വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അധ്യാപകരടക്കം 16 പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ അധ്യാപിക കളമശേരി ജയകൃഷ്ണയില്‍ അനിത (36), പ്ളസ്വണ്‍ വിദ്യാര്‍ഥികളായ കളമശേരി ഗേറ്റ്വേ സ്കൈലൈന്‍ ആദിത്യ (18), നവനീത് (16), തേവയ്ക്കല്‍ തച്ചില്‍ ലിന്‍റുമരിയ (16), തൃക്കാക്കര അഭിക്കുഴി റോസന്ന (16), കളമശേരി ശാന്തിനഗര്‍ രേഷ്മ (16), തൃക്കാക്കര ശ്യാംമാധവി (16), അമ്മന്‍തോള്‍ അഞ്ജു (16), തൃക്കാക്കര തൃപ്പാടം മുക്ത (16), കളമശേരി ദയാകൃഷ്ണ അനിത (16), തേവയ്ക്കല്‍ തെക്കേടത്ത് നിസ (16), കൊച്ചി അബാദ് ഒളിമ്പസില്‍ പാര്‍വതി (16), കാക്കനാട് ഇവാസ്ഗ്രിന്‍ നവനീത (16), ഇടപ്പള്ളി തെക്കിടിയില്‍ ഹാറുണ്‍(16) എന്നിവരെ പാലാ അരുണാപുരം മരിയന്‍ മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 8.45ന് പാലാ സെന്‍റ് തോമസ് കോളജിന് സമീപമായിരുന്നു സംഭവം. എറണാകുളം ഇടപ്പള്ളി തേവയ്ക്കല്‍ വിദ്യോദയ സ്കൂളില്‍നിന്ന് വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. സ്കൂളിലെ പ്ളസ്വണ്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കോളജിന് മുന്നിലെ വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പിന്നീട് 100 മീറ്ററോളം മുന്നോട്ടുനീങ്ങി സമീപത്തെ മരത്തിലിടിച്ചാണ് ബസ് നിന്നത്. കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട ബസ് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വാഗമണ്ണില്‍നിന്ന് മടങ്ങിയ ബസ് അമിത വേഗതയിലാണ് സഞ്ചരിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. 94 അംഗ വിനോദസഞ്ചാര സംഘം ശനിയാഴ്ച രാവിലെയാണ് വാഗമണ്ണിലേക്ക് രണ്ട് ബസുകളിലായി യാത്രതിരിച്ചത്. ഇതില്‍ 44 വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
Comments