ഓസ്റ്റിൻ ∙ നവംബർ 8 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആരംഭിച്ച ഏർലി വോട്ടിങ്ങിൽ ടെക്സാസ് ‘സംസ്ഥാനത്ത് റിക്കോർഡ് വർധന ! ഒക്ടോബർ 24 നാണ് ടെക്സാസ് സംസ്ഥാനത്ത് ഏർലി വോട്ടിങ്ങ് ആരംഭിച്ചത്. ഓരോ കൗണ്ടിയിലേയും തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിൽ ഏർലി വോട്ടിങ്ങിന് എത്തിയവർ മണിക്കൂറുകളോളം ക്യു നിന്നാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് സമയം. 2008, 2012 വർഷങ്ങളിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ദിനം വോട്ട് രേഖപ്പെടുത്തിയവരേക്കാൾ രണ്ടിരട്ടിയോളമാണ് 2016 ൽ വോട്ട് ചെയ്തത്. ടെക്സാസിലെ ചില പ്രധാന കൗണ്ടികളിലെ വോട്ടർ നില ഹാരിസ് കൗണ്ടി 67471 (2012 ൽ 47093) ഡാലസ് കൗണ്ടി 58000 (2012 ൽ 32512) ടറന്റ് കൗണ്ടി 43000 (2012 ൽ 30133) ട്രാവിഡ് കൗണ്ടി 35066 (2012 ൽ 16378) കോളിൻ കൗണ്ടി 30000 (2012 ൽ 16531) ഡന്റൽ കൗണ്ടി 16955 (2012 ൽ 12300) നവംബർ 4 വരെയാണ് ഏർലി വോട്ടിങ്ങിന്റെ സമയ പരിധി. ടെക്സാസിൽ 15.1 മില്യൺ വോട്ടർമാരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇലക്ട്രോണിക്ക് ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ നീണ്ട നിരയാണ്. ബാലറ്റ് തുറക്കുമ്പോൾ കാണുന്ന ഡെമോക്രാറ്റിക്ക്, റിപ്പബ്ലിക്കൻ, ഗ്രീൻ പാർട്ടി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ വോട്ട് രേഖപ്പെടുത്തിയാൽ ആ പാർട്ടിയിലെ മുഴുവൻ സ്ഥാനാർത്ഥികൾക്കും വോട്ട് ലഭിക്കും. പാർട്ടിക്ക് വോട്ട് രേഖപ്പെടുത്താത്തവർക്ക് വ്യക്തികളെ നോക്കി വോട്ട് രേഖപ്പെടുത്താം. പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ ട്രംപിന്റേയും മൈക്ക് പെൻസിന്റേയും പേരുകൾ ഒറ്റ കോളത്തിലായതുകൊണ്ട് ഈ കോളത്തിൽ വോട്ട് രേഖപ്പെടുത്തിയാൽ ഇരുവർക്കും ലഭിക്കും. ആദ്യം രേഖപ്പെടുത്തിയിട്ടുളളത് ട്രംപിന്റേയും അടുത്തുളള ഹിലറിയുടേതുമാണ്. പ്രസിഡന്റ് കോളത്തിൽ ട്രംപിന്റെ പേർ ആദ്യമായതിനാൽ ആനുകൂല്യം ലഭിക്കുക ട്രംപിനാണ്.
Comments