മിഷിഗൺ ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ പരമ്പരാഗതമായി ഡമോക്രാറ്റുകളെ പിന്തുണച്ചിരുന്ന സംസ്ഥാനങ്ങളിൽ പിടിമുറുക്കുന്നതിന് ട്രംപ് ക്യാംപെയിൻ തന്ത്രങ്ങൾ മെനയുന്നു. ബ്ലൂ സംസ്ഥാനങ്ങളായി അറിയപ്പെടുന്ന ന്യുമെക്സിക്കൊ, മിഷിഗൺ എന്നിവിടങ്ങളിൽ ട്രംപിന്റെ പ്രചരണാർത്ഥം 25 മില്യൻ ഡോളറിന്റെ പരസ്യം നൽകുന്നതിനാണ് ചൊവ്വാഴ്ച ചേർന്ന ക്യാമ്പയ്ൻ കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. ആരെ പിന്തുണയ്ക്കണമെന്നതിൽ തീരുമാനമാകാതെ ആടി ഉലഞ്ഞു നിൽക്കുന്ന ഫ്ലോറിഡ, ഒഹായൊ സംസ്ഥാനങ്ങളെ ട്രംപിനനുകൂലമായി പിടിച്ചു നിർത്തുന്നതിനുളള ശ്രമങ്ങളും ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. എഫ്ബിഐ ഡയറക്ടറുടെ തീരുമാനം പ്രഖ്യാപിച്ചതോടെ ഇ– മെയിൽ വിവാദത്തിൽ ഹിലറിയുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത് ട്രംപിന് ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്.
സ്ത്രീ വിഷയത്തിൽ ട്രംപിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ വോട്ടാക്കി മാറ്റുന്നതിനുളള ഹിലറിയുടെ തന്ത്രങ്ങൾ ഇ– മെയിൽ വിവാദം കൊഴുത്തതോടെ പാളിപ്പോയി. രാജ്യവ്യാപകമായി നടക്കുന്ന തിരഞ്ഞെടുപ്പ് സർവ്വേകളിൽ ഹിലറിയും ട്രംപും തമ്മിലുളള വ്യത്യാസം കുറഞ്ഞു വരുന്നതായും ചില സർവ്വേകളിൽ ട്രംപിന് ലീഡ് ലഭിച്ചിരിക്കുന്നതായും ചൂണ്ടി കാണിക്കുന്നു. വാഷിംഗ്ടൺ പോസ്റ്റ് നവംബർ 1 ന് പുറത്തുവിട്ട സർവേയിൽ ട്രംപ് ഒരു പോയിന്റ് മുന്നിലെത്തിയതായാണ് വ്യക്തമാക്കുന്നത്. കൊളറാഡൊ സംസ്ഥാനവും ട്രംപിനനുകൂലമായി തിരിയുന്നു എന്ന് വേണം കരുതാൻ. ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി റെമക്ക് പെൻസിന്റെ കറകളഞ്ഞ വ്യക്തിത്വവും പക്വതയും ഭരണ പരിചയവും വോട്ടായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബർണി സാന്റേഴ്സിന് സ്ഥാനാർത്ഥിത്വം ലഭിക്കാതെ പോയതിൽ നിരാശയുളള അനുകൂലികൾ വോട്ടിങ്ങ് ബഹിഷ്കരിക്കുകയോ ട്രംപിന് വോട്ട് രേഖപ്പെടത്തുകയോ ചെയ്താൽ ഹിലാറിയുടെ പ്രതീക്ഷകൾ അസ്ഥാനത്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കു കൂട്ടുന്നത്. ഈ തിരഞ്ഞെടുപ്പിൽ ആർ ജയിക്കുമെന്നതു പ്രവചനാതീതമാണ്.
Comments