You are Here : Home / എഴുത്തുപുര

സമരത്തിനു നേതൃത്വം നല്‍കുന്നത് 374 കോടി രൂപ അഴിമതി നടത്തിയ കേസിലെ പ്രതി:മുഖ്യമന്ത്രി

Text Size  

Story Dated: Saturday, August 10, 2013 01:00 hrs UTC

സര്‍ക്കാരിന് ഒരു നഷ്ടവും വരുത്താത്ത സോളാര്‍ കേസിന്റെ പേരില്‍ നടത്തുന്ന സമരത്തില്‍ നിന്ന് ഇടതുപക്ഷം പിന്മാറണമെന്നു  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു.സോളാര്‍ കേസുകളിലെ അന്വേഷണം പൂര്‍ത്തിയാക്കി പ്രത്യേക അന്വേഷണസംഘം ഉടനെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരവുമായി മുന്നോട്ടുപോകുന്നത് ശരിയാണോയെന്ന് ഇടതുപക്ഷം ചിന്തിക്കണമെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ ചോദിച്ചു.ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ ബന്ദിയാക്കി സര്‍ക്കാരിനെ അട്ടിമറിക്കുകയല്ലേ പ്രതിപക്ഷത്തിന്റെ ലക്ഷ്യം.സെക്രട്ടറിയേറ്റ് യുഡിഎഫിന്റെയോ, എല്‍ഡിഎഫിന്റെയോ അല്ല. അതു ജനങ്ങളുടേതാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും 32 വകുപ്പുകളുടെ സെക്രട്ടറിമാരും അയ്യായിരം ജീവനക്കാരും പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റ് നിശ്ചലമാകുമ്പോള്‍, കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വിലക്കയറ്റം ഉള്‍പ്പെടെ ഓണത്തിനു സ്വീകരിക്കേണ്ട നടപടികള്‍, ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം സ്തംഭിപ്പിക്കാനല്ലേ പ്രതിപക്ഷം ശ്രമിക്കുന്നത്.രൂക്ഷമായ കാലവര്‍ഷക്കെടുതി നേരിടുമ്പോള്‍, സര്‍വകക്ഷിസംഘം ഡല്‍ഹിക്കു പോകാമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം പോലും അട്ടിമറിച്ച് സെക്രട്ടേറിയറ്റ് പിടിച്ചടക്കല്‍ സമരത്തിന് കൊണ്ടുപിടിച്ച തയാറെടുപ്പ് നടത്തിയത് ജനകീയപ്രശ്നങ്ങളെയും ജനകീയ ആവശ്യങ്ങളെയും തൃണവത്കരിക്കുന്ന സമീപനമല്ലേ. കേരളത്തിന്റെ സമരചരിത്രത്തില്‍ ഇതാദ്യമായി സെക്രട്ടേറിയറ്റിന്റെ എല്ലാ ഗേറ്റുകളും അനശ്ചിതകാലത്തേക്ക് നിര്‍ബന്ധിതമായി അടപ്പിച്ച് ഒരാളെപ്പോലും കയറ്റില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചത് ജനങ്ങളോടും ജനാധിപത്യവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയല്ലേ.സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ ബന്ധിപ്പിക്കാന്‍ പ്രതിപക്ഷം കെട്ടഴിച്ചുവിട്ട ആരോപണങ്ങളില്‍ ഒരെണ്ണമെങ്കിലും തെളിയിക്കാന്‍ സാധിച്ചോ എന്നു ഉമ്മന്‍ ചാണ്ടി ചോദിച്ചു.ഒരു രൂപപോലും സര്‍ക്കാരിന് നഷ്ടപ്പെടാത്ത സോളാര്‍ കേസിനെതിരേ നടത്തുന്ന പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുവാന്‍ ലാവ് ലിന്‍ കേസില്‍ 374 കോടി രൂപ സംസ്ഥാന ഖജനാവിനു നഷ്ടം വരുത്തിയെന്നു സിബിഐ കണ്ടെത്തിയ കേസിലെ പ്രതിയാണ് എന്നത് എന്തൊരു വിരോധാഭാസമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.