പെരിന്തൽമണ്ണയിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള 38 കാരിയുടെ പരിശോധന ഫലം പോസിറ്റീവ്. ഇതോടെ പാലക്കാട് നാട്ടുക്കൽ കിഴക്കുംപറം മേഖലയിലെ മൂന്ന് കിലോമീറ്റർ പരിധി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു.
തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11, കരിമ്പുഴ 18, 19 വാർഡുകളിൽ വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ ആരോഗ്യവകുപ്പിൻ്റെ നിർദേശപ്രകാരമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല എന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. പ്രദേശത്തെ മൂന്ന് സ്കൂളുകൾ താത്കാലികമായി അടയ്ക്കാൻ നിർദേശം നൽകിയതായി മണ്ണാർക്കാട് എഇഒ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. രോഗി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കഴിഞ്ഞ മാസം ഒന്നാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ മാസം 26-ാം തീയതിയാണ് മണ്ണാര്‍ക്കാടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചത്. പനി മൂര്‍ച്ഛിച്ചതിന് പിന്നാലെ ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകായിരുന്നു. യുവതി നിപ ലക്ഷണങ്ങള്‍ കാണിച്ചതോടെ സ്രവ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധനാ ഫലവും പോസിറ്റീവ് ആവുകയായിരുന്നു.
അതേസമയം കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കും പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞമാസം 18-ാം തീയതിയാണ് മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയെ ചികിത്സയ്ക്ക് എത്തിക്കുന്നത്. അതിന് ശേഷം കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ജൂലൈ ഒന്നാം തീയതിയാണ് 18 കാരി മരിക്കുന്നത്.