ബുളളാഡ്(ടെക്സസ്)∙ നവംബര് ഒന്നിന് ബുളവാഡിലുളള ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ നിന്ന് അപ്രത്യക്ഷയായ 10 വയസുളള പെൺകുട്ടിയുടെ മൃതദേഹം നവംബർ 5 നു വൈകിട്ട് ഡാലസിൽ നിന്നും നൂറുമൈൽ അകലെയുളള ഒരു വീട്ടിലെ കിണറ്റിൽ നിന്നും കണ്ടെടുത്തതായി ചെറോക്കി കൗണ്ടി ഷെറിഫ് ജെയിംസ് കാമ്പൽ വെളിപ്പെടുത്തി. പള്ളിയിലെ ആരാധന കഴിഞ്ഞു മാതാപിതാക്കളെ കാത്ത് ചർച്ച് ലോബിയിൽ നിൽക്കുകയായിരുന്ന കുട്ടിയെയാണു കാണാതായത്. നവംബർ 5 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ലഭിച്ച സൂചനയാണ് മൃതദേഹം കണ്ടെത്താൻ സഹായിച്ചത്. നൂറുകണക്കിന് വൊളണ്ടിയർമാരാണ് അഞ്ചു ദിവസമായി നടന്ന തിരച്ചിലിൽ പങ്കെടുത്തത്. ആംബർ അലർട്ടും 60,000 ഡോളർ പ്രതിഫലവും സൂചന നൽകുന്നവർക്കായി പ്രഖ്യാപിച്ചിരുന്നു.
സ്മിത്ത് കൗണ്ടി ഷെറിഫ് നടത്തിയ പത്രസമ്മേളനത്തിൽ പളളിയിൽ നിന്നും അപ്രത്യക്ഷമായ 10 വയസുകാരിയുടെ മൃതദേഹം ബുളളാഡിനു സമീപം ഒരു വീടിനടുത്തുളള കിണറ്റിൽ നിന്നും കണ്ടെടുത്തതായും ആ വീട്ടിലെ ഏക താമസക്കാരനായ ഗസ്റ്റാവൊ സവാല ഗാർസിയ എന്ന യുവാവിനെ ഇതു സംബന്ധിച്ചു പിടികൂടി ജാമ്യം നൽകാതെ ജയിലിലടച്ചതായും അറിയിച്ചു. ഈ സംഭവത്തിനുശേഷം ഡാലസിലുളള വിവിധ പളളികളിൽ ആരാധനയ്ക്കു വരുന്ന കുട്ടികളെ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരാധന നടക്കുന്ന സമയം മാതാപിതാക്കളോടൊപ്പം കുട്ടികളെ ഇരുത്തണമെന്നും കുട്ടികളെ പുറത്തേക്ക് വീടുന്നത് അപകടകരമാണെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Comments