ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ആരോഗ്യമേഖലയിലും, മത-സാംസ്കാരിക-സാമൂഹിക സേവനരംഗത്ത് പകരംവെക്കാനാവാത്ത വ്യക്തിത്വമായ മറിയാമ്മ പിള്ളയുടെ ചിരകാല അഭിലാഷമായ ഒരു ചാരിറ്റബിള്‍ സംഘടന 'അഗാപ്പെ' എന്ന പേരില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
ഒക്‌ടോബര്‍ 27-നു ഞായറാഴ്ച മോര്‍ട്ടന്‍ഗ്രോവിലെ സെന്റ് മേരീസ് ദേവാലയത്തില്‍ വച്ചു നടന്ന ഊഷ്മളമായ ചടങ്ങില്‍ അനേകരുടെ സാന്നിധ്യത്തില്‍ "അഗാപ്പെ' എന്ന ബഹുമുഖ ഉദ്ദേശലക്ഷ്യങ്ങളോടെ സാക്ഷാത്കരിക്കപ്പെട്ട സംഘടനയുടെ രൂപീകരണത്തിനു നിദാനമായ കാരണങ്ങള്‍ മറിയാമ്മ പിള്ള വിശദീകരിച്ചു. ദൈവസ്‌നേഹം എന്ന് അര്‍ത്ഥംവരുന്ന 'അഗാപ്പെ' അഥവാ ഹെല്‍പിംഗ് ഹാന്‍ഡ്‌സ് എന്ന സംഘടന തന്റെ ഒരു ദര്‍ശനമാണെന്ന് പറഞ്ഞ മറിയാമ്മ പിള്ള താന്‍ പിന്നിട്ട വഴികളുടെ ഒരു നേര്‍ചിത്രം സദസ്യരോട് പങ്കുവെച്ചു. കഠനാധ്വാനത്തിന്റേയും, നിരന്തര പരിശ്രമത്തിന്റേയും ദൈവാനുഗ്രഹത്തിന്റേയും ഫലമായി താന്‍ നേടിയതിന്റെ ഓരോഹരി സമൂഹത്തിലെ വേദന അനുഭവിക്കുന്നവര്‍ക്കും അവകാശപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി.
ബോര്‍ഡ് അംഗങ്ങളായ ചന്ദ്രന്‍പിള്ള, റോഷ്‌നി പിള്ള, രാജ് പിള്ള, രാജന്‍ കണ്ണാത്ത് എന്നിവരും സന്നിഹിതരായിരുന്ന ചടങ്ങില്‍ ഡിസ്ട്രിക്ട് -8 സെനറ്റര്‍ റാം വള്ളിവാളം ഉദ്ഘാടന പ്രസംഗം നടത്തി. മറിയാമ്മ പിള്ളയുടെ സേവനങ്ങള്‍ക്ക് നന്ദിപറഞ്ഞ സെനറ്റര്‍ സംഘടനയ്ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.
ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഫാ. തോമസ് മുളവനാല്‍, റവ.ഫാ. ഹാം ജോസഫ്, റവ.ഫാ. ലിജു പോള്‍, ഫാ. ജോര്‍ജ് വര്‍ഗീസ്, ഫാ. ബന്‍സി ചിത്തിലില്‍, ജെയ്ബു കുളങ്ങര, ജോഷി വള്ളിക്കളം, റോയ് മുളകുന്നം, സതീശന്‍ നായര്‍, ബിജി എസ് നായര്‍, ഡോ. പി.വി ചെറിയാന്‍, ആനി ഏബ്രഹാം, യേശുദാസന്‍ പി. ജോര്‍ജ്, ജോര്‍ജ് മൊളയ്ക്കല്‍, ജോസ് മണക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
മറിയാമ്മ പിള്ളയുടെ ത്യാഗസുന്ദരമായ ജീവിതത്തേയും, അനേകരുടെ ജീവിതവിജയത്തിനും മറിയാമ്മ പിള്ള കാരണമായെന്നു ജീവിത ഉദാഹരണങ്ങളിലൂടെ ആശംസകള്‍ അര്‍പ്പിച്ചവര്‍ വിശദീകരിച്ചു. ഡിന്നറിനുശേഷം ആലോനാ ജോര്‍ജ്, സൂസന്‍ ഇടമല, സുനീന ചാക്കോ, സുനില്‍ വാസു പിള്ള എന്നിവരുടെ ഗാനസന്ധ്യയും അരങ്ങേറി.
ഷിജി അലക്‌സ് (ചിക്കാഗോ) അറിയിച്ചതാണിത്.
Comments