റവ. ഏബ്രഹാം വര്‍ഗീസിന് ഹ്യൂസ്റ്റണില്‍ ഊഷ്മള സ്വീകരണം നല്‍കി Jeemon Ranny
jeemonranny@gmail.com
Story Dated: Wednesday, May 17, 2017 11:02 hrs UTC  
PrintE-mailഹ്യൂസ്റ്റണ്‍: ഹ്യുസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ പ്രഥമ അസോസിയേറ്റ് വികാരിയായി ചുമതലയേറ്റ റവ. ഏബ്രഹാം വര്‍ഗീസിന് ഹ്യൂസ്റ്റണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. മെയ് 4ന് വ്യാഴാഴ്ച വൈകുന്നേരം എത്തിച്ചേര്‍ന്ന അച്ചനെയും കുടുംബത്തെയും സ്വീകരിക്കുവാന്‍ ഇമ്മാനുവേല്‍ ഇടവക വികാരി റവ.ജോണ്‍സണ്‍ തോമസ് ഉണ്ണിത്താന്റെ നേതൃത്വത്തില്‍ ഇടവക ഭാരവാഹികളും പ്രതിനിധികളും എത്തിയിരുന്നു. സഹയാത്രികനായിരുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ സാന്നിദ്ധ്യം വരവേല്പിനെ കൂടുതല്‍ ധന്യമാക്കി. സ്വീകരണത്തിനു ശേഷം അച്ചനും കുടുംബവും ഇമ്മാനുവേല്‍ ദേവാലയത്തില്‍ എത്തി പ്രാര്‍ത്ഥിച്ച് ഹ്യൂസ്റ്റണിലെ കര്‍മ്മപരിപാടികള്‍ക്കും ശുശ്രൂഷകള്‍ക്കും തുടക്കംകുറിച്ചു.

 

 

 

മെയ് 7ന് ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയ്കും അച്ചന്‍ നേതൃത്വം നല്‍കി. തിരുവല്ലയ്ക്കടുത്ത് ഓതറ സ്വദേശിയായ അച്ചന്‍ മാര്‍ത്തോമ്മാ സഭയുടെ ആനിമേഷന്‍ സെന്റര്‍ ആന്റ് ചര്‍ച്ച് മ്യൂസിയത്തിന്റെ ഡയറക്ടറായി സേവനമനുഷ്ടിയ്ക്കുമ്പോഴാണ് ഹ്യസ്റ്റണിലേക്ക് നിയമിതനായത്. സഭയുടെ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഈ വൈദികന്‍ കമ്മ്യുണിക്കേഷന്‍ രംഗത്തെ പ്രതിഭാധനനുമാണ്. ഡല്‍ഹിയിലെ ഏഷ്യന്‍ അക്കാഡമി ഓഫ് ഫിലിം ആന്റ് ടെലിവിഷനില്‍ നിന്ന് ഡയറക്ഷന്‍ ആന്റ് ടിവി ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും ഡല്‍ഹിയിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിട്ട്യുട്ട് ഓഫ് മാസ് കമ്മ്യുണിക്കേഷനില്‍ നിന്നും ഫോട്ടോ ജര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും കരസ്ഥമാക്കി. പ്രശസ്തമായ പൂനാ ഫിലും ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് എഡിറ്റിംഗില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും നേടി. ഗുരുകുല്‍ ലൂതറല്‍ തിയോളജിക്കല്‍ കോളേജില്‍ നിന്ന് ബി.എ ബിരുദത്തോടൊപ്പം പൂനെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസില്‍ എം.എസ്.സിയും കരസ്ഥമാക്കി. നിരവധി ഡോക്യൂമെന്ററികളും അച്ചന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായെ കുറിച്ചുള്ള 'ഓര്‍മ്മകളുടെ ഇടനാഴിയിലൂടെ', മിന്നാമിന്നികള്‍ (ആനിമേറ്റഡ് ബൈബിള്‍ കഥകള്‍) തുടങ്ങിയവ ചിലതുമാത്രം. പൂനെയിലെ മാര്‍ത്തോമ്മാ ഹൈസ്‌കുള്‍ മുന്‍ പിന്‍സിപ്പല്‍ കുടിയായ സഹധര്‍മ്മിണി ബിന്‍ജു ഏബ്രഹാം തോട്ടയ്കാട് സ്വദേശിയാണ്. വിദ്യാര്‍ത്ഥികളായ അബിയാ, അര്‍വിതാ, ആമോസ് എന്നിവര്‍ മക്കളാണ്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.