You are Here : Home / USA News

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മികച്ച മലയാളി അസോസിയേഷനുള്ള പുരസ്കാരം മങ്കയ്ക്ക്

Text Size  

Story Dated: Monday, October 07, 2019 01:58 hrs UTC

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏറ്റവും മികച്ച മലയാളി അസോസിയേഷനുള്ള പുരസ്കാരം മങ്കയ്ക്ക്. മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയയുടെ നിസീമമായ പ്രവർത്തനങ്ങളാണു പുരസ്ക്കാരത്തിന് അർഹമായത്. ജൂറി നിർദേശിച്ചിരുന്ന മാനദണ്ഡങ്ങോടു ക്രിയാത്മകമായി പ്രവർത്തിക്കുകയും അതിൽ മികവു പുലർത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണു പുരസ്കാരം ലഭിക്കുക.
സാൻഫ്രാൻസിസ്കോ ബേ ഏരിയയിൽ കഴിഞ്ഞ 37 വർഷമായി മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടന കേരളത്തിലെ സാമൂഹിക പ്രവർത്തനങ്ങളിലും മുന്നിൽ തന്നെയുണ്ട്.കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് ഒരു ലക്ഷത്തിലധികം ഡോളറാണു പുനരധിവാസത്തിനു നൽകിയത്. 50000 ഡോളറിന്റെ ചെക്ക് മുഖ്യമന്ത്രിക്കു നേരിട്ടും ശേഷിച്ച 50000 ഡോളർ കൊണ്ടു ഫോമ – തണൽ എന്നീ പ്രസ്ഥാനങ്ങളിലൂടെ ആറു വീടുകൾ നിർമിച്ചും നൽകി. ഇതിനു പുറമെ ഫൊക്കാന ഭവനം പദ്ധതിയിലൂടെ മൂന്നു വീടുകളും നിർമിച്ചു നൽകി.
 
ജന്മനാട്ടിലും കർമനാട്ടിലും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യപ്രവർത്തനങ്ങളിലും വളരെ സജീവമായ മങ്ക ഇക്കഴിഞ്ഞ ഓണാഘോഷ വേളയിൽ 2200 പേരിലധികം പേരെ സംഘടിപ്പിച്ചും ശ്രദ്ധേയമായി. വോളിബോൾ ടൂർണമെന്റ് , കർഷക ശ്രീ തുടങ്ങി വ്യത്യസ്തമായ മറ്റു പരിപാടികളിലും സജീവമായി പ്രവർത്തിക്കുന്നു. സാമൂഹ്യപ്രവർത്തനത്തിലെ പ്രതിബദ്ധത, ജീവകാരുണ്യ പ്രവർത്തനമികവ്, പിറന്ന നാടുമായുള്ള ബന്ധം, കർമ്മഭൂമിയിലെ പ്രവർത്തന ചാതുര്യം തുടങ്ങി നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ലഭിച്ച നോമിനേഷന്റെ പേരിലാണു മങ്കയെ തിരഞ്ഞെടുത്തത്. നിരവധി അസോസിയേഷനുകൾ അവസാനവട്ട തിരഞ്ഞെടുപ്പിനായി മുന്നിലുണ്ടായിരുന്നു. പ്രമുഖ പത്രപ്രവർത്തകനും കോളമിസ്റ്റു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സ്ഥാപകാംഗങ്ങളിലൊരാളുമായ ജോർജ് തുമ്പയിൽ ചെയർമാനായ ജൂറിയിൽ മികച്ച  സംഘടന നേതാക്കളായ കൊച്ചിൻ ഷാജി ( മുൻ ഫോമ ജനറൽ സെക്രട്ടറി) , ഫിലിപ്പോസ് ഫിലിപ്പ് ( മുൻ ഫൊക്കാന ജനറൽ സെക്രട്ടറി) എന്നിവരും അംഗങ്ങളായിരുന്നു.
 
മെച്ചപ്പെട്ട അസോസിയേഷനുകളെ തിരഞ്ഞെടുക്കുകയെന്നത് ഏറെ ശ്രമകരമായിരുന്നു എന്നു ജൂറി അറിയിച്ചു. സ്തുത്യർഹമായ ജൂറിയുടെ സേവനങ്ങളെ പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനിൽ തൈമറ്റം, ട്രഷറർ സണ്ണി പൗലോസ് എന്നിവർ ഉൾപ്പെടെയുള്ള കമ്മിറ്റി ശ്ലാഘിച്ചു. ഒക്ടോബർ 10,11,12 തീയതികളിൽ ന്യൂജഴ്സിയിലെ എഡിസണിലുള്ള ഇ – ഹോട്ടലിൽ നടക്കുന്ന ദേശിയ മാധ്യമ കോൺഫറൻസിൽ മികച്ച അസോസിയേഷനുള്ള പുരസ്കാരം മങ്കയുടെ പ്രതിനിധികൾക്കു നൽകി ആദരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.