സജി കരിമ്പന്നൂര്‍
വാഷിംഗ്ടണ്‍ ഡി.സി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രാഷ്ട്രതന്ത്രജ്ഞത ലോകത്തിനുതന്നെ മാതൃകയായിരുന്നുവെന്നു മുന്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനും, ഡെറാഡൂണ്‍ സ്കൂളില്‍ രാജീവ് ഗാന്ധിയുടെ സമകാലികനുമായിരുന്ന മണിശങ്കര്‍ അയ്യര്‍ പ്രസ്താവിച്ചു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എയുടെ ആഭിമുഖ്യത്തില്‍ നടന്ന രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ ഒട്ടനവധി തലമുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തഞ്ചാം ജന്മവാര്‍ഷിത്തോടനുബന്ധിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
രാജിവ് ഗാന്ധി തന്റെ ഭരണകാലത്ത് നേരിട്ട നിരവധി വെല്ലുവിളികളെക്കുറിച്ചും, പഞ്ചാബ്, അസം, ഹരിയാന തുടങ്ങിയ പ്രദേശങ്ങളില്‍ രാജ്യത്തിന്റെ സമഗ്രതയ്ക്കുവേണ്ടി അദ്ദേഹം എടുത്ത ശക്തമായ നിലപാടുകളെക്കുറിച്ചും മണിശങ്കര്‍ അയ്യര്‍ അനുസ്മരിച്ചു.
ദശലക്ഷണക്കണക്കിനു വരുന്ന ഇന്ത്യന്‍ ജനതയെ കൊള്ളയടിക്കാന്‍ ഉതകുന്ന വിവാദമായ പൗരത്വനിയമം മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ നയങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായി ആഭ്യന്തരമായും, വിദേശനയരംഗത്തും, രാജീവ് ഗാന്ധിയെടുത്ത ധീരമായ നിലപാടുകളെക്കുറിച്ചും അദ്ദേഹം വാചാലനായി.
സ്ത്രീകള്‍ക്കും, സമൂഹത്തിലെ പിന്നോക്ക വിഭാഗക്കാര്‍ക്കും സംവരണം ഏര്‍പ്പെടുത്തുകവഴി പ്രദേശികതലങ്ങളില്‍ സംതുലിതാവസ്ഥ കൈവരിക്കുവാന്‍ സാധിച്ചു. ജനാധിപത്യം യാഥാര്‍ത്ഥ്യമാക്കിയ രാജീവ് ഗാന്ധിക്ക് നന്ദി. ഇന്ത്യയില്‍ ഇപ്പോള്‍ 86,000 വനിതകള്‍ പഞ്ചായത്തുകള്‍ നടത്തുന്നു. 1980-കളില്‍ ഇസ്ലാമാബാദില്‍ നയതന്ത്രജ്ഞനായി സേവനം അനുഷ്ഠിച്ചിട്ടുള്ള അയ്യര്‍ തുടര്‍ന്നു പറഞ്ഞു.
നിലവിലുള്ള സര്‍ക്കാരിന്റെ കാശ്മീര്‍ നയത്തെയും, ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റത്തേയും, ആശയവിനിമയ ഉപരോധത്തെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.
ചടങ്ങില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എയുടെ പുനസംഘടിപ്പിക്കപ്പെട്ട ഡി.സി ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ഐ.ഒ.സി. യു.എസ്.എ പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് ഗില്‍സിയാന്‍, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം എന്നിവര്‍ തുടര്‍ന്നു രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ഐ.ഒ.സി ചെയര്‍മാന്‍ സാം പിട്രോഡ ചിക്കാഗോയില്‍ നിന്നും സ്‌കൈപ്പ് വഴി സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഐ.ഒ.സി ഡി.സി ചാപ്റ്റിന്റെ പുതിയ പ്രസിഡന്റ് ജോണ്‍സണ്‍ മ്യാലില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അശോക് ബാദ്ര, രോഹിത്, ത്രിപാഠി തുടങ്ങിയ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ തുടര്‍ന്നു സംസാരിച്ചു.
സജി കരിമ്പന്നൂര്‍ (ഐ.ഒ.സി കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി) വാര്‍ത്താ കുറിപ്പില്‍ അറിയിച്ചതാണിത്.
Comments