(പന്തളം ബിജു തോമസ്, പി. ആർ. ഓ)
ലോസ് ആഞ്ചലസ്: അമേരിയ്ക്കൻ മലയാളികളുടെ യശ്ശസ്സ് വാനോളം ഉയർത്തിയ ഫോമാ വില്ലേജ് പദ്ധതിയിലേക്ക് വാലി മലയാളി ആർട്സ് & സ്പോർട്സ് ക്ലബ് ഒരു ഭവനം നല്കി മാതൃകയായി. ക്ലബ്ബിന്റെ കഴിഞ്ഞ വർഷത്തെ ഓണം ആഘോഷിക്കാതെ, സ്വരുക്കൂട്ടിയ ഫണ്ടാണ് ഈ വില്ലേജ് പദ്ധതിയിലേക്ക് സംഭാവനയായി നൽകിയത്. പ്രളയദുരിതക്കയത്തിൽ നിന്നും കരകയറുവാൻ, നമ്മുടെ നാടിന്റെ പുനഃനിർമ്മിതിക്കായി ഞങ്ങളാലാവും വിധം ഒരു കൈ സഹായമായി ഇതിനെ കരുതിയാൽ മതിയെന്ന് വാലി മലയാളി ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡന്റ് മനു തുരുത്തിക്കാടൻ ചെക്ക് ഫോമായ്ക് കൈമാറിക്കൊണ്ട് അറിയിച്ചു. ഫോമാ വില്ലേജ് പദ്ധതിയ്ക്ക് വേണ്ടി റീജിയണൽ വൈസ് പ്രസിഡന്റും ഈ പദ്ധതിയുടെ നാഷണൽ കോർഡിനേറ്ററും കൂടിയായ ജോസഫ് ഔസോയും, സാം ഉമ്മനും കൂടി ഒരുമിച്ചു കൈപറ്റി. വളരെ ലളിതമായി നടന്ന ചടങ്ങിൽ, വാലി മലയാളി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ സെക്രട്ടറി ലോജോ ലോന, ട്രെഷറർ സിന്ധു വർഗീസ്, ചാരിറ്റി കോഓർഡിനേറ്റർ മാത്യു വെട്ടുപുറത്ത്, എന്നിവരോടൊപ്പം മറ്റു എല്ലാ കമ്മറ്റിയംങ്ങളും സന്നിഹിതരായിരുന്നു. വാലി ക്ലബ് നല്കുന്ന രണ്ടാമത്തെ വീടാണ് ഇത്, ആദ്യത്തെ വീട് സർക്കാരിന്റെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് നൽകുകയുണ്ടായി.
ഇതോടു കൂടി മൊത്തം പതിമൂന്ന് വീടുകൾ ഈ പദ്ധതിയിലേക്ക് നൽകി എന്ന റെക്കോർഡ് ഖ്യാതിയോടെ ഫോമാ വെസ്റ്റേൺ റീജിയന് അഭിമാനിയ്ക്കാം. ഇത്രയും വീടുകൾ ഈ പദ്ധതിയിലേക്ക് എത്തിക്കുവാൻ കിണഞ്ഞുപരിശ്രമിച്ച ജോസഫ് ഔസോ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. വാലി മലയാളി ആർട്സ് & സ്പോർട്സ് ക്ലബ് ഭാരവാഹികളോടുള്ള ഫോമായുടെ പ്രത്യേകമായ നന്ദി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, സെക്രെട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, പദ്ധതി ടീമംഗങ്ങളായ അനിയന്‍ ജോര്‍ജ്, ജോണ്‍ ടൈറ്റസ്, നോയല്‍ മാത്യു, ഉണ്ണികൃഷ്ണന്‍, ബിജു തോണിക്കടവില്‍, അനില്‍ ഉഴുന്നാല്‍ എന്നിവരും അറിയിച്ചു.
Comments