വാഷിങ്ടൺ ∙ മയക്കുമരുന്നു കേസിൽ ദീർഘകാല ശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 102 തടവുകാരുടെ കാലാവധി പൂർത്തിയാക്കുന്നതിനുമുമ്പ് വിട്ടയ്ക്കുന്നതിന് പ്രസിഡന്റ് ഒബാമ ഒക്ടോബർ 6 ന് ഉത്തരവിട്ടു. വൈറ്റ് ഹൗസ് വൃത്തങ്ങളാണ് പ്രസിഡന്റിന്റെ തീരുമാനം മാധ്യമങ്ങൾക്കു കൈമാറിയത്. ഒബാമയ്ക്ക് മുൻപുണ്ടായിരുന്ന 11 പ്രസിഡന്റുമാർ ആകെ വിട്ടയച്ച പ്രതികളുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഒബാമ വിട്ടയച്ച പ്രതികളുടെ എണ്ണം. ഇന്നു വിട്ടയച്ച 102 പേർ ഉൾപ്പെടെ ഈ വർഷം 590 പേർക്കാണ് ഒബാമ ജയിൽ വിമോചനം പ്രഖ്യാപിച്ചത്. ഒബാമയുടെ ഭരണത്തിൽ വിട്ടയച്ചവരുടെ എണ്ണം ഇതോടെ 774 ആയി. ഈ വർഷം ഓഗസ്റ്റിൽ ഒറ്റ ദിവസം 325 പേർക്ക് വിട്ടയ്ക്കൽ ഉത്തരവ് നൽകിയത് 1900 ത്തിനുശേഷം ആദ്യമായാണ്. പ്രധാനമായും മയക്കുമരുന്നു കേസിൽ ശിക്ഷ അനുഭവിക്കുന്നവർക്കാണ് ഒബാമയുടെ ഉത്തരവ് പ്രയോജനപ്പെട്ടിരിക്കുന്നത്. മാനുഷിക പരിഗണന നൽകി പ്രതികളെ ജയിൽ വിമുക്തരാക്കുന്നത് സമൂഹത്തിൽ എങ്ങനെ പ്രതിഫലിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രത്യേകിച്ചു കുറ്റകൃത്യങ്ങളുടെ എണ്ണം ദിനം തോറും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ.
Comments