ഫോര്‍ട്ട്വര്‍ത്ത്: ഫോര്‍ട്ട്വര്‍ത്തിലെ അമ്യൂസ്‌മെന്റ് സെന്ററില്‍ നടന്ന കവര്‍ച്ചാ ശ്രമത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട ജോനാസ് ചെറിയുടെ (28) കൊലയാളിയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് മാതാപിതാക്കളുടെ അഭ്യര്‍ത്ഥന. ഒന്നാം വിവാഹ വാര്‍ഷികത്തിന് ഒരുങ്ങുന്നതിനിടയിലായിരുന്നു കൊലപാതകം. ഏപ്രില്‍ 12 നാണ് ഈ കേസ്സില്‍ രണ്ട് പ്രതികളില്‍ ഒരാളായ പോള്‍ സ്‌റ്റോറിയുടെ വധശിക്ഷ നടപ്പാക്കുവാന്‍ ഉത്തരവായിരിക്കുന്നത്. 'പ്രതിയുടെ വധശിക്ഷ നടപ്പാക്കിയാല്‍ ഞങ്ങളുടെ മകന്റെ ജീവന്‍ തിരിച്ചു കിട്ടുമോ, ഞങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസികവ്യഥ എന്തിനാണ് പ്രതിയുടെ കുടുംബാംഗങ്ങള്‍ കൂടി അനുഭവിക്കുവാന്‍ സാഹചര്യം സൃഷ്ടിക്കുന്നത്' ജോനായുടെ മാതാപിതാക്കളായ ഗ്ലെനും ജൂഡിയും ചോദിക്കുന്നു.
2006 ഒക്‌റ്റോബറില്‍ കവര്‍ച്ച ശ്രമത്തിനിടെ ജോനാ 'തന്റെ ജീവനെങ്കിലു ഒഴിവാക്കണം, എന്തുവേണെങ്കിലും തരാം' എന്ന് കരഞ്ഞപേക്ഷിച്ചിട്ടും, പോള്‍സ്‌റ്റോറി ജോനായുടെ ശിരസ്സിന് നേരെ രണ്ട് തവണ വെടിയുതിര്‍ത്തു. ജോനാ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു വീണു. വധശിക്ഷ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ടന്റെ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി, ടെക്‌സസ് ഗവര്‍ണര്‍, ജില്ലാ ജഡ്ജി എന്നിവര്‍ക്കാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ കേസ്സില്‍ മറ്റൊരു പ്രതിയായ മൈക്ക് പോര്‍ച്ചര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്. 2008 ലായിരുന്നു കോടതി വിധി. മാതാപിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചു വധശിക്ഷ ഒഴിവാക്കണോ എന്ന് കോടതി പിന്നീട് തീരുമാനിക്കും.
Comments