഗാനങ്ങള്‍, ശ്രീവിദ്യാ വിജയന്‍, വര്‍ഷ എന്നിവരുടെ നൃത്തം, ശ്യാം എരമല്ലൂര്‍, സുനില്‍ പിള്ള, രാജേഷ്, ആതിര ശ്യാം, സ്വപ്ന സുജിത നായര്‍, സതീഷ് കുമാര്‍ എന്നിവര്‍ അവതരിപ്പിച്ച നാടന്‍ പാട്ട്, ശ്രീദേവി & ടീം ഗുന്‍ഗുരുവിന്റെ നൃത്തം തുടങ്ങിയ പരിപാടികള്‍ വളരെ ഹൃദ്യമായി. പുതുതലമുറയ്ക്ക് ഹരമുണര്‍ത്തുന്ന നൃത്തവുമായി ചിക്കാഗോ നോര്‍ത്ത് മലയാളി അസോസിയേഷന്‍ അംഗങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി. വിന്ധ്യാ വിശ്വനാഥന്‍, ദേവി ജയന്‍ എന്നിവര്‍ രൂപകല്‍പന ചെയ്ത ടീം ലാസ്യയുടെ "വീണ്ടും ഉത്സവം' ഒരു മെഗാ നൃത്തരൂപമായിരുന്നു. കേരളത്തിലെ വിവിധ ഉത്സവക്കാഴ്ചകളിലൂടെ ഒരു സഞ്ചാരമൊരുക്കിയ 'വീണ്ടും ഉത്സവം' കാണികള്‍ക്ക് വ്യത്യസ്തമായ ഒരു അനുഭവമായി. നൂറോളം കലാകാരന്മാരുടെ നീണ്ട പരിശ്രമത്തിന്റെ വിജയമായിരുന്നു 'വീണ്ടും ഉത്സവം'.
 
വിജി പിള്ള, വിന്ധ്യാ വിശ്വനാഥന്‍, സരിത മേനോന്‍ എന്നിവര്‍ എം.സിമാരായിരുന്നു. ജയന്‍ മുളങ്ങാട്, സനീഷ് കുമാര്‍, സുജിത് കെനോത്ത്, നീല്‍ മഹേഷ് എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു.
 
ചടങ്ങില്‍ വച്ച് എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2020 ഗ്ലോബല്‍ നായര്‍ സംഗമത്തിന്റെ  രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് നടത്തപ്പെട്ടു. 2020 ജൂലൈ മാസത്തില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന കണ്‍വന്‍ഷനിലേക്ക് പ്രസിഡന്റ് സുനില്‍ നായര്‍ ഏവരേയും സ്വാഗതം ചെയ്തു.
 
തുടര്‍ന്നു എന്‍.എസ്.എസ് ഓഫ് ചിക്കാഗോ പാചകം ചെയ്ത സ്വാദിഷ്ടമായ സദ്യ നല്‍കി. രാജന്‍ മാടശേരി, വേലപ്പന്‍പിള്ള, സതീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ സദ്യയ്ക്ക് പ്രകാശ് മേനോന്‍, വിജി പിള്ള, പ്രസാദ് പിള്ള, അജി പിള്ള, വരുണ്‍, സന്തോഷ് കുറുപ്പ്, ജയപ്രകാശ്, അജിത് ചന്ദ്രന്‍, രവി നായര്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.
 
കലാസന്ധ്യ ഒരു വന്‍ വിജയമാക്കിത്തീര്‍ത്ത ചിക്കാഗോയിലെ മലയാളി സമൂഹത്തോട് എന്‍.എസ്.എസ് ഓഫ് ചിക്കാഗോ നിസീമമായ നന്ദി അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.