വാഷിംഗ്ടൺ ∙ അമേരിക്കയിൽ കൂടുതൽ വിറ്റഴിക്കുന്ന സാംസംങ് വാഷിങ്ങ് മെഷീനുകളിൽ നിർമ്മാണ തകരാർ കണ്ടെത്തിയതിനെ തുടർന്ന് തിരികെ വിളിക്കുന്നതിന് സാംസംങ് കമ്പനിയും യുഎസ് കൺസ്യൂമർ പ്രോഡക്റ്റ് സേഫ്റ്റി കമ്മിഷനും സംയുക്തമായി തീരുമാനിച്ചു. 730 വാഷിംഗ് മെഷീൻ യൂണിറ്റുകൾ ഇതുവരെ പൊട്ടിതെറിക്കുകയോ രണ്ടായി പിളരുകയോ ചെയ്ത് ഒമ്പത് പേർക്കെങ്കിലും മുറിവേല്ക്കുന്നതിനിടയായ തായി ഇന്ന് പുറത്തിറക്കിയ (നവംബർ 4 ന്) പത്രക്കുറിപ്പിൽ പറയുന്നു. ഈ സംഭവങ്ങളെ കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചതായി സിപിഎസ് സി(CPSC) ചെയർമാൻ എലിയട്ട് കെയ് (Elliot Kaye) പറഞ്ഞു. മാർച്ച് 2011 മുതൽ 2016 നവംബർ വരെ വിറ്റഴിച്ച 34 സാംസംങ് ടോപ് ലോഡിങ് മോഡലുകളാണ് തിരികെ വിളിക്കുന്നത്(2.8 മില്യൺ). വാഷിംഗ് മെഷീനുകളിൽ കണ്ടെത്തിയിരിക്കുന്ന തകരാറുകൾ വീടുകളിൽ വെച്ചു തന്നെ റിപ്പയർ ചെയ്യുന്നതിനോ, പുതിയ വാഷിംഗ് മെഷീനുകൾ വാങ്ങുന്നതിനുളള തുക റിഫണ്ട് ചെയ്യുന്നതിനോ കമ്പനി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിക്കണമെന്നാഗ്രഹിക്കുന്നവർ സാംസംങ് ടോൾഫ്രീ 1 866 264 5636 എന്ന നമ്പറിൽ രാവിലെ 8 മുതൽ രാത്രി 10 വരെ വിളിക്കുകയോ www.samsung.com വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Comments