വാഷിങ്ടന്‍ന്: ജൂണ്‍ 25, 26 തീയതികളില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിച്ചേരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിന് ഇന്ത്യന്‍ സമൂഹം ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി യുഎസ്എ ലീഡര്‍ എ. പ്രസാദ് പറഞ്ഞു. വാഷിങ്ടണില്‍ ചിലവഴിക്കുന്ന ദിവസങ്ങളില്‍ ഏതൊക്കെ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കണമെന്നത് ഇതുവരെ അന്തിമമായി തീരുമാനിച്ചിട്ടില്ലെന്ന് പ്രസാദ് വ്യക്തമാക്കി. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, സിലിക്കന്‍വാലി തുടങ്ങിയ സ്ഥലങ്ങളിലുള്ളതിനേക്കാള്‍ ചെറിയൊരു സമൂഹമാണ് വാഷിങ്ടണിലുള്ളത്. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മോദിയുടെ ആരാധകരും പാര്‍ട്ടി അംഗങ്ങളും വാഷിങ്ടനില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് വ്യവസായ പുരോഗതിക്ക് മോദിയും ട്രംപും എന്തെല്ലാം കരാറുകളില്‍ ഒപ്പുവയ്ക്കുമെന്ന് കാത്തിരിക്കുകയാണ്. യുഎസും ഇന്ത്യയും തമ്മില്‍ സുദൃഢബന്ധം സ്ഥാപിക്കുവാന്‍ തന്റെ സന്ദര്‍ശനത്തിനു കഴിയുമെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. യുഎസ് സന്ദര്‍ശനത്തോടൊപ്പം പോര്‍ച്ചുഗല്‍, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളും മോദി സന്ദര്‍ശിക്കുന്നുണ്ട്.
Comments