രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ സർവകലാശാല ചട്ട പ്രകാരം അനുമതിയില്ല; നടപടിക്കെതിരെ സിൻഡിക്കേറ്റും സർക്കാരും

    0

    കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി സർവകലാശാല സിൻഡിക്കേറ്റും, സർക്കാരും. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ സർവകലാശാല ചട്ട പ്രകാരം അനുമതി ഇല്ലെന്നാണ് സിൻഡിക്കേറ്റിൻ്റെയും രജിസ്ട്രാറുടെയും വാദം. ഗവർണറുടെ ശുപാർശയെ തുടർന്നുള്ള നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ തീരുമാനം. ഒപ്പം സിൻഡിക്കേറ്റും സംസ്ഥാന സർക്കാരും വിഷയത്തെ നിയമപരമായി നേരിടാനും സാധ്യതയുണ്ട്. ഇതോടെ ഭാരതാംബ ചിത്ര വിവാദത്തിൽ സർക്കാർ ഗവർണർ പോര് കടുക്കുമെന്ന സൂചനയാണ് ഉള്ളത്.

    അതേസമയം സസ്പെൻഷനിലുള്ള രജിസ്ട്രാർ ഇന്ന് സർവകലാശാല ആസ്ഥാനത്തെത്തും. രജിസ്ട്രാറെ ഭരണഘടന നൽകി സ്വീകരിക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം. എന്നാൽ കേരള സർവകലാശാല വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല ലഭിച്ച ഡോ. സിസാ തോമസ് ആസ്ഥാനത്തേക്ക് എത്താൻ സാധ്യത കുറവാണ്. കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കഴിഞ്ഞദിവസമാണ് കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഷൻഡ് ചെയ്തത്.

    സെനറ്റ് ഹാളിലെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിൽ വിസി രജിസ്ട്രാർക്കെതിരെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. രജിസ്ട്രാർ പ്രൊഫ. കെ. എസ്. അനിൽകുമാറിനെ വിസി മോഹനൻ കുന്നുമ്മലാണ് സസ്പെൻഡ് ചെയ്തത്. ഗവർണർ മുഖ്യാതിഥിയായി എത്തിയ സെനറ്റ് ഹാളിൽ നടന്ന പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാലാ വിസിയോട് രാജ്ഭവന്‍ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത് വിസി ഉത്തരവിന് പിന്നാലെ പുറപ്പെടുവിച്ചത്.

    നടപടിയെ നിയമപരമായി നേരിടുമെന്നാണ് ഉത്തരവിറങ്ങിയതിന് പിന്നാലെ രജിസ്ട്രാർ പ്രൊഫസർ കെ. എസ്. അനിൽകുമാർ പ്രതികരിച്ചത്. പിന്നാലെ രജിസ്ട്രാർക്ക് പിന്തുണയുമായി മന്ത്രി ആർ. ബിന്ദുവും ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും രംഗത്തെത്തിയിരുന്നു. നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് മാർച്ചും നടത്തിയിരുന്നു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസുമായി വാക്കേറ്റമുണ്ടായി. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version