അഹമ്മദാബാദ് വിമാന ദുരന്തം: ആകെ മരണം 275; യാത്രക്കാര്‍ 241, മറ്റുള്ളവര്‍ 34; സ്ഥിരീകരണവുമായി അധികൃതര്‍

    0

    അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ആകെ 275 പേര്‍ കൊല്ലപ്പെട്ടതായി ഗുജറാത്ത് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. ഇവരില്‍ 241 പേര്‍ വിമാനയാത്രികരായിരുന്നു. 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും സമീപപ്രദേശങ്ങളിലും ഉണ്ടായിരുന്നവരാണ്. എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തതായും ആരോഗ്യവകുപ്പ് അറിയിച്ചു. ആദ്യമായാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. രാജ്യത്തെ നടുക്കിയ ദുരന്തം സംഭവിച്ച് ആഴ്ചകള്‍ പിന്നിട്ടെങ്കിലും മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും വന്നിരുന്നില്ല. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കാതെ യഥാര്‍ഥ സംഖ്യ അറിയാനാകില്ല എന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്.

    120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കണ്ടെത്തിയ മൃതദേഹങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന തുടരുകയാണ്. ഇതുവരെ 260 മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയും ആറെണ്ണം മുഖം കണ്ടുമാണ് തിരിച്ചറിഞ്ഞത്. 256 മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി.

    ജൂണ്‍ 21നാണ് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെ, താഴേക്ക് പതിച്ച് സമീപത്തെ ബി.ജെ മെഡിക്കല്‍ കോളേജ് കെട്ടിട സമുച്ചയത്തിലെ ഹോസ്റ്റലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. യാത്രക്കാരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. അതേസമയം, അപകടകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു വ്യക്തമാക്കി.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version