പാട്രിക് മിഷന്‍ പ്രൊജക്റ്റ് ബില്‍ഡിംഗിന്റെ കൂദാശ ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസ് നിര്‍വഹിച്ചു
Story Dated: Thursday, June 15, 2017 10:57 hrs UTC  
PrintE-mailഷാജി രാമപുരം

 

ഒക്കലഹോമ: മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നേറ്റിവ് അമേരിക്കന്‍സിന്റെ ഇടയില്‍ ആരംഭിച്ച മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്കലഹോമായില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ 2013 ജൂണ്‍ മാസത്തില്‍ ഉണ്ടായ കാറപകടത്തില്‍ നിര്യാതനായ ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവാംഗമായ എന്‍ജിനീയര്‍ പാട്രിക് മരുതുംമൂട്ടിലിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി നിര്‍മ്മിച്ച പാട്രിക് മിഷന്‍ പ്രൊജക്റ്റ് എന്ന് നാമകരണം ചെയ്ത ബില്‍ഡിംഗിന്റെ കൂദാശകര്‍മ്മം ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് നിര്‍വഹിച്ചു. ഒക്കലഹോമയിലെ ബ്രോക്കണ്‍ ബോയിലുള്ള ചോക്ക്റ്റൗ പ്രെസ്ബിറ്ററിയന്‍ ചര്‍ച്ച് ആയ മെഗ്ഗി ചാപ്പലിനോട് ചേര്‍ന്നാണ് ഏകദേശം ഒരു ലക്ഷം ഡോളര്‍ ചിലവ് ചെയ്ത് ഒന്നാം ഘട്ടമായി പ്രസ്തുത ബില്‍ഡിംഗ് നിര്‍മ്മിച്ചിരിക്കുന്നത്.

 

 

ജൂണ്‍ 8 വ്യാഴാഴ്ച കൂദാശയോട് അനുബന്ധിച്ച് ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ബ്രോക്കന്‍ ബോ സിറ്റി കൗണ്‍സില്‍ മെംബര്‍ ജോനപ്പന്‍ ആന്റണി, ഭദ്രാസന സെക്രട്ടറി റവ.ഡെന്നി ഫിലിപ്പ്, ട്രഷറാര്‍ ഫിലിപ്പ് തോമസ് സി.പി.എ, നേറ്റിവ് അമേരിക്കന്‍ മിഷന്‍ സ്ഥാപകാംഗം ഓ.സി.എബ്രഹാം, ഭദ്രാസന കൗണ്‍സില്‍ മെംബര്‍ ലിന്‍ കീരിക്കാട്ട്, മുന്‍ കൗണ്‍സില്‍ അംഗങ്ങള്‍ ആയ ഡോ.മറിയാമ്മ അബ്രഹാം, റവ.ഡെന്നിസ് എബ്രഹാം, സഖറിയ മാത്യു, റിജിയണല്‍ ആക്ടിവിറ്റി കമ്മറ്റിയെ പ്രതിനിധീകരിച്ച് റവ.ഷൈജു പി.ജോണ്‍, റവ.തോമസ് കുര്യന്‍, റവ.എബ്രഹാം വര്‍ഗീസ്, ചോക്ക്റ്റൗ പ്രെസ്ബിറ്ററിയന്‍ ചര്‍ച്ചിനെ പ്രതിനിധീകരിച്ച് ബെറ്റി ജയിക്കബ് എന്നിവര്‍ സംസാരിച്ചു. ഏക മകന്റെ നിര്യാണത്തിനു ശേഷം കേരളത്തില്‍ നിന്നും കടന്നു വന്ന പാട്രിക്കിന്റെ മാതാപിതാക്കളായ ഉമ്മന്‍ ചെറിയാന്‍, ജെസ്സി ചെറിയാന്‍ എന്നിവര്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ഭദ്രാസനത്തിന്റെ വിവിധ ഇടവകളില്‍ നിന്നും അനേക വൈദീകരും, ആത്മായ നേതാക്കളും സമ്മേളനത്തില്‍ സംബന്ധിച്ചു. മുതിര്‍ന്ന നേറ്റീവ് അമേരിക്കരുടെ നേതൃത്വത്തിലുള്ള ഗാനം പ്രത്യേക ശ്രദ്ധപിടിച്ചുപറ്റി. ജോജി കോശി സമ്മേളനത്തിന്റെ എം.സി.യായി പ്രവര്‍ത്തിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.