വാഷിംഗ്ടണ്‍: ജനുവരി 20ന് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ഡൊണാള്‍ഡ് ട്രമ്പിന് വെനിസ്യൂലിയന്‍ പ്രസിഡന്റ് നിക്കൊളസ് മധുരൊയുടെ (Nicholas Maduro) അപ്രതീക്ഷിത അഭിനന്ദനം. ജനുവരി 16 തിങ്കളാഴ്ചയാണ് വെനിസ്യൂലിയന്‍ പ്രസിഡന്റ് ട്രമ്പ് ഭരണകൂടത്തെ അഭിനന്ദിച്ചുകൊണ്ട് പ്രസ്താവന നടത്തിയത്. ഇരുരാജ്യങ്ങളുമായുള്ള ബന്ധം ട്രമ്പിന്റെ ഭരണത്തില്‍ ശക്തിപ്പെടുമെന്ന നിക്കൊളസ് പ്രത്യാശ പ്രകടിപ്പിച്ചു. ഒബാമയുടെ ഭരണത്തില്‍ പല തവണ തന്നെ അട്ടിമറിക്കുവാന്‍ പദ്ധതികള്‍ തയ്യാറാക്കിയതായി പ്രസിഡന്റ് കുറ്റപ്പെടുത്തി. അധികാരത്തിലെത്തിയ ആദ്യകാല ഘട്ടത്തില്‍ ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ നേതാക്കള്‍ ഒബാമയെ ആവേശത്തോടെ സ്വീകരിച്ചിരുന്നുവെങ്കിലും തുടര്‍ന്ന് സ്വീകരിച്ച അപകടകരമായ പല തീരുമാനങ്ങളും ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളുടെ അപ്രീതിക്കു കാരണമായി. ട്രമ്പിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ നിക്കൊളൊസുമായി ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നുവെങ്കിലും ട്രമ്പിന്റെ ഭരണം ഒബാമയുടേതിനേക്കാള്‍ മെച്ചപ്പെടുമെന്നുതന്നെയാണ് വിശ്വസിക്കുന്നതെന്നും വെനിസ്യൂലിയന്‍ പ്രസിഡന്റ് പറഞ്ഞു. ട്രമ്പിന്റെ ഭരണകാലം ലോകത്തില്‍ പല പ്രധാനപ്പെട്ട മാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിക്കുമെന്നും നിക്കൊളസ് അഭിപ്രായപ്പെട്ടു.
Comments