ജോര്‍ജിയ: ജനുവരി 21, 22 തീയതികളില്‍ ജോര്‍ജിയയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ 12 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ചയും ഞായറാഴ്ചയും സൗത്ത് ഈസ്റ്റ് റീജിയന്‍ ജോര്‍ജിയ സംസ്ഥാനം ഉള്‍പ്പെടെ മരിച്ചവരുടെ സംഖ്യ 16 ആയി. ജോര്‍ജിയ എമര്‍ജന്‍സി മാനേജ്‌മെന്റ് വക്താവ് കാതറിന്‍ ഹൗഡന്‍ അറിയിച്ചതാണിത്. കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുടേയും മറ്റു നാശനഷ്ടങ്ങളുടേയും കണക്കുകള്‍ പൂര്‍ണ്ണമായും ലഭ്യമായിട്ടില്ല. ജോര്‍ജിയ ഗവര്‍ണര്‍ നാഥന്‍ ഡീല്‍ ഏഴ് ജോര്‍ജിയ കൗണ്ടികളില്‍ എമര്‍ജന്‍സിയും ദുരന്ത ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഫെഡറല്‍ ഗവണ്‍മെന്റ് അടിയന്തിര സഹായം നല്‍കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു. നാഷണല്‍ വെതര്‍ സര്‍വീസ് ഞായറാഴ്ച വൈകിട്ടും കൊടുങ്കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊടുങ്കാറ്റിനെ തുടര്‍ന്ന് മിസ്സിസിപ്പിയിലും നാലുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കനത്ത നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മിസ്സിസിപ്പി ഗവര്‍ണര്‍ ഫില്‍ബ്രയാന്റ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments