സാൻഅന്റോണിയൊ ∙ ജനിച്ചു പൊക്കിൾ കൊടി ബന്ധം പോലും കൊഴിഞ്ഞു പോകാത്ത മൂന്നു ദിവസം പ്രായമുളള സ്വന്തം ആൺകുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ട്രാഷിലേക്ക് എറിഞ്ഞു കളഞ്ഞ മാതാവിനെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. 2013 ൽ ഡിസംബർ 22 ന് നടന്ന സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് 2014 ജനുവരിയിലാണ് മാതാവ് അൽവറാഡൊക്കെതിരെ (28) കൊലകുറ്റത്തിനു കേസെടുത്തത്. ഒക്ടോബർ 20 വ്യാഴാഴ്ച സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി റെ ഒലിവറിയാണ് അൽവറാഡൊ കുറ്റക്കാരിയാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്. ഇവർക്ക് പരോൾ ലഭിക്കണമെങ്കിൽ 30 വർഷത്തെ തടവ് ശിക്ഷ പൂർത്തിയാക്കണ മെന്നും വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി.
2013 ഡിസംബർ 20 യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് അൽവറാഡൊ കുഞ്ഞിന് ജന്മം നൽകിയത്. രണ്ടാമതൊരു കുട്ടിയെ ഇവർ ആഗ്രഹിച്ചിരുന്നില്ലാ എന്നതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഈ കുട്ടിയെ കൂടാതെ രണ്ടു പേർ കൂടെ ഇവർക്കുണ്ടായിരുന്നു. അമ്മയുടെ മുലപ്പാലിന് വേണ്ടി കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞിന്റെ കരച്ചിൽ നിലയ്ക്കുന്നതുവരെ കഴുത്തിൽ അമർത്തി പിടിച്ചതായും തുടർന്ന് ട്രാഷിലേക്ക് വലിച്ചെറിഞ്ഞതായും ഇവർ സമ്മതിച്ചു. പ്രോസിക്യൂഷൻ വധശിക്ഷയ്ക്കുവേണ്ടി പ്രസ് ചെയ്തിരുന്നില്ല. ജീവപര്യന്തം നൽകിയ ശിക്ഷ കുറവാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.
Comments