ഡാളസ്: അമേരിക്കൻ മലയാളിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ. പി. സി. മാത്യുവിന്റെ ഇരുപത്തി നാലു കവിതകൾ അടങ്ങുന്ന കവിത സമാഹാരം പ്രശസ്ത കവിയും വിക്ടേഴ്‌സ് ചാനൽ ഡയറക്ടറുമായ ശ്രീ. മുരുഗൻ കാട്ടാക്കട തിരുവനന്തപുരത്തു പ്രകാശനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയറും കവയത്രിയുമായ ശ്രീമതി ത്രേസ്യാമ്മ നാടാവള്ളിക്കു ആദ്യ പ്രതി തുറന്നുകൊടുത്തുകൊണ്ടാണ് ശ്രീ. മുരുഗൻ പുസ്തക പ്രകാശനം നടത്തിയത്.
മഴത്തുള്ളികൾ പോലെ മനം പെയ്തിറങ്ങിയ കവിതകളാണ് മനത്തുള്ളികൾ എന്ന് മുരുഗൻ കാട്ടാക്കട തന്റെ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. "ഇതിൽ മാതൃ സ്നേഹമുണ്ട്, പാതിരാവിലും വീടണയാത്ത മക്കളെ കാത്തിരിക്കുന്ന അച്ഛന്റെ വ്യാകുലതയുണ്ട്, വാത്സല്യ തുടിപ്പുകൾ ഉണ്ട്, അഭിനന്ദൻ വർദ്ധമാനെന്റെ രാജ്യ സ്നേഹത്തിന്റെ സ്രേഷ്ഠ മാതൃകയുണ്ട്, സ്നേഹസഹനങ്ങളുടെ സ്ഫുലിംഗമായി യേശുദേവന്റെ ചിന്തയുണ്ട്, ജീവിതവും പ്രഭാതത്തിന്റെ പ്രത്യാശയുണ്ട്, ഗരിമയുണ്ട്, പ്രകൃതിയുണ്ട്, വിരഹത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും വേദനയുണ്ട്" ശ്രീ. മുരുഗൻ കാട്ടാക്കടയും സ്വാഗതമാശംസിച്ച നോവലിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ പ്രൊഫ: കെ. പി. മാത്യു, ത്രേസ്യാമ്മ നാടാവള്ളി, വിക്ടേഴ്‌സ് ചാനൽ ഫിലിം ഡയറക്ടർ ബി. എസ്. രതീഷ് എന്നിവർ തങ്ങളുടെ പ്രസംഗത്തിൽ പ്രതിപാദിച്ചു. അമേരിക്കൻ പ്രവാസ ജീവിതത്തിലും സാഹിത്യ രംഗത്ത് പ്രവർത്തിക്കുവാൻ കഴിയുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ശ്രീ പി. സി. എന്ന് ത്രേസ്യാമ്മ പറഞ്ഞു. ഡാലസിൽ വച്ചും ന്യൂ ജേഴ്‌സിയിൽ വെച്ചും വേൾഡ് മലയാളി കൗണ്സിലിനുവേണ്ടി താൻ നടത്തിയ സാഹിത്യ സമ്മേളങ്ങൾക്കു ഊർജം പകർന്നത് ശ്രീ പി. സി. ആണെന്ന് നന്ദിയോടെ സ്മരിക്കുന്നതായി ത്രേസ്യാമ്മ എടുത്തു പറഞ്ഞു.
തുരുത്തിക്കാട് ബി. എ. എം. കോളേജിൽ കൗണ്സിലറായും, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളെ പ്രതി നിധീകരിച്ചു സെനറ്റ് അംഗമായും, ബഹ്‌റൈനിൽ ഇന്ത്യൻ സ്കൂൾ ബോർഡ് അംഗമായും പ്രവർത്തിച്ചു ഡാളസിൽ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചു വരുന്ന ശ്രീ പി. സി. മാത്യു വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ ചെയർമാനായും ഇപ്പോൾ പ്രവർത്തിച്ചു വരുന്നു.
വെള്ളത്തിൽ വരച്ച വരപോലെ എഴുതുന്ന വരികൾ മാഞ്ഞു പോകാതിരിക്കുവാൻ പുസ്തകമാക്കുവാൻ കഴിഞ്ഞതിൽ ഈശ്വരനോട് നന്ദി നിറഞ്ഞ ഹൃദയമുള്ളവനായിരിക്കുന്നു താനെന്ന് ശ്രീ പി. സി. മാത്യു പ്രതികരിച്ചു. തുടർന്നും എഴുതണം എന്നാണ് തന്റെ ആഗ്രഹം. കവിത മാത്രമല്ല, കഥകളും ലേഖനങ്ങളും സമൂഹത്തിലെ പുഴുക്കുത്തുകൾക്കുമൊക്കെ എതിരെ എഴുതണമെന്ന് ആഗ്രഹമുണ്ട്. ആദ്യം പ്രകാശനം ചെയ്ത പുസ്തകം ആദ്യത്തെ കുഞ്ഞിനെപ്പോലെയാണെന്നും പുസ്തക പ്രകാശനത്തിന് സഹായിച്ച ഏവരോടും നന്ദി അറിയിക്കുന്നതായും ശ്രീ. പി. സി. മാത്യു പറഞ്ഞു.
ഫോട്ടോയിൽ: വലത്തു നിന്നും: ബീന (വിക്ടേഴ്‌സ് ചാനൽ പ്രോഗ്രാം കോഓർഡിനേറ്റർ), ചാനൽ ഫിലിം ഡയറക്ടർ, കവി മുരുഗൻ കാട്ടാക്കട, പി. സി. മാത്യു, ത്രേസ്യാമ്മ നാടാവള്ളിൽ, നോവലിസ്റ്റ് പ്രൊഫ്. കെ. പി. മാത്യു, )
Comments